കരുതല്‍ ശേഖരത്തിലുള്ള എണ്ണ റിലീസ് ചെയ്യുന്നത് മാര്‍ക്കറ്റില്‍ കൃത്രിമം കാണിക്കാനുള്ള ശ്രമം; യു.എസിന്റെ പേരെടുത്ത് പറയാതെ വിമര്‍ശിച്ച് സൗദി മന്ത്രി
World News
കരുതല്‍ ശേഖരത്തിലുള്ള എണ്ണ റിലീസ് ചെയ്യുന്നത് മാര്‍ക്കറ്റില്‍ കൃത്രിമം കാണിക്കാനുള്ള ശ്രമം; യു.എസിന്റെ പേരെടുത്ത് പറയാതെ വിമര്‍ശിച്ച് സൗദി മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th October 2022, 3:55 pm

റിയാദ്: അമേരിക്കക്കെതിരെ വിമര്‍ശനവുമായി സൗദി അറേബ്യയുടെ ഊര്‍ജവകുപ്പ് മന്ത്രി അബ്ദുലസീസ് ബിന്‍ സല്‍മാന്‍. കരുതല്‍ ശേഖരത്തിലുള്ള എണ്ണ റിലീസ് ചെയ്യുന്നതില്‍ യു.എസിന്റെ പേരെടുത്ത് പറയാതെയായിരുന്നു വിമര്‍ശനം.

പ്രതിദിന എണ്ണ ഉത്പാദനം വെട്ടിക്കുറക്കാന്‍ സൗദിയുടെ നേതൃത്വത്തിലുള്ള ഒപെക് രാജ്യങ്ങള്‍ തീരുമാനിച്ചത് യു.എസിന്റെ ചൊടിപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് സൗദി മന്ത്രിയുടെ പ്രതികരണം.

അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കേണ്ട എണ്ണ സ്റ്റോക്കുകള്‍ റിലീസ് ചെയ്യുന്നത് വിപണിയില്‍ കൃത്രിമം കാണിക്കാനുള്ള ശ്രമമാണ് എന്നാണ് സൗദി ഊര്‍ജ മന്ത്രി പ്രതികരിച്ചത്.

”ആളുകള്‍ അവരുടെ എമര്‍ജന്‍സി സ്റ്റോക്കുകള്‍ തീര്‍ക്കുകയാണ്. വിപണിയില്‍ കൃത്രിമം കാണിക്കുന്നതിനുള്ള ഒരു സംവിധാനമായി ഇതിനെ ഉപയോഗിക്കുകയാണ്.

എന്നാല്‍ എണ്ണ വിതരണത്തിലുണ്ടായ കുറവ് പരിഹരിക്കുക എന്നതാണ് ഇതിന്റെ യഥാര്‍ത്ഥ ലക്ഷ്യം.

എന്നാല്‍ എണ്ണയുടെ എമര്‍ജന്‍സി സ്റ്റോക്ക് നഷ്ടപ്പെടുന്നത് വരും മാസങ്ങളില്‍ നമുക്ക് വേദനാജനകമായാ മാറുമെന്ന കാര്യം നിങ്ങളോട് വ്യക്തമാക്കേണ്ടത് എന്റെ കടമയാണ്,” ചൊവ്വാഴ്ച സൗദി തലസ്ഥാനമായ റിയാദില്‍ വെച്ച് നടന്ന നിക്ഷേപക സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് അബ്ദുലസീസ് ബിന്‍ സല്‍മാന്‍ പറഞ്ഞു.

ഓയില്‍ എമര്‍ജന്‍സി സ്റ്റോക്കുകളെ കുറിച്ചുള്ള തന്റെ പ്രസ്താവനകളില്‍ അബ്ദുലസീസ് ബിന്‍ സല്‍മാന്‍ അമേരിക്കയുടെ പേര് പരാമര്‍ശിച്ചിരുന്നില്ല.

എന്നാല്‍ യു.എസ് തങ്ങളുടെ എണ്ണ കരുതല്‍ ശേഖരത്തിന്റെ അവസാന 15 മില്യണ്‍ ബാരലുകള്‍ വിപണിയിലേക്ക് എത്തിക്കുന്നതായി പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ സൗദി മന്ത്രിയുടെ വിമര്‍ശനം യു.എസിനെ ലക്ഷ്യം വെച്ചുള്ളതാണെന്നും വ്യക്തമാണ്.

ഈ വരുന്ന നവംബര്‍ മാസം മുതല്‍ പ്രതിദിന എണ്ണ ഉല്‍പാദനം രണ്ട് ദശലക്ഷം ബാരലായി വെട്ടികുറക്കാനുള്ള, റഷ്യയുമായി സഹകരിച്ച് സൗദിയുടെ നേതൃത്വത്തിലുള്ള ഒപെക് ഓയില്‍ കാര്‍ട്ടലിന്റെ തീരുമാനത്തെ നേരിടുന്നതിന് വേണ്ടി കൂടിയാണിത്.

റഷ്യയെ സഹായിക്കാന്‍ വേണ്ടിയാണ് സൗദിയുടെ ഈ നീക്കം എന്നായിരുന്നു വൈറ്റ് ഹൗസിന്റെ ഇതിനെതിരായ വിമര്‍ശനം.

Content Highlight:Saudi Arabia energy minister slams oil reserve release of America without naming them