| Friday, 31st July 2020, 8:49 am

ഒടുവില്‍ സ്വപ്‌നം ഉപേക്ഷിച്ച് സൗദി; ന്യൂകാസ്റ്റില്‍ യുണൈറ്റഡ് ഫുട്‌ബോള്‍ ക്ലബ് ഏറ്റെടുക്കുന്നില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ ന്യൂകാസ്റ്റില്‍ യുണൈറ്റഡിന്റെ 80 ശതമാനം ഓഹരി സ്വന്തമാക്കാനുള്ള നീക്കത്തില്‍ നിന്നും പിന്‍മാറി സൗദി അറേബ്യ.

‘ ന്യൂകാസ്റ്റില്‍ യുണൈറ്റഡ് കമ്മ്യൂണിറ്റിയോടുള്ള ആഴത്തിലുള്ള വിലമതിപ്പോടും അതിന്റെ ഫുട്‌ബോള്‍ ക്ലബിന്റെ പ്രാധാന്യത്തെയും അംഗീകരിച്ചുകൊണ്ടു തന്നെ ഞങ്ങള്‍ ന്യൂകാസ്റ്റില്‍ യുണൈറ്റേഡ് ഫുട്‌ബോള്‍ ക്ലബ് സ്വന്തമാക്കാനുള്ള താല്‍പര്യം പിന്‍വലിക്കുന്നു,’ സൗദിയുടെ നിക്ഷേപ ഫണ്ടായ പി.ഐ.എഫ് ഇറക്കിയ പ്രസ്താവനയില്‍ പറയുൂന്നു.

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അധ്യക്ഷതയില്‍ പ്രവര്‍ത്തിക്കുന്ന പി.ഐ.എഫ് 300 മില്യണ്‍ -ഡോളറിന് ന്യൂകാസ്റ്റില്‍ യുണൈറ്റഡിന്റെ 80 ശതമാനം ഓഹരി സ്വന്തമാക്കാനുള്ള നീക്കം ഏപ്രില്‍ മാസം മുതല്‍ തുടങ്ങിയിരുന്നു. ഉടമസ്ഥാവകാശ ഗ്രൂപ്പുകളുടെ അനുയോജ്യത വിലയിരുത്തുന്നതിന്റെ ഭാഗമായി പ്രീമിയര്‍ ലീഗ് പരിശോധന നടത്തി വരികയായിരുന്നു.

ബ്രിട്ടീഷ് ബിസിനസ്മാന്‍ മൈക് ആഷ്‌ലിയില്‍ നിന്നും 390 മില്യണിന് ക്ലബിന്റെ 80 ശതമാനം ഓഹരി സൗദിയുടെ പി.ഐ.എഫും ബാക്കി ഓഹരി പി.സിപി കാപിറ്റല്‍ പാര്‍ട്ടേണ്‍സും റൂബന്‍ ബ്രദേഴ്‌ലും വാങ്ങാനായിരുന്നു പദ്ധതി.

എന്നാല്‍ സൗദിയില്‍ നടക്കുന്ന മനുഷ്യാവാശ ലംഘനങ്ങളെ ചൂണ്ടിക്കാണിച്ച് ഈ നീക്കത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ വധുവായിരുന്ന ഹാറ്റിസ് സെന്‍ഗിസും ഇതിനെതിരെ രംഗത്തു വന്നിരുന്നു.

‘ ന്യൂ കാസ്റ്റില്‍ യുണൈറ്റഡ് ആരാധകര്‍ ഒരിക്കലും ക്രൂരമായ അടിച്ചമര്‍ത്തലുകളുടെ ശില്‍പിയായ ഒരാള്‍ അവരുടെ ക്ലബ് പ്രവര്‍ത്തിപ്പിക്കാന്‍ ആഗ്രഹിക്കില്ലെന്നതില്‍ എനിക്കൊരു സംശയവുമില്ല,’ ഗാര്‍ഡിയനു നല്‍കിയ ലേഖനത്തില്‍ ഹാറ്റിസ് സെന്‍ഗിസ് പറഞ്ഞു.

ഇതിനു പുറമെ സൗദിയിലെ സ്‌പോര്‍ട്‌സ് ചാനലായ beouQ അനധികൃതമായി പശ്ചിമേഷ്യയിലെ പ്രധാന സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്ക് ചാനലായ beIN സ്‌പോര്‍ട്‌സിലെ കണ്ടന്റുകള്‍ എടുക്കുന്നു എന്ന് വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ഖത്തറിന്റെ beIN sports പ്രീമിയര്‍ ലീഗിന്റെ പശ്ചിമേഷ്യയിലെയും നോര്‍ത്ത് ആഫ്രിക്കയിലെയും പ്രധാന ബ്രോഡ്കാസ്റ്റിംഗ് പങ്കാളിയാണ്. നേരത്തെ ഈ ചാനല്‍ നെറ്റ്‌വര്‍ക്കിനുള്ള ലൈസന്‍സ് പൂര്‍ണമായും സൗദി വിലക്കിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more