റിയാദ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ ന്യൂകാസ്റ്റില്‍ യുണൈറ്റഡിന്റെ 80 ശതമാനം ഓഹരി സ്വന്തമാക്കാനുള്ള നീക്കത്തില്‍ നിന്നും പിന്‍മാറി സൗദി അറേബ്യ.
‘ ന്യൂകാസ്റ്റില്‍ യുണൈറ്റഡ് കമ്മ്യൂണിറ്റിയോടുള്ള ആഴത്തിലുള്ള വിലമതിപ്പോടും അതിന്റെ ഫുട്‌ബോള്‍ ക്ലബിന്റെ പ്രാധാന്യത്തെയും അംഗീകരിച്ചുകൊണ്ടു തന്നെ ഞങ്ങള്‍ ന്യൂകാസ്റ്റില്‍ യുണൈറ്റേഡ് ഫുട്‌ബോള്‍ ക്ലബ് സ്വന്തമാക്കാനുള്ള താല്‍പര്യം പിന്‍വലിക്കുന്നു,’ സൗദിയുടെ നിക്ഷേപ ഫണ്ടായ പി.ഐ.എഫ് ഇറക്കിയ പ്രസ്താവനയില്‍ പറയുൂന്നു.
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അധ്യക്ഷതയില്‍ പ്രവര്‍ത്തിക്കുന്ന പി.ഐ.എഫ് 300 മില്യണ്‍ -ഡോളറിന് ന്യൂകാസ്റ്റില്‍ യുണൈറ്റഡിന്റെ 80 ശതമാനം ഓഹരി സ്വന്തമാക്കാനുള്ള നീക്കം ഏപ്രില്‍ മാസം മുതല്‍ തുടങ്ങിയിരുന്നു. ഉടമസ്ഥാവകാശ ഗ്രൂപ്പുകളുടെ അനുയോജ്യത വിലയിരുത്തുന്നതിന്റെ ഭാഗമായി പ്രീമിയര്‍ ലീഗ് പരിശോധന നടത്തി വരികയായിരുന്നു.
ബ്രിട്ടീഷ് ബിസിനസ്മാന്‍ മൈക് ആഷ്‌ലിയില്‍ നിന്നും 390 മില്യണിന് ക്ലബിന്റെ 80 ശതമാനം ഓഹരി സൗദിയുടെ പി.ഐ.എഫും ബാക്കി ഓഹരി പി.സിപി കാപിറ്റല്‍ പാര്‍ട്ടേണ്‍സും റൂബന്‍ ബ്രദേഴ്‌ലും വാങ്ങാനായിരുന്നു പദ്ധതി.
എന്നാല്‍ സൗദിയില്‍ നടക്കുന്ന മനുഷ്യാവാശ ലംഘനങ്ങളെ ചൂണ്ടിക്കാണിച്ച് ഈ നീക്കത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ വധുവായിരുന്ന ഹാറ്റിസ് സെന്‍ഗിസും ഇതിനെതിരെ രംഗത്തു വന്നിരുന്നു.