ഗസക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നവർക്ക് മക്കയിലും മദീനയിലും വിലക്ക്; കഫിയ ധരിച്ചതിന് സൗദി അറേബ്യയിൽ തടങ്കൽ
World News
ഗസക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നവർക്ക് മക്കയിലും മദീനയിലും വിലക്ക്; കഫിയ ധരിച്ചതിന് സൗദി അറേബ്യയിൽ തടങ്കൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th November 2023, 5:44 pm

റിയാദ്: മക്കയിലും മദീനയിലും ഫലസ്തീന് വേണ്ടി പ്രാർത്ഥിക്കുകയും ഗസക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്ന തീർത്ഥാടകരെ സൗദി അറേബ്യ തടങ്കലിലാക്കുന്നതായി റിപ്പോർട്ടുകൾ.

കുടുംബത്തോടൊപ്പം മക്കയിൽ തീർത്ഥാടനത്തിനെത്തിയ ബ്രിട്ടീഷ് നടൻ അബ്ദുറഹ്മാൻ ഫലസ്തീനിലെ പരമ്പരാഗത വേഷമായ കഫിയ ധരിച്ചതിന് സൈനികർ തടഞ്ഞുവെച്ചിരുന്നു.

‘തലയിൽ വെളുത്ത കഫിയയും കൈയിൽ ഫലസ്തീനിയൻ നിറങ്ങളിലുള്ള തസ്ബീഹും (മന്ത്രങ്ങൾ ഉരുവിടുമ്പോൾ എണ്ണം നോക്കാൻ കൈയിൽ പിടിക്കുന്ന മാല) ധരിച്ചതിന് നാല് സൈനികർ എന്നെ തടഞ്ഞു.

കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടു എന്ന് സംശയിക്കുന്ന ആളുകളെ പാർപ്പിക്കുന്ന ഒരു സ്ഥലത്തേക്ക് അവരെന്നെ കൊണ്ടുപോയി. തടങ്കലിലായ ശേഷം, വേറെയും ചില സൈനികർ ചേർന്ന് ഞാൻ ഏത് രാജ്യത്ത് നിന്നാണ്, എന്തിനാണ് ഇവിടെ വന്നത്, എവിടെ നിന്നാണ് വന്നത്, എത്ര കാലത്തേക്കാണ് ഞാൻ ഇങ്ങോട്ട് വന്നത് എന്നൊക്കെ എന്നോട് ചോദിച്ചു,’ അബ്ദുറഹ്മാൻ പറഞ്ഞു.

എങ്ങനെയാണ് അദ്ദേഹം കഫിയ ധരിച്ചത് എന്ന് ഒന്നുകൂടെ ചെയ്ത് കാണിക്കാനും സൈനികർ ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. തന്റെ കഫിയ തന്നെയായിരുന്നു അവരുടെ വിഷയമെന്നും അറബിയിൽ തമ്മിൽ സംസാരിക്കുന്നതിനിടയിൽ ഫലസ്തീനിയൻ കഫിയ എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നുണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

മോചിപ്പിക്കാൻ നേരം കഫിയ വാങ്ങിവെച്ചുവെന്നും ഇസ്രഈൽ – ഫലസ്തീൻ നല്ലതല്ല, ഇത് ധരിക്കരുതെന്നും സൈനികർ പറഞ്ഞതായും അബ്ദുറഹ്മാൻ പറയുന്നു.

തനിക്കുണ്ടായ അനുഭവം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതിന് പിന്നാലെ സൗദി അറേബ്യൻ പൗരന്മാരിൽ നിന്ന് തനിക്ക് വിദ്വേഷ സന്ദേശങ്ങൾ ലഭിക്കുന്നതായി അദ്ദേഹം പറഞ്ഞു. ആരാധനാകേന്ദ്രങ്ങളിൽ പതാകകളും ചിഹ്നങ്ങളും പ്രദർശിപ്പിക്കാൻ പാടില്ല എന്നാണ് ഇൻസ്റ്റഗ്രാം കമന്റുകൾ.

എന്നാൽ മക്കയെ മോശമായി ചിത്രീകരിക്കുകയല്ല തന്റെ ഉദ്ദേശമെന്നും ഫലസ്തീനികൾക്ക് അവരുടെ ശബ്ദം ഉയർത്താൻ യാതൊരു മാർഗവുമില്ല എന്ന് കാണിക്കുക മാത്രമായിരുന്നുവെന്നും അബ്ദുറഹ്മാൻ പറഞ്ഞു.

നവംബർ 10ന് സൗദി അറേബ്യ ഗ്രാൻഡ് മോസ്‌ക് മതകാര്യ മേധാവി അബ്ദുൽ റഹ്മാൻ അൽ സുദൈസ് ഗസയിൽ നടക്കുന്ന കാര്യങ്ങളിൽ ഇടപെടരുതെന്ന് പറഞ്ഞിരുന്നു. ഫലസ്തീനിലുള്ള തങ്ങളുടെ സഹോദരങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുകയല്ലാതെ എന്ത് ചെയ്യാനാകുമെന്നായിരുന്നു അദ്ദേഹം ചോദിച്ചത്.

Content Highlight: Saudi Arabia detains worshippers praying for Gaza in holy sites