റിയാദ്: 9000 പ്രവാസികളെ നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി നാടുകടത്തി സൗദി അറേബ്യ. കഴിഞ്ഞ ആഴ്ചയില്‍ മാത്രമായി നാടുകടത്തപ്പെട്ടവരുടെ എണ്ണമാണിത്.
അതിര്‍ത്തി സുരക്ഷാ നിയമം ലംഘിക്കുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് നാടുകടത്തല്‍ നടപടി.
താമസം, തൊഴില്‍, അതിര്‍ത്തി സംബന്ധമായ നിയമലംഘനങ്ങള്‍ നടത്തിയെന്ന് കാണിച്ചാണ് നടപടി. നിയമലംഘനങ്ങള്‍ നടത്തിയവരെ കണ്ടെത്തുന്നതിനായി സൗദി ആഭ്യന്തര മന്ത്രാലയം രാജ്യത്തുടനീളമായി പരിശോധന നടത്തുകയാണ്.
20,159 നിയമലംഘനങ്ങള്‍ ഇതുവരെ സൗദിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 26,411 പുരുഷന്മാരും 2,619 സ്ത്രീകളുമാണ് നിയമലംഘനം നടത്തിയത്.
ഇതില്‍ 11,302 പേരാണ് താമസ നിയമം ലംഘിച്ചത്. 5,652 പേര്‍ അതിര്‍ത്തി സുരക്ഷാ നിയമവും 3,205 പേര്‍ തൊഴില്‍ നിയമവും ലംഘിച്ചു.
നിയമവിരുദ്ധമായി അതിര്‍ത്തി കടന്ന 1,861 പേരെയാണ് സൗദി അറസ്റ്റ് ചെയ്തത്. അതിര്‍ത്തി അനധികൃതമായി കടന്നവരില്‍ 65 ശതമാനവും എത്യോപ്യന്‍ പൗരന്മാരാണ്.
33 ശതമാനം യെമനികളും രണ്ട് ശതമാനം മറ്റ് രാജ്യക്കാരും സൗദിയിലേക്ക് നിയമവിരുദ്ധമായി കുടിയേറിയിരുന്നു. ഇതിനുപുറമെ അതിര്‍ത്തിയിലൂടെ രക്ഷപ്പെടാന്‍ ശ്രമിച്ച 112 പേര്‍ അറസ്റ്റിലാകുകയും ചെയ്തു.
നിയമലംഘനം നടത്തിയവരെ അതിര്‍ത്തി കടക്കാന്‍ സാധിച്ച 17 പേരെയും സുരക്ഷാ സേന അറസ്റ്റ് ചെയ്തതായാണ് വിവരം. ഒരു മില്യണ്‍ സൗദി റിയാല്‍ വരെ പിഴ ലഭിക്കുന്ന കുറ്റകൃത്യം കൂടിയാണ് അനധികൃതമായ അതിര്‍ത്തി കടക്കല്‍.
ഏകദേശം 20,337 പേരെ നിയമം ലംഘിച്ചതിന് സൗദി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തുടര്‍നടപടികളുടെ ഭാഗമായി കസ്റ്റഡിയില്‍ കഴിയുന്നവരോട് എംബസി, കോണ്‍സുലേറ്റ് എന്നിവയുമായി ബന്ധപ്പെടണമെന്നും സൗദി അറിയിച്ചിരുന്നു.
ഇതിനെ തുടര്‍ന്നാണ് 9,461 പേരെ സൗദി നാടുകടത്തിയത്. വരുന്ന ദിവസങ്ങളില്‍ 3,425 ആളുകളെ കൂടി നാടുകടത്തും.
നിലവില്‍ മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 911 എന്ന നമ്പറിലോ മറ്റ് കേന്ദ്രങ്ങളിലെ 999, 996 എന്ന നമ്പറിലോ ബന്ധപ്പെട്ട് നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് സൗദി പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlight: Saudi Arabia deports over 9,000 expats in one week