റിയാദ്: ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള ബാനര്‍ പ്രദര്‍ശിപ്പിക്കാനുള്ള തുര്‍ക്കി ടീമുകളുടെ അഭ്യര്‍ത്ഥന നിരസിച്ച് സൗദി അറേബ്യ.
റിയാദില്‍ നടക്കുന്ന ഫുട്‌ബോള്‍ മത്സരത്തിനിടെയാണ് ഗസയിലെ യുദ്ധത്തെ വിമര്‍ശിക്കുന്ന ബാനര്‍ പ്രദര്‍ശിപ്പിക്കാനും ടര്‍ക്കിഷ് നേതാവായ മുസ്തഫ കെമാല്‍ അതാതുര്‍ക്കിന്റെ ചിത്രങ്ങളുള്ള ടീ-ഷര്‍ട്ടുകള്‍ ധരിക്കാനുമുള്ള രണ്ട് തുര്‍ക്കി ഫുട്‌ബോള്‍ ടീമുകളുടെ നിര്‍ദേശം സൗദി അറേബ്യന്‍ അധികൃതര്‍ നിരസിച്ചത്. ഇതിന് പിന്നാലെ പ്രതിഷേധ സൂചകമായി തുര്‍ക്കി ടീമംഗങ്ങള്‍ മത്സരത്തില്‍ നിന്ന് പിന്മാറുകയും ചെയ്തു. തുര്‍ക്കിയുടെ പിന്മാറ്റത്തെ തുടര്‍ന്ന് മത്സരം റദ്ദാക്കുകയായിരുന്നു.
വെള്ളിയാഴ്ച വൈകീട്ടായിരുന്നു ടര്‍ക്കിഷ് സൂപ്പര്‍ കപ്പ് മത്സരങ്ങള്‍ നടക്കേണ്ടിയിരുന്നത്. ഗലാറ്റാസറെയും ഫെനര്‍ബാഷെയും തമ്മിലായിരുന്നു മത്സരം. റിയാദിലെ സ്റ്റേഡിയമായിരുന്നു വേദി.
ആധുനിക തുര്‍ക്കി രാഷ്ട്രത്തിന്റെ സ്ഥാപകനായ അതാതുര്‍ക്കിന്റെ പ്രസിദ്ധമായ ഉദ്ധരണിയായ ‘Peace at home, peace in the world,’ എന്ന ബാനറുമായി ഗ്രൗണ്ടിലേക്ക് പ്രവേശിക്കാനായിരുന്നു തുര്‍ക്കി ടീമംഗങ്ങളുടെ തീരുമാനമെന്ന് തുര്‍ക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇസ്രഈലിന്റെ വംശഹത്യയ്ക്ക് ഇരകളായിക്കൊണ്ടിരിക്കുന്ന ഫലസ്തീനിലെ ജനതയോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ഈ ബാനര്‍ ഉയര്‍ത്താന്‍ തുര്‍ക്കി ആലോചിച്ചിരുന്നത്.
ടര്‍ക്കിഷ് റിപ്പബ്ലിക്കിന്റെ 100ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണത്തിന്റെ ഭാഗമായി അതാതുര്‍ക്കിന്റെ ടീ-ഷര്‍ട്ടുകള്‍ ധരിക്കാനും അദ്ദേഹത്തിന്റെ പോസ്റ്ററുകള്‍ ഉയര്‍ത്താനും തുര്‍ക്കി ഫുട്‌ബോള്‍ ക്ലബ്ബുകള്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ തുര്‍ക്കി ടീമിന്റെ ഈ ആവശ്യം സൗദി അധികൃതര്‍ നിരസിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
തുടര്‍ന്ന് തുര്‍ക്കി ഫുട്‌ബോള്‍ ഫെഡറേഷനും ക്ലബ്ബുകളുടെ പ്രസിഡന്റുമാരും അധികൃതരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും തീരുമാനമായില്ല.
ഇതിന് പിന്നാലെ മത്സരത്തില്‍ നിന്ന് പിന്മാറുന്നതായി തുര്‍ക്കി അറിയിച്ചു. തുടര്‍ന്ന് മത്സരം റദ്ദാക്കിയതായി അധികൃതര്‍ പ്രഖ്യാപിക്കുകയായിരുന്നു. ഇന്നലെ രാത്രിയോടെ തന്നെ ടീമംഗങ്ങള്‍ റിയാദില്‍ നിന്ന് തുര്‍ക്കിയിലേക്ക് മടങ്ങിയതായി ടര്‍ക്കിഷ് സ്പോര്‍ട്സ് ജേണലിസ്റ്റ് ഒനൂര്‍ തുഗ്രുള്‍ റിപ്പോര്‍ട്ട് ചെയ്തു.
മത്സരത്തിന് അല്‍പം മുന്‍പായിട്ടാണ് തങ്ങളുടെ ആവശ്യം തുര്‍ക്കി ക്ലബ്ബുകള്‍ അധികൃതരെ അറിയിച്ചതെന്നും മുന്‍കൂട്ടി ആസൂത്രണം ചെയ്ത പ്രകാരമായിരുന്നില്ല ഇതെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധ സ്വഭാവത്തിലുള്ള ഒരു പോര്‍ട്രെയ്റ്റുകളും പെയിന്റിങ്ങുകളും സ്റ്റേഡിയത്തില്‍ ഉണ്ടാകാന്‍ പാടില്ലെന്നാണ് സൗദി അറിയിച്ചതെന്നും അതുകൊണ്ട് തന്നെ തുര്‍ക്കി ക്ലബ്ബുകളുടെ ടീ ഷര്‍ട്ടും ബാനറും അവര്‍ അനുവദിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫലസ്തീന്‍ വിഷയത്തില്‍ പക്ഷം പിടിക്കാന്‍ സൗദി ആഗ്രഹിക്കുന്നില്ലെന്നാണ് ഇതിലൂടെ മനസിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതികരണത്തിനായി സമീപിച്ചെങ്കിലും വിഷയത്തില്‍ സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ വിശദീകരണം നല്‍കിയിട്ടില്ലെന്ന് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ മാസം മക്കയിലെയും മദീനയിലെയും പുണ്യസ്ഥലങ്ങളില്‍ ഗസയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ഫലസ്തീനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്ത വിശ്വാസികളെ സൗദി അറേബ്യ തടവിലാക്കിയിരുന്നു.
മക്കയില്‍ കുടുംബത്തോടൊപ്പം പ്രാര്‍ത്ഥനയ്‌ക്കെത്തിയ ഫലസ്തീനിയും ബ്രിട്ടീഷ് നടനും അവതാരകനുമായ ഇസ്‌ലാഹ് അബ്ദുറഹ്‌മാനെ കഫിയ ധരിച്ചതിന്റെ പേരില്‍ അധികൃതര്‍ തടഞ്ഞുവെച്ചിരുന്നു.
‘തലയില്‍ വെളുത്ത കഫിയയും കൈയില്‍ ഫലസ്തീന്‍ നിറത്തിലുള്ള തസ്ബീഹും ധരിച്ചതിന് നാല് സൈനികര്‍ എന്നെ തടഞ്ഞു,’ എന്ന് ഇസ്‌ലാഹ് അബ്ദുറഹ്‌മാന്‍ അന്ന് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
ഇതിന് പിന്നാലെ ജിദ്ദയില്‍ നടന്ന റെഡ് സീ ഫിലിം ഫെസ്റ്റിവലില്‍ ഫലസ്തീന്‍ കഫിയകള്‍ ധരിച്ചെത്തുന്നവര്‍ക്കെതിരെ സൗദി അധികൃതര്‍ വ്യാപകമായ നടപടി സ്വീകരിച്ചതായി ചലച്ചിത്ര പ്രവര്‍ത്തകരും പരാതിപ്പെട്ടിരുന്നു.
Content Highlight: Saudi Arabia ‘denied Turkish teams flying banner said to be about Gaza’