| Saturday, 28th March 2015, 10:26 pm

സ്വീഡനുമായി സൗദി നയതന്ത്ര ബന്ധം പുനസ്ഥാപിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: സ്വീഡനുമായുള്ള നയതന്ത്ര പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സൗദി തയ്യാറാവുന്നു. ഇതിന്റെ ഭാഗമായി സ്വീഡനില്‍ നിന്നും തിരിച്ച് വിളിച്ച അംബാസഡറെ സൗദി വീണ്ടും സ്റ്റോക്‌ഹോമിലേക്ക് അയച്ചേക്കും. സൗദി വാര്‍ത്ത മാധ്യമമായ അല്‍ അറബിയ ടെലിവിഷനാണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. അതേ സമയം ഇത്തരമൊരു വാര്‍ത്തയെ കുറിച്ച് ഔദ്യോഗികമായ സ്ഥിരീകരണം വന്നിട്ടില്ല.

സ്വീഡന്റെ ഭാഗത്ത് നിന്നും വാര്‍ത്തയെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. സൗദിയുടെ ജുഡീഷ്യല്‍ വ്യവസ്ഥയെ വിമര്‍ശിച്ച് കൊണ്ട് സ്വീഡിഷ് വിദേശകാര്യ മന്ത്രി മാര്‍ഗറ്റ് വാള്‍സ്‌ട്രോം രംഗത്ത് എത്തിയത് മുതലാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നയതന്ത്ര പ്രശ്‌നം ഉടലെടുത്തിരുന്നത്.

കഴിഞ്ഞ ജനുവരിയിലായിരുന്നു വാള്‍സ്‌ട്രോം സൗദിയുടെ നിയമ വ്യവസ്ഥയെ വിമര്‍ശിച്ച് കൊണ്ട് ട്വീറ്റ് ചെയ്തിരുന്നത്. സൗദി ബ്ലോഗറായ റെയ്ഫ് ബദാവിക്കെതിരായ മതനിന്ദാ കേസിലുള്ള ശിക്ഷാ നടപടിയെയായിരുന്നു മാര്‍ഗറ്റ് വാള്‍ സ്‌ട്രോം വിമര്‍ശിച്ചിരുന്നത്. ഇത് കൂടാതെ സൗദിയില്‍ സ്ത്രീകള്‍ക്ക് വാഹനമോടിക്കുന്നതിനുള്ള വിലക്കിനെയും സ്‌ട്രോം വിമര്‍ശിച്ചിരുന്നു.

ഇതിനെ തുടര്‍ന്ന് സ്വീഡനിലെ അംബാസഡറെ സൗദി തിരിച്ച് വിളിച്ചിരുന്നു. ഇതിന് പിന്നാലെ സ്വീഡിഷ് പൗരന്‍മാര്‍ക്ക് വിസ അനുവദിക്കാനും സൗദി വിസമ്മതിച്ചിരുന്നു.നയതന്ത്ര പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള സാമ്പത്തിക, പ്രതിരോധ ഇടപാടുകളും അനിശ്ചിതാവസ്ഥയിലായിരുന്നു.

സൗദി അറേബ്യയുമായുമായുള്ള നയതന്ത്ര പ്രശ്‌നങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് കൊണ്ട് സ്വീഡിഷ് രാജാവായ കാള്‍ ഗുസ്താവ് കഴിഞ്ഞയാഴ്ച രംഗത്ത് എത്തിയിരുന്നു. പ്രശ്‌ന പരിഹാരത്തിന് നടപടിയെടുക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more