| Wednesday, 16th March 2022, 7:54 am

ഡോളറില്‍ നിന്ന് മാറിച്ചിന്തിക്കാന്‍ സൗദി; എണ്ണവില്‍പനയില്‍ ചൈനീസ് കറന്‍സിയായ യുവാന്‍ സ്വീകരിക്കാന്‍ നീക്കം 

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: സൗദി അറേബ്യ എണ്ണ വില്‍പനയില്‍ ചൈനീസ് കറന്‍സിയായ യുവാന്‍ സ്വീകരിക്കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്.

അമേരിക്കന്‍ ഡോളറിന് പകരം യുവാനിലും വില്‍പന നടത്തുന്നത് സംബന്ധിച്ച് സൗദിയും ചൈനയും തമ്മില്‍ ചര്‍ച്ചകള്‍ നടത്തുന്നതായാണ് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തത്. സൗദിക്ക് പുറമെ മറ്റ് ചില ഗള്‍ഫ് രാജ്യങ്ങളുമായുള്ള എണ്ണ ഇടപാടിലും യുവാന്‍ കൊണ്ടുവരാന്‍ ആലോചന നടക്കുന്നുണ്ട്.

2016 മുതല്‍ ഇത് സംബന്ധിച്ച ആലോചനകള്‍ ചൈനക്കും സൗദിക്കുമിടയില്‍ നടന്നുവരികയായിരുന്നു.
അമേരിക്കക്കെതിരായ സൗദിയുടെ ശക്തമായ നിലപാട് കൂടിയായാണ് നിലവിലെ നീക്കം വിലയിരുത്തപ്പെടുന്നത്.
അമേരിക്കയുമായുള്ള സൗദിയുടെ ബന്ധത്തിന്റെ ശക്തി കുറയുന്നതിന്റെ സൂചനയായിക്കൂടിയാണ് ഡോളര്‍ ഇടപാടുകളില്‍ നിന്നും മാറി ചിന്തിക്കാനുള്ള സൗദിയുടെ നീക്കത്തെ കാണുന്നത്.

സൗദിയുടെ സുരക്ഷയുടെ കാര്യത്തില്‍ യു.എസിന്റെ ഇടപെടലുകള്‍ ഗള്‍ഫ് രാജ്യത്തിന് അതൃപ്തിയുണ്ടാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യെമനില്‍ ഹൂതി വിമതര്‍ക്കെതിരായ സൗദിയുടെ നീക്കങ്ങളെ യു.എസ് പിന്തുണക്കുന്നില്ല എന്നതും ഇറാന്‍ ആണവക്കരാറുകള്‍ പുതുക്കുന്നതിന് യു.എസ് മുന്‍കൈ എടുക്കുന്നതും സൗദി അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളെ ഈയിടെ ചൊടിപ്പിച്ച വിഷയങ്ങളായിരുന്നു.

ഉക്രൈന്‍ വിഷയത്തിലെ യു.എസിന്റെ നിലപാടുകളും റഷ്യക്ക് മേല്‍ ഉപരോധങ്ങളേര്‍പ്പെടുത്തുകയും ചെയ്ത സാഹചര്യത്തില്‍ കൂടിയാണ് സൗദിയുടെ ഇപ്പോഴത്തെ നീക്കം എന്നതും ശ്രദ്ധേയമാണ്. എണ്ണ വില്‍പനയില്‍ സൗദി യുവാന്‍ സ്വീകരിച്ച് തുടങ്ങിയാല്‍ ഓയില്‍ മാര്‍ക്കറ്റില്‍ അത് വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

സൗദിയുടെ ഈ നീക്കം ഗള്‍ഫ് രാജ്യങ്ങളടക്കമുള്ള മറ്റ് രാജ്യങ്ങള്‍ കൂടി പിന്തുടരുകയാണെങ്കില്‍ ലോക സാമ്പത്തിക രംഗത്തെ ഡോളറിന്റെയും അതുവഴി അമേരിക്കയുടെയും അപ്രമാദിത്വത്തിന് അത് ഭീഷണിയാവുമെന്നാണ് കണക്കുകൂട്ടുന്നത്.

നേരത്തെ റഷ്യക്ക് ഉപരോധമേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ എണ്ണ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതും എണ്ണവില നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും അബുദാബി കിരീടാവകാശി മുഹമ്മദ് ബിന്‍ സഈദ് അല്‍ നഹ്യാനുമായും ഫോണില്‍ ബന്ധപ്പെടാനുള്ള വൈറ്റ്ഹൗസിന്റെ ശ്രമം പരാജയപ്പെട്ടതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

ഇരു നേതാക്കളുമായും യു.എസ് പ്രസിഡന്റ് ജോ ബൈഡന് സംസാരിക്കാന്‍ അവസരമൊരുക്കുന്നതിനുള്ള വൈറ്റ്ഹൗസിന്റെ ശ്രമങ്ങളായിരുന്നു പരാജയപ്പെട്ടത്.

റഷ്യയില്‍ നിന്നുള്ള എണ്ണവരവ് നിലച്ച് എണ്ണവില ഉയരുന്നതിനാല്‍ സൗദിയും യു.എ.ഇയും എണ്ണ ഉല്‍പാദനം വര്‍ധിപ്പിച്ച് അമേരിക്കയുടെ ക്രൂഡ് ഓയില്‍ മാര്‍ക്കറ്റിനെ സഹായിക്കണമെന്നതാണ് യു.എസിന്റെ ആവശ്യം.

എന്നാല്‍ ഇപ്പോള്‍ നിര്‍മിക്കുന്നതില്‍ കൂടുതല്‍ എണ്ണ പമ്പ് ചെയ്യാന്‍ യു.എ.ഇയും സൗദിയും വിസമ്മതിക്കുകയായിരുന്നു.  ഒപെകും (Opec) റഷ്യയുടെ നേതൃത്വത്തിലുള്ള സഖ്യരാജ്യങ്ങളും അപ്പ്രൂവ് ചെയ്ത നിലവിലെ പ്രൊഡക്ഷന്‍ പ്ലാനില്‍ ഉറച്ചുനില്‍ക്കാനാണ് ഗള്‍ഫ് രാജ്യങ്ങളുടെ തീരുമാനം.


Content Highlight: Saudi Arabia considers accepting Chinese currency Yuan instead of dollars for oil sales

We use cookies to give you the best possible experience. Learn more