റിയാദ്: തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദൊഗാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരെ നടത്തിയ പരാമര്‍ശം പുതിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തുന്നു. ചില ഗള്‍ഫ് രാജ്യങ്ങള്‍ മേഖലയിലെ അസ്ഥിരതയ്ക്ക് കാരണമാവുന്ന നയങ്ങള്‍ സ്വീകരിക്കുന്നെന്നാണ് എര്‍ദൊഗാന്‍ തുര്‍ക്കി ജനറല്‍ അസംബ്ലിയില്‍ പറഞ്ഞത്. ഒപ്പം ഗള്‍ഫ് രാജ്യങ്ങളുടെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള പരാമര്‍ശവും എര്‍ദൊഗാന്‍ നടത്തി.
‘ ഇന്നലെ ഈ രാജ്യങ്ങള്‍ ഇല്ലായിരുന്നു എന്ന് നാം മറക്കരുത്. നാളെ ഉണ്ടാവുമോ എന്നും ഉറപ്പില്ല, എന്നാല്‍ അള്ളാഹുവിന്റെ സമ്മതത്തോടെ നമ്മുടെ പതാക മേഖലയില്‍ എല്ലായ്‌പ്പോഴും പാറിപ്പറക്കും,’ എര്‍ദൊഗാന്‍ പറഞ്ഞു.
എര്‍ദൊഗാന്റെ പരാമര്‍ശം സൗദിയെ വലിയ രീതിയില്‍ ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് നിലവിലെ സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നത്.
തുര്‍ക്കിയില്‍ നിന്നുള്ള എല്ലാ കയറ്റുമതിയും, നിക്ഷേപവും നിരോധിക്കണമെന്നാണ് സൗദി അറേബ്യ ചേംബര്‍ ഓഫ് കൊമേഴ്‌സ് മേധാവി അല്‍ അജ്‌ലാന്‍ ട്വീറ്റു ചെയ്തിരിക്കുന്നത്.
‘നമ്മുടെ നേതൃത്വത്തിനും നമ്മുടെ രാജ്യത്തിനും പൗരന്‍മാര്‍ക്കും എതിരെയുള്ള തുര്‍ക്കി സര്‍ക്കാരിന്റെ ശത്രുതയ്ക്കുള്ള മറുപടിയായി ഇറക്കുമതി, ടൂറിസം, നിക്ഷേപം തുടങ്ങി എല്ലാ തലങ്ങളിലും ബഹിഷ്‌കരണം നടത്തേണ്ടത് എല്ലാ സൗദി വ്യാപാരികളുടെയും ഉപഭോക്താവിന്റെയും ഉത്തരവാദിത്തമാണ്,’ അല്‍ അജ്‌ലാന്‍ ട്വീറ്റ് ചെയ്തു.
മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ വധത്തിനു ശേഷം രൂക്ഷമായ സൗദി-തുര്‍ക്കി അസ്വാരസ്യം അടുത്തിടെ വീണ്ടും വര്‍ധിച്ചിട്ടുണ്ട്.
ഇസ്രഈലുമായി യു.എ.ഇ, ബഹ്‌റിന്‍ എന്നീ അറബ് രാജ്യങ്ങള്‍ ഔദ്യോഗിക ബന്ധം സ്ഥാപിച്ചതിനു ശേഷം അറബ് രാജ്യങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് എര്‍ദൊഗാന്‍ നടത്തിയത്.
ഖഷോഗ്ജിയുടെ കൊലപാതകക്കേസില്‍ സൗദി പൗരന്‍മാരായ ആറു പ്രതികള്‍ക്കെതിരെ തുര്‍ക്കി ഈ ആഴ്ച കുറ്റം ചുമത്തിയിരുന്നു. ഇരുപത് സൗദി പൗരന്‍മാര്‍ക്കെതിരെ ഇസ്താബൂള്‍ കോടതിയില്‍ വിചാരണ നടക്കുന്നുണ്ട്. എന്നാല്‍ ഇവരാരും തന്നെ തുര്‍ക്കിയില്‍ ഇല്ല. ഇവരെ നേരിട്ട് ഹാജരാക്കാതെയാണ് വിചാരണ.
അതേസമയം തുര്‍ക്കിക്കു മേല്‍ സൗദി ചുമത്തിയ അനൗദ്യോഗിക വ്യാപാര വിലക്കിനെക്കുറിച്ച് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇതു പ്രകാരം തുര്‍ക്കി വ്യാപാര മേഖലയുമായുള്ള ഇടപെടലുകള്‍ ഒഴിവാക്കാന്‍ സൗദി അധികൃതര്‍ രാജ്യത്തെ ബിസിനസ് മേഖലകളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.
മേഡ് ഇന്‍ തുര്‍ക്കി സ്റ്റാമ്പുള്ള എല്ലാ ഉല്‍പന്നത്തിനും സൗദി അനൗദ്യോഗികമായി വിലക്കേര്‍പ്പെടുത്തുകയാണെന്നാണ് തുര്‍ക്കി അധികൃതര്‍ മിഡില്‍ ഈസ്റ്റ് ഐയോട് പറയുന്നത്.
സൗദിയിലെ കമ്പനികളെ സൗദി സര്‍ക്കാര്‍ തലത്തില്‍ നിന്നും നേരിട്ടു വിളിക്കുകയും തുര്‍ക്കി ഉല്‍പന്നങ്ങളുടെ ബിസിനസ് ചെയ്യരുതെന്നും ആവശ്യപ്പെടുന്നുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ