ഡിസ്‌നി, ബോയിംഗ്, ഫേസ്ബുക്ക് ഓഹരികള്‍ സ്വന്തമാക്കി സൗദി അറേബ്യ, കൊവിഡ് പ്രതിസന്ധിക്കിടയിലെ തന്ത്ര പ്രധാന നീക്കം
COVID-19
ഡിസ്‌നി, ബോയിംഗ്, ഫേസ്ബുക്ക് ഓഹരികള്‍ സ്വന്തമാക്കി സൗദി അറേബ്യ, കൊവിഡ് പ്രതിസന്ധിക്കിടയിലെ തന്ത്ര പ്രധാന നീക്കം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th May 2020, 9:13 pm

ലോകത്തെ പ്രമുഖ കമ്പനികളുടെ ഓഹരികള്‍ സ്വന്തമാക്കി സൗദി അറേബ്യയിലെ പരമാധികാര സാമ്പത്തിക ഫണ്ടായ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്. ബോയിംഗ്, ഫേസ്ബുക്ക്, ഡിസ്‌നി, മാരിയോട്ട്, സ്റ്റാര്‍ബക്ക്‌സ് എന്നീ കമ്പനികളുടെയും ബാങ്ക് ഓഫ് അമേരിക്ക, സിറ്റിഗ്രൂപ്പ് എന്നീ രണ്ടു യു.എസ് ബാങ്കുകളുടെയും ഓയില്‍ കമ്പനി ഭീമന്‍മാരായ റോയല്‍ ഡച്ച് ഷെല്‍, ബി.പി, ടോട്ടല്‍ എന്നീ കമ്പനികളിലുമായാണ് പി.ഐ.എഫ് നിക്ഷേപം നടത്തിയിരിക്കുന്നത്. ആകെ 7.7 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് പി.ഐ.എഫ് നടത്തിയിരിക്കുന്നത്.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ കമ്പനികള്‍ നഷ്ടം നേരിടുന്ന ഘട്ടത്തില്‍ നടത്തിയ നിക്ഷേപം ദീര്‍ഘ ദൂരത്തിലുള്ള ലാഭം മുന്‍ കൂട്ടിക്കണ്ടാണെന്നാണ് സാമ്പത്തിക വിദ്ഗ്ധര്‍ പറയുന്നത്.

‘ പി.ഐ.എഫ് വിലകളെ ദീര്‍ഘകാല വീക്ഷണ കോണില്‍ സമീപിച്ചതായി തോന്നുന്നു. ഇവര്‍ കമ്പനികള്‍ ഇടിവു നേരിടുമ്പോള്‍ നിക്ഷേപം നടത്തിയത് അവര്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണെന്ന് കരുതേണ്ടിയിരിക്കുന്നു,’ നിക്ഷേപ കമ്പനിയായ നോമുറ അസെറ്റ് മാനേജ്‌മെന്റ് മിഡില്‍ ഈസ്റ്റിലെ ചീഫ് എക്‌സിക്യൂട്ടീവ് ആയ തരിക് അബ്ദുള്ള പറയുന്നു.

ക്ഷമയുള്ള നിക്ഷേപകര്‍ എന്ന് വിശേഷിപ്പിച്ച പി.ഐ.എഫ് ഈ വമ്പന്‍ നിക്ഷേപത്തെ പറ്റി വിശദീകരിക്കുന്നതിങ്ങനെ,

‘ ആഗോളതലത്തിലും സൗദി അറേബ്യയിലും തന്ത്രപ്രധാനമായ അവസരങ്ങള്‍ ഞങ്ങള്‍ സജീവമായി തേടുന്നു, അവയ്ക്ക് ദീര്‍ഘകാല വരുമാന തേടാന്‍ ശക്തമായ കഴിവുണ്ട്. അതേ സമയം സൗദി അറേബ്യയിലെ ജനങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനം നല്‍കുകയും രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയ്ക്ക് പ്രേരണ നല്‍കുകയും ചെയ്യുന്നു,’

കൊവിഡിനിടില്‍ രാജ്യത്തെ എണ്ണ വിപണി നഷ്ടം നേരിടുകയും മക്ക തീര്‍ത്ഥാടകരില്‍ നിന്നുള്ള വരുമാനം ഈ വര്‍ഷം കുറയുകയും ചെയ്ത സാഹചര്യത്തിലാണ് പി.ഐ.എഫിന്റെ നീക്കം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക