റിയാദ്: സൗദി രാജകുടുംബാംഗങ്ങളെ അകാരണമായി തടവിലാക്കി കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് വിധേയമാക്കുന്ന സൗദി അറേബ്യയുടെ നടപടിയില്‍ പ്രതിഷേധിച്ച് സൗദി അറേബ്യക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ആവശ്യം. ബ്രിട്ടന്‍ എത്രയും വേഗം സൗദിക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്നാണ് ബ്രിട്ടീഷ് എം.പി ക്രിസ്പിന്‍ ബ്ലണ്ട് ആവശ്യപ്പെട്ടത്.
സൗദിയുടെ കിരീടാവകാശിയായ മുഹമ്മദ് ബിന്‍ നയിഫിനെയും സല്‍മാന്‍ രാജകുമാരന്റെ സഹോദരന്‍ അഹമ്മദ് ബിന്‍ അബ്ദുള്‍ അസീസിനെയും തടവിലാക്കിയതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സൗദിക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ബ്രിട്ടന്‍ പാര്‍ലമെന്റില്‍ ഉന്നയിക്കപ്പെട്ടത്.
ഇവരെ സൗദി അറേബ്യ തടവില്‍വെച്ചതുമായി ബന്ധപ്പെട്ട ബ്രിട്ടന്റെ അന്വേഷണ റിപ്പോര്‍ട്ടിന് പിന്നാലെയാണ് കണ്‍സേര്‍വേറ്റീവ് എം.പി ക്രിസ്പിന്‍ ബ്ലണ്ട് ബ്രിട്ടന്‍ പാര്‍ലമെന്റില്‍ ആവശ്യം ഉന്നയിച്ചത്. മാര്‍ച്ച് മാസം മുതല്‍ ഇവരിരുവരെയും അഞ്ജാത കേന്ദ്രത്തില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കണ്‍സേര്‍വേറ്റീവ് എം.പി ഇമ്രാന്‍ അഹമ്മദ് ഖാന്‍, ലയ്‌ല മൊറാന്‍ എന്നിവര്‍ ഫാക്ട് ഫൈന്‍ഡിങ്ങ് റിപ്പോര്‍ട്ടിലെ അംഗങ്ങളാണ്.
സൗദിയില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് നടക്കുന്നതെന്നും ബ്രിട്ടന്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
സൗദി തടവിലാക്കിയ രാജകുടുംബത്തിലെ രണ്ട് അംഗങ്ങളും കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് നേരിടുന്നതെന്നും ഇവര്‍ക്ക് ചികിത്സ ഉള്‍പ്പെടെ സൗദി നിഷേധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
2017ല്‍ സൗദി കിരീടാവകാശി പദവിയില്‍ നിന്ന് പുറത്താക്കപ്പെട്ട മുഹമ്മദ് നയിഫും, അഹമ്മദും ഇപ്പോഴത്തെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ കടുത്ത എതിരാളിയായാണ് കണക്കിലാക്കുന്നത്. മാര്‍ച്ച് മാസത്തില്‍ അറസ്റ്റു ചെയ്ത ഇവരിരുവര്‍ക്കും നേരെ കുറ്റങ്ങളൊന്നും ചുമത്തിയിട്ടില്ല. അകാരണമായി ഇരുവരെയും സൗദി തടവില്‍ പാര്‍പ്പിച്ച് വരികയാണ്.
മുഹമ്മദ് ബിന്‍ സല്‍മാന്റെ പ്രധാന എതിരാളികളിലൊരാളായാണ് അഹമ്മദിനെ കണക്കാക്കുന്നത്. മുഹമ്മദ് ബിന്‍ സല്‍മാനെ സൗദിയുടെ കിരീടാവകാശി ആക്കുന്നതില്‍ വിയോജിപ്പ് രേഖപ്പെടുത്തിയവരില്‍ പ്രധാനിയായിരുന്നു അഹമ്മദ്.
1975 മുതല്‍ 2012 വരെ സൗദിയുടെ ആഭ്യന്തര സഹമന്ത്രിയായിരുന്നു അദ്ദേഹം. പിന്നീട് ഇദ്ദേഹത്തെ ലണ്ടനിലേക്ക് നാടുകടത്തുകയായിരുന്നു. ജമാല്‍ കഷോഗിയുടെ മരണാനന്തരം അറസ്റ്റ് ചെയ്യില്ല എന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് അഹമ്മദ് 2018 ഒക്ടോബറില്‍ സൗദി അറേബ്യയിലേക്ക് മടങ്ങുന്നത്.