ദുബൈ: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പശ്ചിമേഷ്യന്‍ സമാധാന പദ്ധതി ചര്‍ച്ച ചെയ്യാന്‍ മുസ്‌ലിം രാജ്യങ്ങളുടെ സംഘടനയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പറേഷന്‍ ഒ.ഐ.സി യോഗം ചെരുന്നു.
എന്നാല്‍ യോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും സൗദി അറേബ്യ ഇറാനെ വിലക്കി എന്നാണ് ഇറാന്‍ വിദേശ കാര്യമന്ത്രാലയം ആരോപിക്കുന്നത്.
ഫലസ്തീന്‍ ഇസ്രഈല്‍ തര്‍ക്കത്തിലെ പരിഹാരം എന്ന നിലയില്‍ ട്രംപ് കഴിഞ്ഞ ദിവസം അവതരിപ്പിച്ച പുതിയ സമാധാന പദ്ധതിയാണ് ജിദ്ദയിലെ ഒ.ഐ.സി ആസ്ഥാനത്ത് വെച്ച് ചര്‍ച്ചയാവുന്നത്. തിങ്കളാഴ്ചയാണ് യോഗം ചേരുന്നത്.
ട്രംപിന്റെ സമാധാന പദ്ധതി ചര്‍ച്ചചെയ്യുന്ന യോഗത്തില്‍ ഇറാന്റെ പങ്കാളിത്തം സൗദി തടസ്സെപ്പെടുത്തിയെന്ന് ഇറാനിയന്‍ വിദോശ കാര്യമന്ത്രി പ്രതിനിധിയായ അബ്ബാസ് മൊസവി ആരോപിക്കുന്നു. റോയിട്ടേര്‍സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.അതേ സമയം ഇതേക്കുറിച്ച് സൗദി വൃത്തങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
57 മുസ്‌ലീം ഭൂരിപക്ഷ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന സംഘടനയാണ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷന്‍. 1969 ലാണ് ഈ സംഘടന സ്ഥാപിതമാവുന്നത്.
ഫലസ്തീന്‍-ഇസ്രഈല്‍ പ്രശ്‌നത്തില്‍ പരിഹാരം കാണാനായി ട്രംപ് മുന്നോട്ട് വെച്ച പശ്ചിമേഷ്യന്‍ സമാധാന പദ്ധതി അറബ് രാജ്യങ്ങളുടെ സംഘടനയായ അറബ് ലീഗ് പൂര്‍ണമായും തള്ളിക്കളഞ്ഞിരുന്നു. ഈജിപ്തില്‍വെച്ച് നടന്ന അടിയന്തരയോഗത്തില്‍വെച്ചാണ് അറേബ്യന്‍ ലീഗിലെ അംഗങ്ങളായ 22 രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാര്‍ ഫലസ്തീന്‍ ഇസ്രഈല്‍ സമാധാന പദ്ധതി തള്ളിക്കളഞ്ഞത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ജനുവരി 28 നാണ് വിവാദമായ പശ്ചിമേഷ്യന്‍ സമാധാന പദ്ധതി ട്രംപ് വൈറ്റ് ഹൗസില്‍ വെച്ച് പ്രഖ്യാപിക്കുന്നത്. ഇസ്രഈല്‍-ഫലസ്തീന്‍ തര്‍ക്കത്തില്‍ പരിഹാരം കാണാനായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ട് വെച്ച പശ്ചിമേഷ്യന്‍ സമാധാന പദ്ധതിയില്‍ വെസ്റ്റ്ബാങ്കിലെ ഇസ്രഈല്‍ അധിനിവേശത്തെ അംഗീകരിക്കുന്നു. ഒപ്പം ഇസ്രഈലിന്റെ തലസ്ഥാനമായി ജറുസലേം തുടരുമെന്നും ട്രംപ് പ്രഖ്യാപിച്ചു. അതേ സമയം സ്വതന്ത്ര്യ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നെന്നും കിഴക്കന്‍ ജറുസലേം ഫലസ്തീന് തലസ്ഥാനമായി നല്‍കുമെന്നും ട്രംപ് പ്രഖ്യാപിച്ചു.