| Tuesday, 23rd April 2019, 11:54 pm

തീവ്രവാദികളെന്ന് ആരോപിച്ച് 37 പേരുടെ തലവെട്ടി പ്രദർശിപ്പിച്ച് സൗദി അറേബ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: ഭീകരവാദക്കുറ്റം ആരോപിച്ച് 37 പേരുടെ തലവെട്ടി സൗദി അറേബ്യ. ഇതില്‍ രണ്ടുപേരുടെ തല കമ്പില്‍ക്കുത്തി പൊതുജനങ്ങള്‍ക്ക് കാണാനായി പ്രദര്‍ശിപ്പിക്കുകയും ചെയ്‍തു. പൊതുപ്രദര്‍ശനം മറ്റുള്ളവര്‍ക്കുള്ള മുന്നറിയിപ്പാണെന്നും സൗദി അറേബ്യൻ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

കുറ്റവാളികൾക്ക് മുന്നറിയിപ്പ് നല്‍കാനാണ് വെട്ടിമാറ്റപ്പെട്ട മനുഷ്യതലകള്‍ പ്രദര്‍ശിപ്പിച്ചതെന്നാണ് സൗദിയുടെ പക്ഷം. കടുത്ത പ്രതിഷേധമാണ് മനുഷ്യാവകാശ സംഘടനകള്‍ ഉള്‍പ്പെടെ സൗദി അറേബ്യയുടെ നടപടിക്ക് എതിരെ ഉയര്‍ത്തിയത്. സ്വന്തം പൗരന്മാര്‍ക്ക് തന്നെയാണ് സൗദി വധശിക്ഷ നല്‍കിയത്.

ഭീകരവാദ ആശയം പ്രചരിപ്പിച്ചതിനും ഭീകരവാദ സെല്ലുകള്‍ രൂപീകരിച്ചതിനുമാണ് ശിക്ഷയെന്നാണ് സൗദി ആഭ്യന്തര മന്ത്രാലയം പറയുന്നത്. വംശീയമായ വേര്‍തിരിവിനും പ്രതികള്‍ ശ്രമിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം പറയുന്നു. റിയാദിലെ പ്രത്യേക ക്രിമിനല്‍ കോടതിയാണ് വിചാരണയും ശിക്ഷയും നടത്തിയത്.

സൗദി സുരക്ഷാ ഉദ്യോഗസ്ഥരെ സ്ഫോടക വസ്‍തുക്കള്‍ ഉപയോഗിച്ച് ആക്രമിക്കുകയും കൊലപ്പെടുത്തുകയും ഇവർ ചെയ്തുവെന്ന് കോടതി പറഞ്ഞു. സൗദി അറേബ്യയ്‍ക്ക് എതിരെ ശത്രുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്‍തുവെന്നും ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി.

വിധിയുടെ പകര്‍പ്പ് സര്‍ക്കാര്‍ അധീനതയിലുള്ള മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഖുര്‍ ആന്‍ വചനങ്ങളോടെയാണ് ശിക്ഷാവിധി ആരംഭിച്ചത്. രാജ്യത്തെ ന്യൂനപക്ഷ മുസ്‌ലിം ജനതയായ ഷിയ മുസ്‌ലിം മതവിഭാഗത്തിൽ നിന്നുള്ളവരും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഭൂരിപക്ഷവും സുന്നിമതവിഭാഗക്കാരുള്ള സൗദി, ഷിയ വിഭാഗങ്ങള്‍ക്ക് എതിരെയുള്ള അക്രമങ്ങളില്‍ ഏറെ പഴികേട്ടിട്ടുണ്ട്.

We use cookies to give you the best possible experience. Learn more