| Friday, 1st November 2024, 8:32 am

സ്വവര്‍ഗാനുരാഗം, ഹിന്ദു-മുസ്‌ലിം സംഘര്‍ഷം; ഭൂല്‍ ഭൂല്‍ ഭുലയ്യ 3യും സിങ്കം എഗെയ്‌നും നിരോധിച്ച് സൗദി അറേബ്യ; റിപ്പോര്‍ട്ട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദീപാവലി റിലീസായി ഇന്ന് (നവംബര്‍ ഒന്ന്) തീയേറ്ററുകളിലെത്തുന്ന രണ്ട് ബോളിവുഡ് ചിത്രങ്ങളാണ് ഭൂല്‍ ഭൂല്‍ ഭുലയ്യ 3യും സിങ്കം എഗെയ്‌നും. ലോകമാകമാനം വലിയ രീതിയിലാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചത്. എന്നാല്‍ മതപരമായ കാര്യങ്ങള്‍, പുരാണങ്ങള്‍, സ്വവര്‍ഗാനുരാഗം എന്നിവയെക്കുറിച്ചുള്ള പരാമര്‍ശങ്ങളുടെ പേരില്‍ രോഹിത് ഷെട്ടി സംവിധാനം ചെയ്ത സിങ്കം എഗെയ്ന്‍, അനീസ് ബസ്മീ സംവിധാനം ചെയ്യുന്ന ഭൂല്‍ ഭുലയ്യ 3 എന്നീ ചിത്രങ്ങളുടെ റിലീസ് സൗദി അറേബ്യ നിരോധിച്ചതായി റിപ്പോര്‍ട്ട്.

എന്നാല്‍, സൗദി ഭരണകൂടം ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തുവിട്ടിട്ടില്ല. സിങ്കം എഗെയ്ന്‍ രാമായണം റഫറന്‍സുകള്‍ ഉള്ളതുകൊണ്ടും ഹിന്ദു-മുസ്‌ലിം സംഘര്‍ഷങ്ങള്‍ പരാമര്‍ശിക്കുന്നതുകൊണ്ടും സൗദി ഭരണകൂടം നിരോധിച്ചു എന്നാണ് പിങ്ക്വില്ല റിപ്പോര്‍ട്ട് ചെയ്തത്. അജയ് ദേവ്ഗണ്‍, കരീന കപൂര്‍ ഖാന്‍, രണ്‍വീര്‍ സിങ്, ദീപിക പദുക്കോണ്‍ തുടങ്ങിയ വലിയൊരു താരനിര അണിനിരക്കുന്ന ചിത്രമാണ് സിങ്കം എഗെയ്ന്‍.

അതേസമയം സ്വവര്‍ഗാനുരാഗം പരാമര്‍ശിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഭൂല്‍ ഭുലയ്യ 3 ബാന്‍ ചെയ്തതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കാര്‍ത്തിക് ആര്യന്‍, തൃപ്തി ഡിമ്രി, വിദ്യാ ബാലന്‍, മാധുരി ദീക്ഷിത് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.

സൗദി അറേബ്യയ്ക്ക് പുറമെ സിംഗപ്പൂരിലും സിങ്കം എഗെയ്ന്‍ റിലീസ് ചെയ്യില്ല.

എന്നാല്‍ ഇതാദ്യമായല്ല ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യന്‍ സിനിമകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത്. ഇതിന് മുന്‍മ്പ് മലയാള ചിത്രങ്ങളായ മോണ്‍സ്റ്റര്‍, കാതല്‍ തുടങ്ങിയ സിനിമകളും സൗദി അറേബ്യ ബാന്‍ ചെയ്തിരുന്നു.

Content Highlight: Saudi Arabia bans Singham Again, Bhool Bhulaiyaa 3: Reports

We use cookies to give you the best possible experience. Learn more