സ്വവര്‍ഗാനുരാഗിയായ കഥാപാത്രം; മാര്‍വല്‍ ചിത്രം ഡോക്ടര്‍ സ്‌ട്രേഞ്ച് സൗദിയിലും ഖത്തറിലും നിരോധിച്ചു; റിപ്പോര്‍ട്ട്
World News
സ്വവര്‍ഗാനുരാഗിയായ കഥാപാത്രം; മാര്‍വല്‍ ചിത്രം ഡോക്ടര്‍ സ്‌ട്രേഞ്ച് സൗദിയിലും ഖത്തറിലും നിരോധിച്ചു; റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd April 2022, 1:00 pm

മാര്‍വല്‍ സ്റ്റുഡിയോ പുറത്തിറക്കാനിരിക്കുന്ന സൂപ്പര്‍ഹീറോ ചിത്രം ഡോക്ടര്‍ സ്‌ട്രേഞ്ച് (Doctor Strange in the Multiverse of Madness) സൗദി അറേബ്യയും ഖത്തറുമടക്കമുള്ള രാജ്യങ്ങളില്‍ നിരോധിച്ചതായി റിപ്പോര്‍ട്ട്.

സ്വവര്‍ഗാനുരാഗിയായ കഥാപാത്രം സിനിമയിലുള്ളതിനാലാണ് ചിത്രം ബാന്‍ ചെയ്തത്.

മെയ് ആറിനാണ് ചിത്രം യു.എസില്‍ റിലീസ് ചെയ്യുന്നത്. മെയ് ആറിന് സൗദി അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രം റിലീസ് ചെയ്യാനായിരുന്നു നേരത്തെ ഷെഡ്യൂള്‍ ചെയ്തിരുന്നത്.

സാം റെയ്മിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബെനഡിക്ട് കുംബെര്‍ബാച്ചാണ് (Benedict Cumberbatch) കേന്ദ്ര കഥാപാത്രമായെത്തുന്നത്.

സോചില്‍ ഗോമസ് (Xochitl Gomez) അവതരിപ്പിക്കുന്ന അമേരിക്ക ഷാവെസ് എന്ന കഥാപാത്രത്തെയും ചിത്രത്തില്‍ പുതുതായി അവതരിപ്പിക്കുന്നുണ്ട്. കഥാപാത്രം സ്വവര്‍ഗാനുരാഗിയാണെന്നാണ് (Gay) റിപ്പോര്‍ട്ടുകള്‍.

ഇത് കാരണമാണ് ഇപ്പോള്‍ അറബ് രാജ്യങ്ങളില്‍ സിനിമയുടെ റിലീസ് നിരോധിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്വവര്‍ഗാനുരാഗം മിഡില്‍ഈസ്റ്റ് രാജ്യങ്ങളില്‍ നിരോധിച്ചത് കാരണം സിനിമക്ക് സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി നിഷേധിക്കപ്പെടുകയായിരുന്നു.

സൗദി അറേബ്യ, കുവൈത്ത്, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ ഡോക്ടര്‍ സ്‌ട്രേഞ്ചിന്റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിങ്ങ് ലഭ്യമല്ല എന്ന് ഹോളിവുഡ് റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ യു.എ.ഇയില്‍ ബുക്കിങ്ങ് ലഭ്യമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

നേരത്തെ വെസ്റ്റ് വൈഡ് സ്‌റ്റോറി, മാര്‍വല്‍ ഇറ്റേണല്‍സ് എന്നീ സിനിമകള്‍ക്കും സൗദി, യു.എ.ഇ, ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍, കുവൈത്ത് എന്നീ രാജ്യങ്ങളില്‍ പ്രദര്‍ശനം നിഷേധിച്ചിരുന്നു.

Content Highlight: Saudi Arabia bans Marvel’s next Superhero Film Doctor Strange, due to the portrayal of gay character