റിയാദ്: ചെങ്കടലില്‍ ഇസ്രഈലിന്റെ കപ്പലുകൾക്ക് നേരെ ഹൂത്തികള്‍ നടത്തുന്ന ആക്രമണങ്ങളിലുള്ള പ്രതികരണങ്ങളില്‍ സംയമനം പാലിക്കണമെന്ന് അമേരിക്കയോട് ആവശ്യപ്പെട്ട് സൗദി അറേബ്യ. ഇറാന്‍ പിന്തുണയുള്ള ഹൂത്തികള്‍ നിലവില്‍ ഇസ്രാഈല്‍ – ഫലസ്തീന്‍ സംഘര്‍ഷത്തില്‍ ഇടപെടുന്ന തോതില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് സൗദി അറേബ്യ അമേരിക്കയെ അറിയിച്ചു.
ഹൂത്തികളുടെ ഇടപെടല്‍ ചെങ്കടലിന് സമീപത്തുള്ള രാജ്യങ്ങളിലെ ആളുകളില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്നും സൗദി അധികൃതര്‍ പറഞ്ഞു. എണ്ണകള്‍ വ്യാപാര ഇടങ്ങളില്‍ എത്തിക്കുന്ന വാണിജ്യ കപ്പലുകള്‍ സഞ്ചരിക്കുന്ന സമുദ്ര പാതകളില്‍ തടസമുണ്ടാക്കാന്‍, ഹൂത്തികള്‍ ഡ്രോണുകളും റോക്കറ്റുകളൂം ഉപയോഗിക്കുന്നത് ഒരു വെല്ലുവിളിയാണെന്ന് സൗദി ചൂണ്ടിക്കാട്ടി.
വലിയ രീതിയില്‍ എണ്ണ കയറ്റുമതി ചെയ്യുന്ന തങ്ങളുടെ പ്രദേശത്തിന് മുകളിലൂടെ ഹൂത്തികള്‍ മിസൈലുകള്‍ തൊടുത്തുവിടുന്നത് ആശങ്കയോടെയാണ് റിയാദ് കാണുന്നതെന്ന് സൗദി അധികൃതര്‍ വ്യക്തമാക്കി.
ഷിപ്പിങ്ങിനെതിരെയുളള ആക്രമണം ഹൂത്തികള്‍ ശക്തമാക്കിയതോടെ, സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്നത് ഒഴിവാക്കാനാണ് അമേരിക്കയോട് സംയമനം പാലിക്കാന്‍ സൗദി ആവശ്യപ്പെട്ടത്. നിലവിലെ സ്ഥിതിഗതികള്‍ അമേരിക്ക കൈകാര്യം ചെയ്യുന്ന രീതിയില്‍ സൗദി അറേബ്യ ഇതുവരെ തൃപ്തരാണെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം കഴിഞ്ഞ ദിവസം ചരക്ക് വില്‍പ്പനയിലൂടെ യെമനിലെ ഹൂത്തി വിമത ഗ്രൂപ്പിന് ധനസഹായം നല്‍കിയെന്നാരോപിച്ച് ഇറാന്‍ പിന്തുണയുള്ള ശൃംഖലകള്‍ക്കെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചിരുന്നു. അമേരിക്കയുടെ നിലവിലെ തീരുമാനം ഹൂത്തികള്‍ക്ക് ദശലക്ഷക്കണക്കിന് ഡോളര്‍ സാമ്പത്തിക സഹായം നല്‍കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന 13 വ്യക്തികളെയും സ്ഥാപനങ്ങളെയും ഉപരോധിക്കാനാണ്.
ഹൂത്തികള്‍ക്കെതിരെ നടപടിയെടുക്കാന്‍ തങ്ങള്‍ തീരുമാനിക്കുകയാണെങ്കില്‍ അത് തീര്‍ച്ചയായും തങ്ങള്‍ തെരഞ്ഞെടുക്കുന്ന സമയത്തും സ്ഥലത്തും ആയിരിക്കുമെന്ന് പെന്റഗണ്‍ വക്താവ് സബ്രിയ സിങ് പറഞ്ഞിരുന്നു.
ഹൂത്തികള്‍ക്ക് പിന്തുണ നല്‍കുന്നതില്‍ ഇറാനെതിരെ ബ്രിട്ടനും രംഗത്തെത്തിയിരുന്നു. അതേസമയം ഫലസ്തീന്‍ സായുധ ഗ്രൂപ്പായ ഹമാസിനെതിരെ ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന ആക്രമണത്തിനുള്ള മറുപടിയായാണ് തങ്ങള്‍ ആക്രമണങ്ങള്‍ നടത്തുന്നതെന്ന് ഹൂത്തികള്‍ പറഞ്ഞു.
Content Highlight: Saudi Arabia asks the United States to exercise restraint in its response to the Houthis