റിയാദ്: കുവൈത്തിലെ അല്‍ സാദിഖ് ശിയാ പള്ളിയില്‍ ചാവേറാക്രമണം നടത്തിയതുമായി ബന്ധപ്പെട്ട് പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് പേരെ സൗദി അറേബ്യ പിടികൂടിയതായി കുന(കുവൈത്ത് ന്യൂസ് ഏജന്‍സി). മൂന്ന് പേരും സഹോദരങ്ങളാണെന്നാണ് റിപ്പോര്‍ട്ട്. കുവൈത്ത് സുരക്ഷാ വിഭാഗവുമായി ചേര്‍ന്നാണ് സൗദിയുടെ നടപടി.
അല്‍ താഇഫ്, അല്‍ ഖഫ്ജി മേഖലകളില്‍ നിന്നായി ഏറ്റുമുട്ടലിലൂടെയാണ് രണ്ട് പ്രതികളെ സൗദി സേന കീഴ്‌പ്പെടുത്തിയത്. ഏറ്റുമുട്ടലിനിടെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
പ്രതികളില്‍ രണ്ട് പേര്‍ കുവൈത്തില്‍ ജനിച്ചവരാണ്. ഇവര്‍ സിറിയയില്‍ കഴിഞ്ഞിരുന്ന മറ്റേ സഹോദരനുമായി ബന്ധം പുലര്‍ത്തിയിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മൂവരും ഭീകരവാദ സംഘടനയായ ഇസിസ് അംഗങ്ങളാണെന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ പള്ളിയില്‍ ചാവേറാക്രമണം നടത്തിയത് സൗദി പൗരനെന്ന് കുവൈത്ത് സ്ഥിരീകരിച്ചിരുന്നു. ഫഹദ് സുലൈമാന്‍ അബ്ദുല്‍ മുഹ്‌സിന്‍ അല്‍ ഖബ്ബാ എന്നാണ് ഇയാളുടെ പേര്.