അര്‍ജന്റീനയെ ചാരമാക്കി എയറില്‍ കയറ്റി; ചരിത്ര വിജയമാഘോഷിക്കാന്‍ നാളെ പൊതു അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ
Football
അര്‍ജന്റീനയെ ചാരമാക്കി എയറില്‍ കയറ്റി; ചരിത്ര വിജയമാഘോഷിക്കാന്‍ നാളെ പൊതു അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 22nd November 2022, 10:02 pm

ലോകകപ്പ് ഫുട്‌ബോളില്‍ അര്‍ജന്റീനയെ തോല്‍പ്പിച്ചതിന്റെ ആഹ്ലാദ സൂചകമായി സൗദി അറേബ്യയില്‍ നാളെ പൊതു അവധി. സ്വകാര്യ പൊതു മേഖല സ്ഥാപനങ്ങള്‍ക്കും സ്‌കൂളുകള്‍ക്കുമാണ് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചത്.

ചരിത്രത്തിലാദ്യമായാണ് ലോക ഫുട്ബോളിലെ കരുത്തന്മാരായ അര്‍ജന്റീനയെ സൗദി തോല്‍പ്പിക്കുന്നത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വമ്പന്‍മാരെ പരാജയപ്പെടുത്തിയ ആവേശത്തിലാണ് സൗദിയിലെ ഫുട്‌ബോള്‍ ആരാധകര്‍.

അര്‍ജന്റീനയുടെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. സൂപ്പര്‍ താരം ലയണല്‍ മെസിയുടെ പെനാല്‍റ്റിയിലാണ് അര്‍ജന്റീനയുടെ കന്നി ഗോള്‍ പിറന്നത്. ഇതോടെ അര്‍ജന്റീനക്ക് വേണ്ടി നാല് ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോഡും മെസി സ്വന്തം പേരിലാക്കി.

പരെഡെസിനെ ബോക്‌സിനകത്ത് വെച്ച് അല്‍ ബുലയാഹി ഫൗള്‍ ചെയ്തതിനാണ് റഫറി അര്‍ജന്റീനക്ക് പെനാല്‍ട്ടി വിധിച്ചത്. ഈ പെനാല്‍ട്ടി പാഴാക്കാതെ 10ാം മിനിറ്റില്‍ മെസി സൗദി ഗോള്‍വല ചലിപ്പിക്കുകയായിരുന്നു.

രണ്ടാം പകുതിയില്‍ അഞ്ച് മിനിറ്റിനുള്ളില്‍ തുടരെ രണ്ട് ഗോളുകള്‍ പായിച്ചാണ് സൗദി താരങ്ങള്‍ അര്‍ജന്റീനയുടെ വല കുലുക്കിയത്. 48-ാം മിനിറ്റില്‍ സാലിഹ് അല്‍ ശെഹ്രിയാണ് ആദ്യ ഗോളടിച്ചത്. 53-ാം മിനിറ്റില്‍ സലിം അല്‍ ദൗസറി രണ്ടാമത് ഗോള്‍ നേടി വ്യക്തമായ ലീഡില്‍ ടീമിനെ സുരക്ഷിതമാക്കി.

തുടര്‍ന്നങ്ങോട്ട് സമനില പിടിക്കാനുള്ള അര്‍ജന്റീനിയന്‍ മുന്നേറ്റങ്ങളെല്ലാം സൗദി തടഞ്ഞുകൊണ്ടേയിരുന്നു. മെസി തൊടുത്ത ഫ്രീകിക്ക് സൗദി പോസ്റ്റിന് മുകളിലൂടെ പറന്നു. മെസിയുടെ ഹെഡ്ഡര്‍ ഗോള്‍ കീപ്പര്‍ ഈസിയായി കൈയ്യിലൊതുക്കി.

എക്‌സ്ട്രാ ടൈമില്‍ ലഭിച്ച എട്ട് മിനിട്ടുകളും അര്‍ജന്റീനയ്ക്ക് മുതലാക്കാനായില്ല. 36 കളി നീണ്ട് അപരാജിത അര്‍ജന്റീനയുടെ കുതിപ്പിന് ഇതോടെ വിരാമമായി. സൗദിയേക്കാള്‍ കരുത്തരായ പോളണ്ടിനേയും മെക്‌സിക്കോയേയുമാണ് മെസിയും സംഘവും ഇനി അടുത്ത മത്സരങ്ങളില്‍ നേരിടേണ്ടത്.

Content Highlights: Saudi Arabia announced a public holiday tomorrow to celebrate their win against Argentina