സൗദി സ്ത്രീകള്‍ക്ക് പുരുഷന്റെ അനുമതിയില്ലാതെ വിദേശയാത്രയ്ക്ക് അനുമതി
ജിദ്ദ: പുരുഷന്റെ അനുമതിയില്ലാതെ സ്ത്രീകള്‍ക്ക് വിദേശയാത്ര നടത്താന്‍ പറ്റില്ലെന്ന നിയമം സൗദി അറേബ്യ പിന്‍വലിച്ചു. വെള്ളിയാഴ്ച ഇറക്കിയ പുതിയ ഉത്തരവ് പ്രകാരം 21 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് പുരുഷ രക്ഷിതാവിന്റെ അനുമതിയില്ലാതെ പാസ്‌പോര്‍ട്ടിന് അപക്ഷേിക്കാനും യാത്ര ചെയ്യാനും സാധിക്കും. വിവാഹം, വിവാഹമോചനം, കുട്ടികളുടെ ജനനം എന്നി രജിസ്റ്റര്‍ ചെയ്യാനുള്ള അനുമതിയും പുതുതായി ഇറക്കിയ ഉത്തരവിലുണ്ട്.
സ്ത്രീകള്‍ക്ക് തൊഴിലവസരങ്ങളില്‍ തുല്ല്യനീതി ഉറപ്പാക്കുന്ന നിയമവും പുതിയ ഉത്തരവിലുണ്ട്. ലിംഗത്തിന്റെയോ പ്രായത്തിന്റെയോ വൈകല്യത്തിന്റെയോ പേരില്‍ തൊഴിലവസരങ്ങളില്‍ വിവേചനം പാടില്ലെന്ന് നിയമം പറയുന്നു.
ഇതുവരെ സൗദിയില്‍ സ്ത്രീകള്‍ക്ക് പുറത്ത് പോവണമെന്നുണ്ടെങ്കില്‍ ഭര്‍ത്താവിന്റെയോ പിതാവിന്റെയോ ആണ്‍ബന്ധുവിന്റെയോ അനുമതി വേണമായിരുന്നു. നേരത്തെ സ്ത്രീകള്‍ക്ക് വാഹനമോടിക്കുന്നതിനുള്ള വിലക്ക് സൗദി പിന്‍വലിച്ചിരുന്നു.
ഭരണകൂടത്തിന്റെ സ്ത്രീവിരുദ്ധതയ്‌ക്കെതിരെ പ്രതിഷേധിച്ചതിന് വിദേശരാജ്യങ്ങളില്‍ അഭയം തേടേണ്ട അവസ്ഥയുണ്ടായിരുന്നു. ജനുവരിയില്‍ 18കാരിയായ റഹാഫ് മുഹമ്മദ് അല്‍ ഖുനുന്‍ എന്ന പെണ്‍കുട്ടിയ്ക്ക് കാനഡ അഭയം നല്‍കിയിരുന്നു.
ഇപ്പോള്‍ ഇറങ്ങിയ ഉത്തരവ് എന്ന് മുതലാണ് നടപ്പില്‍ വരികയെന്ന് വ്യക്തമല്ല. സൗദിയില്‍ സ്ത്രീകള്‍ക്ക് വിവാഹം ചെയ്യുന്നതിനും സ്വതന്ത്രമായി ജീവിക്കുന്നതിനുമടക്കം പുരുഷന്റെ അനുമതി വേണമെന്നാണ് നിയമം.