റിയാദ്: ഗസയില്‍ നിന്ന് ഫലസ്തീനികളെ കുടിയിറക്കുമെന്ന ഇസ്രഈല്‍ മന്ത്രിയുടെ ആഹ്വാനത്തില്‍ അപലപിച്ച് സൗദി അറേബ്യ. ഇസ്രഈല്‍-ഫലസ്തീന്‍ സംഘര്‍ഷത്തില്‍ ഇസ്രഈലി ഭരണകൂടത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ അന്താരാഷ്ട്ര ശ്രമങ്ങള്‍ ആവശ്യമാണെന്ന് സൗദി അറേബ്യയുടെ അധികാരികള്‍ പറഞ്ഞു.
ഇസ്രഈലിനെ ഉത്തരവാദിത്തമുള്ളവരാക്കാന്‍ അന്താരാഷ്ട്ര സംവിധാനങ്ങള്‍ സജീവമാകണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടു. ഹോക്കിഷ് ഇസ്രഈല്‍ മന്ത്രിമാരായ ഇറ്റാമര്‍ ബെന്‍ ഗ്വിറും ബെസലേല്‍ സ്‌മോട്രിച്ചും നടത്തിയ തീവ്രവാദ പ്രസ്താവനകളെ ശക്തമായി എതിര്‍ക്കുന്നുവെന്നും ഈ വിഷയത്തില്‍ ലോകരാഷ്ട്രങ്ങള്‍ സംയുക്തമായി ഒരു തീരുമാനത്തില്‍ എത്തണമെന്നും സൗദി അറേബ്യയുടെ അധികാരികള്‍ വ്യക്തമാക്കി.
ഇസ്രഈല്‍ അധികാരികളുടെ പ്രവര്‍ത്തനങ്ങളും പ്രസ്താവനകളുമെല്ലാം അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമായി മാറിയിക്കുകയാണെന്നും സൗദി വിമര്‍ശിച്ചു. മന്ത്രിമാരുടെ പ്രസ്താവനകള്‍ നിരുത്തരവാദപരമാണെന്നും ഇത്തരം പരാമര്‍ശങ്ങള്‍ ദ്വിരാഷ്ട്ര പരിഹാരത്തിന് അനുയോജ്യമല്ലെന്നും നെതര്‍ലാന്‍ഡ്സ് പ്രതികരിച്ചു. സുരക്ഷിതമായ ഇസ്രഈലിനോടൊപ്പം സ്വതന്ത്രമായ ഫലസ്തീനും രൂപപെടണമെന്ന് നെതര്‍ലാന്‍ഡ്സ് അധികാരികള്‍ ചൂണ്ടിക്കാട്ടി.
അതേസമയം ഇസ്രഈലിന് തുടര്‍ച്ചയായി പിന്തുണ നല്‍കുന്ന അമേരിക്കയുടെ നടപടിയില്‍ പ്രതിഷേധിച്ച് യു.എസിലെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനായ താരിഖ് ഹബാഷ് രാജിവെച്ചിരുന്നു.
യു.എസ് ഭരണകൂടത്തിലെ ഒരേയൊരു ഫലസ്തീന്‍ അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ഇപ്പോള്‍ നടപ്പിലാക്കുന്ന തുലത്യയുടെയും നീതിയുടെയും കാര്യത്തില്‍ എനിക്ക് എതിര്‍പ്പുണ്ടെന്നും അതുകൊണ്ടാണ് ഈ തീരുമാനം എടുക്കുന്നതെന്നും ഹബാഷ് രാജിക്കത്തില്‍ വ്യക്തമാക്കിയിരുന്നു.
നിലവിലെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഫലസ്തീനികളുടെ മരണസംഖ്യ 22,313 ആയി വര്‍ധിച്ചുവെന്നും 57,296 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും വ്യക്തമാക്കുന്നു. 7,000ത്തിലധികം ഫലസ്തീനികളെ കാണാതായിട്ടുണ്ടെന്നും നിരവധി ആളുകള്‍ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപോയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Content Highlight: Saudi Arabia against the statement of Israeli ministers