| Tuesday, 16th February 2021, 2:25 pm

ദുബായിയോട് പോരിനിറങ്ങി സൗദി അറേബ്യ; റിയാദിലേക്ക് മാറാന്‍ വിദേശ കമ്പനികള്‍ക്കുമേല്‍ സമ്മര്‍ദ്ദം

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: യു.എ.ഇയില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര വ്യവസായ സ്ഥാപനങ്ങളോട് ആസ്ഥാനം ദുബായില്‍ നിന്ന് റിയാദിലേക്ക് മാറ്റാന്‍ സൗദി സമ്മര്‍ദ്ദം ശക്തമാക്കുന്നു. ദുബായിക്ക് മേല്‍ കടുത്ത വെല്ലുവിളിയേല്‍പ്പിക്കുന്നതാണ് സൗദിയുടെ സമ്മര്‍ദ്ദമെന്നാണ് റിപ്പോര്‍ട്ടുകള്‍.

2024 ജനുവരി മുതല്‍ സൗദി സര്‍ക്കാരും സര്‍ക്കാര്‍ പിന്തുണയുള്ള സ്ഥാപനങ്ങളും സൗദി അറേബ്യയല്ലാത്ത മറ്റ് മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിദേശ കമ്പനികളുമായി കരാര്‍ ഒപ്പിടുന്നത് അവസാനിപ്പിക്കുമെന്നാണ് സൗദി അറിയിച്ചത്.

സൗദി പ്രസ് ഏജന്‍സിയുടെ പ്രസ്താവനയിലാണ് യു.എ.ഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഭീഷണിയാകുന്ന പ്രസ്താവനയുള്ളത്.

സാമ്പത്തിക മേഖല മെച്ചപ്പെടുത്തുകയും തൊഴിലവസരങ്ങള്‍ കൂട്ടുകയുമാണ് സൗദിയുടെ ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ക്രൂഡ് ഓയില്‍ കയറ്റുമതിയില്‍ മാത്രം ആശ്രയിച്ച് സൗദി അറേബ്യയുടെ സമ്പത്ത് വ്യവസ്ഥ നിലനിര്‍ത്താതെ വാണിജ്യമേഖലയിലേക്കും കടക്കാനുള്ള സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പദ്ധതിയുടെ ഭാഗമായാണ് പുതിയ നീക്കം.

സൗദിയുടെ അടുത്ത സഖ്യകക്ഷിയായ യു.എ.ഇയിലെ ദുബായ് നഗരം വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ മിഡില്‍ ഈസ്റ്റിലെ ബിസിനസ് ഹബ്ബായി വളര്‍ന്നിരുന്നു.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് നിലവിലെ നിയന്ത്രണങ്ങള്‍ ബാധകമാവുക. സ്വകാര്യ കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കുന്നതില്‍ തടസമുണ്ടാകില്ല. അതേസമയം ദുബായിയെ മറികടന്ന് മുന്നേറുന്നത് സൗദിക്ക് എളുപ്പമാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സൗദി അറേബ്യയുമായി ബിസിനസ് സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടെങ്കില്‍ അവര്‍ റിയാദിലേക്ക് വരണം സൗദിയുടെ സാമ്പത്തിക ശാസ്ത്രജ്ഞനായ ഫഹദ് ബിന്‍ ജുമ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Saudi Arabia Adds Pressure On Firms To Move To Riyadh, Challenges Dubai

We use cookies to give you the best possible experience. Learn more