വൈകിയായിരിക്കും ആ ബോധം ഉദിച്ചത് അല്ലേ? യു.എസിലെ ദ്വിപാര്‍ട്ടി സംവിധാനത്തെ വിമര്‍ശിച്ച ട്വീറ്റ് മുക്കിയ സൗദി അംബാസിഡര്‍ക്ക് പരിഹാസം
World News
വൈകിയായിരിക്കും ആ ബോധം ഉദിച്ചത് അല്ലേ? യു.എസിലെ ദ്വിപാര്‍ട്ടി സംവിധാനത്തെ വിമര്‍ശിച്ച ട്വീറ്റ് മുക്കിയ സൗദി അംബാസിഡര്‍ക്ക് പരിഹാസം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 15th February 2021, 1:32 pm

റിയാദ്: അമേരിക്കയിലെ ദ്വിപാര്‍ട്ടി സംവിധാനത്തെ വിമര്‍ശിച്ച ട്വീറ്റ് മുക്കിയ സൗദി അംബാസിഡറെ പരിഹസിച്ച് സൗദിയിലെ സാമൂഹ്യ പ്രവര്‍ത്തക ലിന അല്‍ ഹധ്‌ലൂല്‍. വാഹനമോടിക്കുന്നതിനും സൗദി സ്ത്രീകള്‍ക്കുമേലുള്ള പുരുഷ രക്ഷാകര്‍തൃ സംവിധാനത്തിനെതിരെയും പ്രതിഷേധിച്ചതിന് തടവിലായിരുന്ന ലൗജെയ്ന്‍ അല്‍ ഹധ്‌ലൂലിന്റെ സഹോദരിയുമാണ് ലിന.

യു.എസിലെ ദ്വിപാര്‍ട്ടി സംവിധാനത്തെ വിമര്‍ശിച്ച് സൗദി അംബാസിഡര്‍ ഡേ. ഖാലിദ് അല്‍ ജിന്‍ഡാന്‍ ട്വീറ്റ് മുക്കിയതിലാണ് അദ്ദേഹത്തിനെതിര വിമര്‍ശനവുമായി ലിന മുന്നോട്ട് വന്നത്. ട്വീറ്റ് ചെയ്തതിന് ശേഷമായിരിക്കും അല്ലേ സൗദിയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നുമില്ലെന്ന് മനസിലാക്കിയത് എന്നാണ് ലിന പറഞ്ഞത്.

” സൗദി അംബാസിഡര്‍ യു.എസിലെ ദ്വിപാര്‍ട്ടി സംവിധാനത്തെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തു. പിന്നെ അത് ഡിലീറ്റ് ചെയ്യുകയും ചെയ്തു. ഒരു പക്ഷേ അപ്പോഴായിരിക്കും അദ്ദേഹം സൗദിയിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ എണ്ണം പൂജ്യം ആണെന്ന് ഓര്‍ത്തു കാണുക.” ലിന പറഞ്ഞു.

സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനും മത്സരിക്കാനുമള്ള അവകാശം ലഭിച്ചപ്പോള്‍ ലിനയുെട സഹോദരി ലൗജെയ്ന്‍ നാമനിര്‍ദേശം സമര്‍പ്പിച്ചിരുന്നു. പക്ഷേ അവരുടെ പേര് തള്ളുകയായിരുന്നു.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അധികാരമേറ്റതിന് പിന്നാലെ സൗദിയോടുള്ള നിലപാടുകള്‍ കടുപ്പിച്ചിരുന്നു. യെമനിലെ യുദ്ധമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സൗദിക്കെതിരെ കടുത്ത നിലപാടാണ് ബൈഡന്‍ സ്വീകരിച്ചത്. മനുഷ്യാവകാശത്തിന് പ്രധാന്യം നല്‍കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ലിനയുടെ സഹോദരി ലൗജെയ്ന്‍ അല്‍ ഹധ്‌ലൂലിനെ അഞ്ച് വര്‍ഷവും എട്ട് മാസവും സൗദി തീവ്രവാദ കോടതി തടവു ശിക്ഷയ്ക്ക് വിധിച്ച് ഒരു മാസം പിന്നിടുമ്പോള്‍ വിട്ടയച്ചതിന് പിന്നില്‍ അമേരിക്കയിലെ അധികാരമാറ്റമാണെന്ന നിരീക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Saudi Ambassodor Criticizes US’s Biparty System