കോഴിക്കോട്: സൗദിയില്‍ നിന്നും കരിപ്പൂരിലേക്കുള്ള വിമാന സര്‍വീസ് ആരംഭിക്കാനുള്ള നടപടികള്‍ തുടങ്ങിയതായി സൗദി എയര്‍ലൈന്‍സ്. വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ ഇറങ്ങാന്‍ കേന്ദ്രം അനുമതി നല്‍കിയ സാഹചര്യത്തിലാണിത്.
കരിപ്പൂരില്‍ നിന്നും വീണ്ടും വലിയ വിമാന സര്‍വീസുകള്‍ നടത്താന്‍ അനുമതി ലഭിച്ച സ്ഥിതിക്ക് എത്രയും പെട്ടെന്ന് തന്നെ സര്‍വീസ് നടത്താന്‍ തങ്ങള്‍ പൂര്‍ണ സജ്ജരാണെന്നു സൗദി എയര്‍ലൈന്‍സ് ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് നവാഫ് അല്‍ജക്തമി, സൗദി ഓപ്പറേഷന്‍ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ഇസ്സാം അല്‍ മൈമാനി എന്നിവര്‍ മീഡിയവണ്ണിനോട് പറഞ്ഞു.
ഇക്കാര്യത്തില്‍ ഔദ്യോഗിക നടപടിക്രമങ്ങള്‍ മാത്രമാണ് ബാക്കിയുള്ളതെന്നാണ് സൂചന.
കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതിനുള്ള ഡി.ജി.സി.എ അനുമതി ഇന്നലെയാണ് വന്നിരുന്നത്. ആഗസ്റ്റ് 20 ഓടെ വിമാനം പൂര്‍ണ്ണമായും സജ്ജമാകും. ഇതിന് ശേഷമായിരിക്കും സര്‍വീസ് പുനരാരംഭിയ്ക്കുക.
കരിപ്പൂരില്‍ നിന്നും എയര്‍ഇന്ത്യയടക്കം മറ്റു കമ്പനികളും സര്‍വീസ് തുടങ്ങും. വിമാനത്താവളത്തില്‍ നവീകരിച്ച അന്താരാഷ്ട്ര ആഗമനകേന്ദ്രം ഉടന്‍തുറക്കുമെന്നും വ്യോമായന വകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നിലവില്‍ 35 ലക്ഷം യാത്രക്കാര്‍ക്കുള്ള സൗകര്യമാണ് ഇവിടെയുള്ളത്. പുതിയ ബ്ലോക്ക് വരുന്നതോടെ അത് 50 ലക്ഷം പേര്‍ക്കുള്ള സൗകര്യമാകും.
കോഴിക്കോട് നിന്നും അടുത്തവര്‍ഷം മുതല്‍ ഹജ്ജ് വിമാനങ്ങളും പുനരാരംഭിക്കും. കരിപ്പൂരില്‍ അടച്ചിട്ടപ്പോള്‍ കൊച്ചിയില്‍ നിന്നായിരുന്നു ഹജ്ജ് വിമാനങ്ങള്‍ പുറപ്പെട്ടിരുന്നത്.