റിയാദ്: റിയാദിനെ ലക്ഷ്യമാക്കി നടന്ന ഹൂതി വിമതരുടെ മിസൈല്‍ ആക്രമണം സൗദി പ്രതിരോധസേന തടുത്തു. ബുധനാഴ്ച്ച രാവിലെയാണ് ആക്രമണമുണ്ടായത്. രണ്ടു ബാലിസ്റ്റിക്ക് മിസ്സൈലുകളാണ് യെമെനിലെ ഹൂതി വിമതര്‍ റിയാദ് ലക്ഷ്യമാക്കി തൊടുത്തത്.
യെമെനില്‍ സൗദിയുടെ സഖ്യസേന ഹൂതി കലാപകാരികള്‍ക്ക് നേരെ നടത്തുന്ന സൈനിക നീക്കം ഏറെ മുന്നേറിക്കഴിഞ്ഞ സാഹചര്യത്തിലാണ് സൗദിക്ക് നേരെ വീണ്ടും ആക്രമണം ഉണ്ടാകുന്നത്. കഴിഞ്ഞ ആറ് മാസത്തിനകം നിരവധി തവണ സൗദിയുടെ വിവിധ ഭാഗങ്ങളിലായി ഹൂതികള്‍ മിസൈല്‍ ആക്രമണം നടത്തിയിട്ടുണ്ട്. ഇതെല്ലം വിജയകരമായി തടുക്കാന്‍ സൗദി പ്രതിരോധ സേനക്ക് സാധിച്ചു. സ്‌ഫോടനത്തിന് സമാനമായ വലിയ ശബ്ദം കേട്ട വിവരം ദൃക്സാക്ഷികള്‍ പറഞ്ഞതായി സൗദി മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
നേരത്തെ സൗദി തലസ്ഥാനമായ റിയാദിനെയും അബഹ വിമനത്താവളത്തേയും ലക്ഷ്യമാക്കി ഹൂതി വിമതര്‍ തൊടുത്തുവിട്ട മിസൈല്‍ സൗദി തകര്‍ത്തിരുന്നു. റിയാദിലേക്ക് കഴിഞ്ഞ മാസം ഹൂതികള്‍ തൊടുത്ത മിസൈല്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. സൗദി സൈന്യം തകര്‍ത്ത മിസൈലിന്റെ അവശിഷ്ടം വീണാണ് മരണം. യെമന്‍ യുദ്ധത്തില്‍ സൗദിയിലെ ആദ്യ മരണമായിരുന്നു ഇത്. അഞ്ച് മാസത്തിനിടെ റിയാദിനെ ലക്ഷ്യമാക്കി വരുന്ന നാലാമത്തെ ആക്രമണമായിരുന്നു ഇത്.
യെമനില്‍ സൗദി നടത്തുന്ന വ്യോമാക്രമണങ്ങള്‍ക്ക് മറുപടിയെന്ന നിലയ്ക്കാണ് സൗദിയിലേക്ക് ആക്രമണം നടത്തുന്നതെന്ന് ഹൂതികള്‍ പറഞ്ഞിരുന്നു. യമനില്‍ ഹൂതികളെ തകര്‍ക്കുന്നതിനായി 2015 മുതലാണ് സൗദിയടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ യമനില്‍ ആക്രമണം തുടങ്ങിയത്.
പൊതുജനത്തെ ലക്ഷ്യമിടില്ലെന്ന് പറയുന്നുണ്ടെങ്കിലും സ്‌കൂളുകളിലും ആശുപത്രികളിലും പൊതുസ്ഥലങ്ങളിലുമായി സൗദിസഖ്യ സേന നടത്തുന്ന ആക്രമണങ്ങളില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്.