മൗനം വെടിഞ്ഞ് സൗദി; ഫ്രാന്‍സിനെതിരെ വിമര്‍ശനം, പ്രവാചകന്റെ കാര്‍ട്ടൂണ്‍ അനുവദിക്കില്ല
World News
മൗനം വെടിഞ്ഞ് സൗദി; ഫ്രാന്‍സിനെതിരെ വിമര്‍ശനം, പ്രവാചകന്റെ കാര്‍ട്ടൂണ്‍ അനുവദിക്കില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th October 2020, 1:51 pm

റിയാദ്: ഫ്രാന്‍സില്‍ പ്രവാകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ കാണിച്ചതിന്റെ പേരില്‍ അറബ് രാജ്യങ്ങളില്‍ പ്രതിഷേധം പുകയവെ പ്രതികരണവുമായി സൗദി അറേബ്യ. പരസ്പര ബഹുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം അഭിപ്രായ സ്വാതന്ത്ര്യമെന്നും വിദ്വേഷവും അക്രമവും പ്രോത്സാഹിപ്പിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളെയും ഞങ്ങള്‍ അപലപിക്കുന്നു എന്നുമാണ് സൗദി വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരിക്കുന്നത്. ഒപ്പം സാമുവേല്‍ പാറ്റി എന്ന അധ്യാപകന്റെ കൊലപാതകത്തെ സൗദി അപലപിക്കുകയും ചെയ്തു.

അതേസമയം ഫ്രാന്‍സിനെതിരെ നിരോധനാഹ്വാനം സൗദി സര്‍ക്കാര്‍ നടത്തിയിട്ടില്ല. സൗദിയുള്‍പ്പെടെ അറബ് രാജ്യങ്ങളില്‍ ഫ്രാന്‍സിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ വ്യാപക പ്രതിഷേധം നടക്കുന്നുണ്ട്. കുവൈറ്റ്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലെ വിപണിയില്‍ ഫ്രഞ്ച് ഉല്‍പന്നങ്ങള്‍ക്കെതിരെ അനൗദ്യോഗിക വിലക്കുമുണ്ട്.

അതേസമയം സൗദിയില്‍ വിലക്കിന് സോഷ്യല്‍മീഡിയയലൂടെ ആഹ്വാനമുണ്ടെങ്കിലും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് പ്രകാരം ഫ്രഞ്ച് വിപണിക്ക് സൗദിയില്‍ നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ല. നേരത്തെ തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദൊഗാന്‍ ഫ്രാന്‍സിനെതിരെ നിരോധനാഹ്വാനം നടത്തിയിരുന്നു. ഫ്രാന്‍സില്‍ മുസ്ലിങ്ങള്‍ക്കെതിരെ വിദ്വേഷ പ്രചാരണം നടക്കുന്നെന്ന് ആരോപിച്ചാണ് എര്‍ദൊഗാന്റെ ആഹ്വാനം.

രണ്ടാം ലോകമഹായുദ്ധത്തില്‍ ജൂതര്‍ക്കെതിരെ നടന്ന വിദ്വേഷ ക്യാമ്പയിനു സമാനമായ സ്ഥിതിയാണ് ഇപ്പോള്‍ മുസ്ലിങ്ങള്‍ക്കെതിരെ നടക്കുന്നതെന്നും എര്‍ദൊഗാന്‍ അങ്കാരയില്‍ നടന്ന ടെലിവിഷന്‍ പ്രസംഗത്തില്‍ പറഞ്ഞു.

മുസ്ലിങ്ങള്‍ക്കെതിരെയുള്ള പ്രചാരണം നിര്‍ത്തണമെന്ന് യൂറോപ്യന്‍ രാജ്യങ്ങളിലെ നേതാക്കള്‍ ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിനോട് ആവശ്യപ്പെടണമെന്നും എര്‍ദൊഗാന്‍ പറഞ്ഞു.

ഖത്തര്‍, കുവൈറ്റ് എന്നീ രാജ്യങ്ങളിലെ വിപണിയില്‍ ഫ്രാന്‍സിനെതിരെ അനൗദ്യോഗിക വിലക്ക് നിലനില്‍ക്കുന്നുണ്ട്. ഇതിനിടെയാണ് തുര്‍ക്കി പ്രസിഡന്റ് പരസ്യമായി വിലക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നേരത്തെ മാക്രോണിന്റെ മാനസികനില പരിശോധിക്കണമെന്ന് എര്‍ദൊഗാന്‍ പരിഹസിച്ചിരുന്നു.

ഫ്രഞ്ച് കാര്‍ട്ടൂണില്‍ പുകഞ്ഞ് പശ്ചിമേഷ്യ

ഷാര്‍ലോ ഹെബ്ദോ എന്ന മാഗസിനിലെ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണിന്റെ പേരില്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ വന്‍ പ്രതിഷേധമാണ് നടക്കുന്നത്.

നിലവില്‍ ഖത്തറിലും കുവൈറ്റിലും ചില കമ്പനികള്‍ ഫ്രാന്‍സിനെതിരെ അനൗദ്യോഗിക വാണിജ്യവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദോഹയിലെ അല്‍ മീര സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല ഫ്രാന്‍സില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഫ്രാന്‍സ്-ഖത്തര്‍ സാസംകാരിക പരിപാടിയും ഒഴിവാക്കാനിടയുണ്ടെന്നാണ് സൂചന. കുവൈറ്റിലും നിരവധി സ്റ്റോറുകള്‍ ഫ്രാന്‍സ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നുണ്ട്.

മാക്രോണിന്റെ പരാമര്‍ശം വിദ്വേഷ സംസ്‌കാരം വളര്‍ത്തുമെന്നാണ് ഗള്‍ഫ് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ നയെഫ് ഫല മുബാറക് അല്‍ ഹജ് റഫ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ലിബിയ, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ പ്രതിഷേധം ശക്തമാവുന്നുണ്ട്. ഇതിനു പുറമെ ബംഗ്ലാദേശ്, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളും പ്രതിഷേധമറിയിച്ചിട്ടുണ്ട്.

വിട്ടുവീഴ്ചയില്ലെന്ന് മാക്രോണ്‍

എന്നാല്‍ പ്രവാചകന്റെ കാര്‍ട്ടൂണ്‍ ഒരിക്കലും പിന്‍വലിക്കില്ലെന്നാണ് മാക്രോണ്‍ വ്യക്തമാക്കിയത്. ഒപ്പം ഇത്തരം നിരോധനാഹ്വാനം ഈ രാജ്യങ്ങളിലെ ഒരു ചെറിയ വിഭാഗത്തില്‍ നിന്നുമാണെന്നും ഫ്രാന്‍സ് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം പ്രതികരിച്ചത്. അതേസമയം വിദ്വേഷത്തിന് മുമ്പില്‍ ഒരിക്കലും ഫ്രാന്‍സ് അടിയറവ് പറയില്ലെന്നാണ് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ അറിയിച്ചത്.

‘ ഞങ്ങള്‍ ഒരിക്കലും വിട്ടുകൊടുക്കില്ല. സമാധാനത്തിന്റെ എല്ലാ വിശ്വാസങ്ങളെയും ഞങ്ങള്‍ ബഹുമാനിക്കുന്നു. വിദ്വേഷ പ്രസംഗം ഞങ്ങള്‍ സ്വീകരിക്കുന്നില്ല. കാര്യമാത്ര പ്രസക്തമായ സംവാദത്തെ ഞങ്ങള്‍ സംരക്ഷിക്കും. ഞങ്ങള്‍ എല്ലായ്പ്പോഴും സാര്‍വത്രിക മാനുഷിക മൂല്യങ്ങളുടെ പക്ഷത്തായിരിക്കും, മാക്രോണ്‍ ട്വീറ്റ് ചെയ്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: SAUDI AGAINST SAUDI