സൗദിയിലെ സ്വേച്ഛാധിപത്യം അവസാനിപ്പിക്കാൻ യു.എസിൽ സാമൂഹ്യപ്രവർത്തകരുടെ കൂടിക്കാഴ്ച
World News
സൗദിയിലെ സ്വേച്ഛാധിപത്യം അവസാനിപ്പിക്കാൻ യു.എസിൽ സാമൂഹ്യപ്രവർത്തകരുടെ കൂടിക്കാഴ്ച
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th May 2024, 12:06 pm

ന്യൂയോർക്ക്: സൗദി അറേബ്യയിലെ സ്വേച്ഛാധിപത്യം അവസാനിപ്പിക്കാൻ യു.എസിൽ ഒത്തുചേർന്ന് വിവിധ രാജ്യത്തുള്ള സാമൂഹ്യ പ്രവർത്തകർ. വാഷിങ്ടൺ ഗെയ്‌ലോഡ് കൺവെൻഷനൽ സെന്ററിൽവെച്ചാണ് ചർച്ച നടന്നത്.

ദി ക്യുസ്റ്റ് ഫോർ ഡെമോക്രസി ഇൻ സൗദി അറേബ്യ എന്ന പേരിൽ നടത്തപ്പെട്ട ഈ ചർച്ച, കഴിഞ്ഞ ഒരു വർഷമായി നിരവധി സംഘടനകളുടെ സഹായത്തോടെ സൗദിയിൽ നടന്നുവരുന്ന പീപ്പിൾസ് വിഷൻ എന്ന പരിപാടിയുടെ അവസാനഘട്ടമായിരുന്നു.

സൗദി അറേബ്യയിലെ സ്വേച്ഛാധിപത്യം അവസാനിപ്പിക്കുക എന്നതായിരുന്നു പീപ്പിൾസ് വിഷൻ പരിപാടിയുടെ ലക്ഷ്യം. അതോടൊപ്പം സൗദി രാജകുമാരനായ മുഹമ്മദ് ബിൻ സൽമാൻ മുന്നോട്ടുവച്ച വിഷൻ 2030 അജണ്ടയെക്കുറിച്ചും കൂടിക്കാഴ്ചയിൽ നിരവധി ആക്ടിവിസ്റ്റുകളും, സ്കോളേഴ്‌സും ചൂണ്ടിക്കാട്ടി.

സൗദി അറേബിയയിലെ പൗരന്മാർ താത്ക്കാലികമായി തെരഞ്ഞെടുത്ത സർക്കാരിന്റെ സാധ്യതകൾ എന്തൊക്കെ, സൗദിയുടെ സ്വേച്ഛാധിപത്യം എങ്ങനെ അവസാനിപ്പിക്കും തുടങ്ങിയവയായിരുന്നു പ്രധാന ചർച്ചാവിഷയങ്ങൾ. സൗദിയിലെ വിവിധ സാമൂഹ്യപ്രവർത്തകരും വിമതരും ഈ ചർച്ചയിൽ നേരിട്ട് പങ്കെടുത്തതായി അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

‘ഇവിടെ ഒന്നിച്ചുകൂടിയിരിക്കുന്ന കൂടുതൽ ആളുകളും സൗദിയുടെ നയങ്ങളെ മടുത്തവരോ രാജ്യം വിട്ട് പോയവരോ ആണ്. ഞങ്ങൾ ഇവിടെ ഒന്നിച്ചു കൂടിയതിൽ ഒരു ലക്ഷ്യം മാത്രമേ ഉള്ളു, അത് ഞങ്ങളുടെ രാജ്യത്തിന്റെ മാറ്റം മാത്രമാണ്. രാജ്യത്തെ മികച്ചരീതിയിൽ ആക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു’, ദി ക്യുസ്റ്റിന്റെ തലവനായ ഹാഥ്ലൗൽ പറഞ്ഞു.

സൗദിക്ക്പുറമെ യു.എ.ഇ, യെമൻ, ഈജിപ്ത്, ടുണീഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും നിരവധിപേരാണ് ചർച്ചയിൽ പങ്കെടുത്തത്.

സൗദി കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ അധികാരത്തിലെത്തിയത് മുതൽ മനുഷ്യാവകാശ വക്താക്കളെയും രാജ്യഭരണത്തെയും വിമർശകരെയും വിമതരെയും അടിച്ചമർത്താൻ തുടങ്ങിയിരുന്നു. എന്നാൽ 2018 ഒക്ടോബര് രണ്ടിന് സൗദി കോൺസുലേറ്റിൽവെച്ച് മിഡിൽ ഈസ്റ്റ് ഐയുടെ കോളമിസ്റ്റായ ജമാൽ കാശൊഗ്ഗി കൊല്ലപ്പെട്ടതോടെയാണ് ഈ അടിച്ചമർത്തലുകളിലേക്ക് ആളുകളുടെ ശ്രദ്ധയെത്തുന്നത്.

ഇതിനെതിരെ പ്രതിഷേധങ്ങൾ ഉയർന്നുവന്നിരുന്നു. അതിനെ തുടർന്നാണ് സൗദിയുടെ സ്വേച്ഛാധിപത്യ ഭരണത്തിനെതിരെ നിരവധി സംഘടനകൾ സംയുക്തമായി പീപ്പിൾസ് വിഷൻ ആരംഭിക്കുകയും കോൺഫെറെൻസുകൾ നടത്തുകയും ചെയ്തത്.

Content Highlight: Saudi activists unite in U.S to discuss ending kingdom’s autocracy