| Thursday, 26th November 2020, 11:17 pm

സൗദിയില്‍ വാഹനമോടിച്ചതിന് അറസ്റ്റിലായ ലൗജെയിന്‍ ഹധ്‌ലൂലിന്റെ കേസ് തീവ്രവാദ കോടതിയിലേക്ക് മാറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: സ്ത്രീകള്‍ വാഹനമോടിക്കരുതെന്ന സൗദി നിയമം ലംഘിച്ചതിന്റെ പേരില്‍ ജയിലില്‍ കഴിയുന്ന ലൗജെയിന്‍ അല്‍ ഹധ്‌ലൂലിന്റെ വിചാരണ തീവ്രവാദ കോടതിയിലേക്ക് മാറ്റി.

ലൗജെയിനിനെ കൂടാതെ മെയ്‌സ അല്‍-അമൗഡി, എന്നിവര്‍ക്കെതിരായ നടപടികളാണ് തീവ്രവവാദ കോടതിയിലേക്ക് മാറ്റിയത്. വിദേശസംഘടനകളുമായി ചേര്‍ന്ന് രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ലൗജെയിന്‍ ഉള്‍പ്പെടെ 12 ആക്ടിവിസ്റ്റുകള്‍ക്കെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്.

സൗദിയില്‍ സ്ത്രീകള്‍ വാഹനമോടിക്കുന്നതിനുള്ള വിലക്ക് നീക്കിയ സല്‍മാന്‍ രാജകുമാരന്റെ ഉത്തരവ് പുറത്തുവരുന്നതിന് ആഴ്ചകള്‍ക്ക് മുമ്പാണ് ലൗജെയിനിനെയും കൂട്ടരെയും അറസ്റ്റ് ചെയ്തത്. 2018 മെയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

അതേസമയം സര്‍ക്കാര്‍ വിമര്‍ശകരെയും സ്ത്രീകളെയും തടവിലാക്കിയ സൗദിയുടെ നടപടിയ്‌ക്കെതിരെ ആഗോളതലത്തില്‍ വിമര്‍ശനമുയരുകയാണ്. കഴിഞ്ഞവാരം നടന്ന ജി 20 ഉച്ചകോടിയിലും ഈ വിമര്‍ശനം ഉയര്‍ന്നിരുന്നു.

എന്നാല്‍ ഡ്രൈവിംഗുമായി ബന്ധപ്പെട്ട വിഷയത്തിലല്ല ലൗജെയിനിന്റെ അറസ്റ്റെന്നാണ് സൗദിവൃത്തങ്ങള്‍ പറയുന്നത്. വിദേശ നയതന്ത്രജ്ഞര്‍, മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റ് ഗ്രൂപ്പുകള്‍ എന്നീ വിഷയങ്ങളിലെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് അവരെ അറസ്റ്റ് ചെയ്തത്.

അതേസമയം അറസ്റ്റിനുശേഷം ലൗജെയിനിന് കടുത്ത പീഡനങ്ങളാണ് നേരിടേണ്ടിവന്നതെന്ന് കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു. ചാട്ടവാറടി, ഇലക്ട്രിക് ഷോക്ക്, ലൈംഗിക പീഡനം എന്നിവ അവര്‍ക്ക് നേരിടേണ്ടി വന്നുവെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.

പീഡനവിവരങ്ങള്‍ പുറത്ത് പറയാതിരുന്നാല്‍ മോചിപ്പിക്കാമെന്നും ജയിലധികൃതര്‍ ലൗജെയിനിനോട് പറഞ്ഞതായി കുടുംബാംഗങ്ങള്‍ ആരോപിച്ചു. എന്നാല്‍ ഈ ആരോപണങ്ങള്‍ സൗദി അധികൃതര്‍ നിഷേധിച്ചു.

തടവിലായിരുന്ന സമയത്ത് നിരാഹാര സമരത്തിലായിരുന്നു ലൗജെയിനിനെ കഴിഞ്ഞ ബുധനാഴ്ച നടന്ന കോടതി വിചാരണയില്‍ വെച്ചാണ് കുടുംബാംഗങ്ങള്‍ക്ക് കാണാന്‍ സാധിച്ചത്.

വളരെ ക്ഷീണിതയായിരുന്നു അവരെന്നും ശരീരമാകെ വിറയ്ക്കുന്ന അവസ്ഥയിലാണ് എത്തിയതെന്നും ലൗജെയിനിന്റെ കുടുംബാംഗങ്ങള്‍ ആരോപിച്ചു. രണ്ടാഴ്ചയ്ക്ക് ശേഷം താന്‍ തന്റെ നിരാഹാരം അവസാനിപ്പിച്ചെന്ന് ലൗജെയിന്‍ കുടുംബാംഗങ്ങളോട് പറഞ്ഞതായി അവരുടെ സഹോദരി പറഞ്ഞു

ജയില്‍ ഉദ്യോഗസ്ഥര്‍ ഉറങ്ങാന്‍ സമ്മതിക്കാതെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നെന്നും ഈ സാഹചര്യത്തിലാണ് നിരാഹാര സമരം അവസാനിപ്പിച്ചതെന്നും ലൗജെയിന്‍ സഹോദരിയോട് പറഞ്ഞു.

‘ഇത്രയും കാലത്തിന് ശേഷമാണ് അവര്‍ പറയുന്നത് കേസ് പ്രത്യേക കോടതിയിലേക്ക് മാറ്റണമെന്ന്. ലൗജെയിനിനെതിരെയുള്ള ആരോപണങ്ങള്‍ സാധൂകരിക്കുന്ന തെളിവുകള്‍ ഒന്നും തന്നെ അവരുടെ പക്കലില്ല. ഏകദേശം മൂന്ന് വര്‍ഷത്തോളമായി വിചാരണ കാത്ത് അവള്‍ തടവില്‍ കിടക്കുന്നു’, സഹോദരി ലിന അല്‍ ഹാത്തൗള്‍ പറഞ്ഞു.

അതേസമയം ഹധ്‌ലൂലിന്റെ മോചനമാവശ്യപ്പെട്ട് ആഗോള മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണലും രംഗത്തെത്തിയിട്ടുണ്ട്.ഹധ്‌ലൂലിനൊപ്പം അറസ്റ്റിലായ മറ്റ് ചില പ്രവര്‍ത്തകരെ സൗദിഭരണകൂടം മോചിപ്പിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ ഇപ്പോഴും തടവില്‍ കഴിയുകയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Saudi Activist Loujin al hathoul Case Moved To Terror Court

We use cookies to give you the best possible experience. Learn more