Spoiler Alert
സിദ്ധാര്‍ത്ഥ് ഭരതന്റെ സംവിധാനത്തില്‍ സൗബിന്‍ ഷാഹിര്‍ നായകനായ ചിത്രമാണ് ജിന്ന്. മാജിക്കല്‍ റിയലിസം, ഫാന്റസി എന്നിങ്ങനെയുള്ള എലമെന്റുകള്‍ കൂട്ടിയോജിപ്പിച്ച് രസകരമായാണ് ജിന്നിന്റെ കഥ തുടങ്ങുന്നത്. ഇരട്ട വേഷത്തിലാണ് സൗബിന്‍ ചിത്രത്തിലെത്തുന്നത്. ഭ്രാന്തനായ ലാലപ്പന്‍ കള്ളക്കടത്തുകാരനായ അനീസ് എന്നിങ്ങനെ രണ്ട് ധ്രുവങ്ങളില്‍ നില്‍ക്കുന്ന കഥാപാത്രങ്ങളാണ് ചിത്രത്തിലുള്ളത്.
മാനസിക പ്രശ്നങ്ങളുള്ള ലാലപ്പനിലൂടെയാണ് ജിന്ന് ആരംഭിക്കുന്നത്. കാസര്‍കോടുള്ള ഒരു നാട്ടുംമ്പുറത്തെ മനോഹര കാഴ്ചകള്‍ക്കൊപ്പമാണ് ലാലപ്പന്റെ മായിക ലോകത്തേക്ക് പ്രേക്ഷകര്‍ കടക്കുന്നത്. അയാള്‍ക്ക് മരണപ്പെട്ടവരുടെ വേവലാതികള്‍ അറിയാന്‍ സാധിക്കും. മരണപ്പെട്ടവര്‍ക്ക് ബന്ധുക്കളോട് പറയാനുള്ളത് ലാലപ്പന് വേഗം മനസിലാവും. അതിനെ മറ്റുള്ളവര്‍ ഭ്രാന്തായി കാണുമ്പോള്‍ ലാലപ്പന്‍ തന്റെ ക്രിയേറ്റിവിറ്റിയായാണ് വിശേഷിപ്പിക്കുന്നത്.
പ്രായമായ അമ്മൂമ്മയെ വിളിക്കാനെത്തുന്ന കാലനേയും പോത്തിനേയും ലാലപ്പന്‍ കാണുന്നുണ്ട്. അയാള്‍ ഒരു നിഷ്‌കളങ്കനാണ്. തന്നാലാവും വിധം മറ്റുള്ളവരെ സഹായിക്കാന്‍ ലാലപ്പന്‍ ശ്രമിക്കാറുണ്ട്.
ഇതില്‍ നിന്നും നേര്‍വിപരീതമാണ് അനീസ്. കള്ളക്കടത്തും പബും മയക്കുമരുന്നുമായി മറ്റൊരു ലോകത്ത് തന്നെയാണ് അയാള്‍ ജീവിക്കുന്നത്. തന്റെ വഴിക്ക് കാര്യങ്ങള്‍ നടക്കുന്നില്ലെന്ന് കാണുമ്പോള്‍ അത് നടപ്പിലാക്കാന്‍ അക്രമത്തിന്റെ വഴിയാണ് അനീസ് സ്വീകരിക്കുന്നത്. അതിനുവേണ്ടി കൊല്ലാന്‍ പോലും അനീസ് മടിക്കില്ല. ചിരിയാണെങ്കിലും ദേഷ്യമാണെങ്കിലും ഒരു ഈവിളിഷ് ഭാവമാണ് അനീസിന്.
വലിയ വ്യത്യാസമുള്ള ഊ രണ്ട് കഥാപാത്രങ്ങളേയും മികച്ച രീതിയിലാണ് സൗബിന്‍ അവതരിപ്പിച്ചത്. ലാലപ്പനെ അവതരിപ്പിക്കുമ്പോഴുള്ള നിഷ്‌കളങ്കതയും മാനസിക പ്രശ്‌നം വരുമ്പോഴുള്ള എക്‌സെന്‍ട്രിസിറ്റിയും സൗബിന്‍ ഭംഗിയായി അവതരിപ്പിച്ചിരുന്നു. ചിത്ത്രതിന്റെ തുടക്കത്തില്‍ സെക്കന്റുകള്‍ കൊണ്ടുണ്ടാകുന്ന ഒരു ട്രാന്‍സ്ഫര്‍മേഷന്‍ സീനുണ്ട്. മരണപ്പെട്ട വ്യക്തി തന്റെ ശരീരത്തിലുണ്ടെന്ന് നിലയില്‍ പെരുമാറുന്ന ലാലപ്പന്‍ പിന്നില്‍ നിന്നുമുള്ള ഒരു വിളിയില്‍ തന്റെ സ്വത്വത്തിലേക്ക് തിരികെ എത്തുന്നുണ്ട്. ജിന്നിലെ ഏറ്റവും ഗംഭീരമായ രംഗങ്ങളിലൊന്നായിരുന്നു ഇത്.
ജിന്നില്‍ സൗബിന് ഒരു പോരായ്മയായി പറയാനാവുന്നത് കാസര്‍കോഡ് സ്ലാങ് വഴങ്ങുന്നില്ല എന്നതാണ്. എങ്കിലും ഇത് സിനിമയുടെ ആസ്വാദനത്തെ കാര്യമയി ബാധിക്കില്ല.
സൗബിന്റെ കരിയറില്‍ ഏറ്റവുമധികം സിനിമകള്‍ ഇറങ്ങിയ വര്‍ഷങ്ങളിലൊന്നാണ് 2022. അതുപോലെ ഏറ്റവുമധികം വിമര്‍ശനങ്ങളിയര്‍ന്നതും 2022 ല്‍ തന്നെ. ബ്രോ ഡാഡി, ജാക്ക് ആന്‍ഡ് ജില്‍, സി.ബി.ഐ 5: ദി ബ്രെയ്ന്‍ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന്റെ പേരില്‍ സൗബിന്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. ഇതിനിടക്ക് വന്ന ഇലവീഴാപൂഞ്ചിറ എന്ന ചിത്രത്തിലെ പ്രകടനത്തിന് അഭിനന്ദനങ്ങളുയര്‍ന്നിരുന്നു. ജിന്നിലെ പ്രകടനത്തിലൂടെ വിമര്‍ശകര്‍ക്ക് വീണ്ടും മറുപടി നല്‍കുകയാണ് സൗബിന്‍.
Content Highlight: saubon shahir performance in d jinnu movie