| Tuesday, 18th April 2023, 8:08 am

ദുല്‍ഖറിന്റെ കഥാപാത്രം മരിച്ചതിനെ പറ്റി പറയുമ്പോള്‍ തന്നെ എന്റെ കണ്ണ് നിറഞ്ഞു, ഷെയ്ന്‍ നിര്‍ത്താതെ കരച്ചിലായിരുന്നു: സൗബിന്‍ ഷാഹിര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇമോഷണല്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ ബുദ്ധിമുട്ടുകളെ പറ്റി പറയുകയാണ് സൗബിന്‍ ഷാഹിര്‍. ഷൂട്ട് ചെയ്തതിന് ശേഷവും ഇമോഷന്‍ നിയന്ത്രിക്കാന്‍ സാധിക്കാറില്ലെന്നും അത് മനപൂര്‍വം ചെയ്യുന്നതല്ലെന്നും സൗബിന്‍ പറഞ്ഞു. പറവയില്‍ ഇമ്രാന്‍ എന്ന കഥാപാത്രം മരിച്ചതിന് ശേഷമുള്ള രംഗം ചിത്രീകരിച്ചപ്പോള്‍ ഷെയ്ന്‍ നിര്‍ത്താതെ കരഞ്ഞിട്ടുണ്ടെന്നും സൗബിന്‍ പറഞ്ഞു.

സില്ലി മോംഗ്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ കുമ്പളങ്ങി നൈറ്റ്‌സില്‍ ഇമോഷണല്‍ രംഗത്തിന് ശേഷവും കരഞ്ഞതിനെ പറ്റിയുള്ള അവതാരകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

‘ആ മുഹൂര്‍ത്തം ഏതാണെന്ന് എറിയില്ല. മനപൂര്‍വം വിചാരിച്ചിട്ട് വരുന്നതല്ല. ഞാന്‍ അഭിനയിക്കുമ്പോള്‍ സംഭവിക്കുന്നതിന് പുറമേ സംവിധാനം ചെയ്ത പറവയിലും അങ്ങനെയുണ്ടായിട്ടുണ്ട്.

ഇമ്രാന്‍ മരിച്ച് കഴിഞ്ഞ് സിദ്ദീഖയുമായുള്ള സംസാരത്തിനിടയില്‍ ഷെയ്ന്‍ നിര്‍ത്താതെ കരഞ്ഞിട്ടുണ്ട്. എങ്ങനെയാണ് ഇക്കാ ചെയ്യേണ്ടത് എന്ന് എന്നോട് ചോദിച്ചിരുന്നു. അവനോട് പറഞ്ഞുകൊടുക്കുമ്പോള്‍ തന്നെ എന്റെ കണ്ണ് നിറഞ്ഞിട്ടുണ്ടായിരുന്നു. കാരണം എന്റെ ജീവിതത്തില്‍ സംഭവിച്ച ഒരു കാര്യമാണ്.

ഞാനൊക്കെ മരിച്ചുപോയാല്‍ എന്തായിരിക്കും നിന്റെ അവസ്ഥ എന്ന് ഞാന്‍ ചോദിച്ചു. അള്ളാ, ഇനി ഒന്നും പറയണ്ട എന്ന് പറഞ്ഞ് അവന്‍ പോവുകയായിരുന്നു. ജീവിതത്തില്‍ അത്രയും മൂല്യമുള്ള ഒരാളാണ് മരിച്ചുപോയത്. ആ മൂല്യത്തെ പറ്റി ചിന്തിക്കുമ്പോള്‍ സങ്കടം വരും,’ സൗബിന്‍ പറഞ്ഞു.

അയല്‍വാശിയാണ് ഉടന്‍ റിലീസിനൊരുങ്ങുന്ന സൗബിന്‍ ചിത്രം. ഇര്‍ഷാദ് പരാരി സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ 21-ന് പ്രദര്‍ശനത്തിന് എത്തും. ഇര്‍ഷാദ് തന്നെയാണ് സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത്. സൗബിന്‍ ഷാഹിര്‍, ബിനു പപ്പു,നസ്‌ലിന്‍, നിഖില വിമല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്.

Content Highlight: saubin shahir talks about the emotional scene in parava

We use cookies to give you the best possible experience. Learn more