പൊളിറ്റിക്കല്‍ കറക്ട്‌നെസ് മൂലം ഇപ്പോള്‍ വളരെ സൂക്ഷിച്ചാണ് സംസാരിക്കുന്നതെന്ന് സൗബിന്‍ ഷാഹിര്‍. സംസാരിക്കുമ്പോള്‍ ഒരു ഒഴുക്കിന് പറഞ്ഞ് പോകുന്ന പല കാര്യങ്ങളും ഏത് രീതിയിലാണ് ആളുകള്‍ കാണുന്നതെന്ന് അറിയില്ലെന്നും സൗബിന്‍ പറഞ്ഞു.
വെള്ളരി പട്ടണം എന്ന പുതിയ ചിത്രത്തിന്റെ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ രോമാഞ്ചത്തിന്റെ പ്രൊമോഷന്‍ അഭിമുഖത്തിനിടക്ക് പറഞ്ഞ ബോഡി ഷെയ്മിങ് പരാമര്‍ശം ചൂണ്ടിക്കാണിച്ച് പൊളിറ്റിക്കല്‍ കറക്ട്‌നെസ് ഓര്‍ത്ത് വെച്ച് സംസാരിക്കേണ്ടത് ഒരു ബാധ്യതയായി തോന്നുന്നുണ്ടോ എന്നായിരുന്നു ചോദ്യം.
ഉണ്ടെന്നായിരുന്നു സൗബിന്റെ മറുപടി. ‘നോക്കിയും കണ്ടും സംസാരിക്കണം. ഒരു ഫ്‌ളോയില്‍ അങ്ങ് പറഞ്ഞ് പോകുമ്പോള്‍ പലതും പറയും. അത് തമാശയായിരിക്കാം. അത് ഏത് രീതിയില്‍ പോകുമെന്ന് അറിയില്ലല്ലോ. ഈ പടത്തില്‍ ഞാന്‍ നോക്കിയും കണ്ടുമാണ് സംസാരിച്ചിരിക്കുന്നത്. എനിക്ക് രാഷ്ട്രീയം വളരെ കുറവാണ്. ഒട്ടും അറിയില്ല. ഇതില്‍ രാഷ്ട്രീയക്കാരനായാണ്.
വെള്ളരിപട്ടണത്തിന്റെ കഥ പറഞ്ഞപ്പോള്‍ തന്നെ ഞാന്‍ സത്യമായും പേടിച്ച് പോയി. എനിക്കീ രാഷ്ട്രീയം ഒന്നും അറിയില്ല. സാരമില്ല പഠിപ്പിച്ച് തരാമെന്നാണ് മഹേഷേട്ടന്‍ എന്നോട് പറഞ്ഞത്. ചെന്ന് സ്‌ക്രിപ്റ്റ് നോക്കിയപ്പോള്‍ ജീവിതത്തില്‍ ആദ്യമായി കേള്‍ക്കുന്ന വാക്കുകളാണ്. ഓരോ വാക്ക് കാണുമ്പോള്‍ ഇതിന് പകരം വേറെ എന്തെങ്കിലും വാക്കുണ്ടോ എന്ന് ഞാന്‍ ചോദിക്കും. അതൊക്കെ സംസാരിച്ച് ശരിയാക്കി. ജീവിതത്തില്‍ ആദ്യമായാണ് ഇങ്ങനെ ഒരു സിനിമയുടെ ഭാഗമാവുന്നത്,’ സൗബിന്‍ പറഞ്ഞു.
രോമാഞ്ചത്തിന്റെ പ്രൊമോഷന്‍ അഭിമുഖത്തിനിടയില്‍ സഹതാരമായ അബിന്‍ ബിനോയെ ചൂണ്ടി ഇവന്റെ മുഖമൊന്ന് നോക്കിക്കേ, പ്രേതമായി വന്നാല്‍ പേടിച്ച് ചാവില്ലേ എന്ന് സൗബിന്‍ പറഞ്ഞിരുന്നു. ഇതിനെതിരെ വലിയ വിമര്‍ശനങ്ങളായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്.
Content Highlight: saubin shahir talks about political correctness