| Sunday, 6th March 2022, 11:32 am

'അമലേട്ടന്റെ അസിസ്റ്റന്റ് ഇന്നും എന്നും'; വീഡിയോ പങ്കുവെച്ച് സൗബിന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അമല്‍ നീരദിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഭീഷ്മ പര്‍വ്വം മികച്ച പ്രതികരണം നേടി തിയേറ്ററുകളില്‍ മുന്നേറുകയാണ്. ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പം തന്നെ ചര്‍ച്ചയാവുന്ന കഥാപാത്രമാണ് സൗബിന്‍ ഷാഹിര്‍ അവതരിപ്പിച്ച അജാസ്. ചിത്രത്തിന്റെ ഒരു ഘട്ടത്തില്‍ മൈക്കിളിനോടൊപ്പം പ്രാധാന്യം ലഭിക്കുന്ന കഥാപാത്രമാണ് അജാസ്.

തന്റെ ആദ്യ സിനിമയില്‍ അമലിനൊപ്പം അസിസ്റ്റന്റായി വര്‍ക്ക് ചെയ്ത സൗബിനാണ് വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ സിനിമയില്‍ നായകനൊപ്പമെത്തുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഇപ്പോഴിതാ അമലിനൊപ്പമുള്ള വീഡിയോ പങ്കുവെക്കുകയാണ് സൗബിന്‍.

‘അമലേട്ടന്റെ അസിസ്റ്റന്റ് ആണെന്ന് പറയുന്നതിനെക്കാളും വലിയ അഭിമാനം വേറെ ഒന്നും എനിക്ക് തരുന്നില്ല, ഇന്നും എന്നും,’ എന്നാണ് സൗബിന്‍ വീഡിയോയ്‌ക്കൊപ്പം കുറിച്ചത്.

സംവിധാന സഹായിയായാണ് സൗബിന്‍ സിനിമയില്‍ തുടക്കം കുറിച്ചത്. അമല്‍ നീരദിന്റെ ബിഗ് ബി, അന്‍വര്‍ തുടങ്ങിയ ചിത്രങ്ങളില്‍ സംവിധാന സഹായിയായി സൗബിന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ അമല്‍ നീരദ് സംവിധാനം ചെയ്ത അഞ്ച് സുന്ദരികള്‍, ഇയ്യോബിന്റെ പുസ്‌കം, സി.ഐ.എ എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങളും സൗബിന്‍ കൈകാര്യം ചെയ്തിരുന്നു.

ഇന്ന് മലയാളത്തിലെ തിരക്കേറിയ നടന്മാരിലൊരാളായി മാറിയിരിക്കുകയാണ് സൗബിന്‍.

അതേസമയം ഭീഷ്മ പര്‍വ്വം തിയേറ്ററുകളില്‍ തരംഗമായി മാറിയിരിക്കുകയാണ്. 400 ഓളം സ്‌ക്രീനില്‍ കളിച്ചിട്ടും ഓരോ ദിവസം കൂടുതോറും, കൂടെയുള്ള പടങ്ങളുടെ എല്ലാം തിയേറ്റര്‍ എടുത്ത് കളിച്ചിട്ടും അഡീഷണല്‍ പുലര്‍ച്ചെ ഷോകള്‍ ഓടിയിട്ടും ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണുള്ളത്.

പല തിയേറ്ററുകളും സോഷ്യല്‍ മീഡിയ പേജുകളില്‍ തിയേറ്ററിലെ തിരക്കും എക്‌സ്ട്രാ പ്ലാസ്റ്റിക് കസേരകളിട്ട് ആളുകള്‍ ഇരിക്കുന്നതുമായ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തു. വിദേശ രാജ്യങ്ങളിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

ആക്ഷനിലും സംഭാഷണങ്ങളിലും മ്യൂസികിലും ഭീഷ്മ പര്‍വ്വം വലിയ മികവ് പുലര്‍ത്തുന്നുണ്ട്. സംവിധായകന്‍ അമല്‍ നീരദിന്റെ സ്റ്റൈലിഷ് മേക്കിംഗ് തന്നെയാണ് ഭീഷ്മ പര്‍വത്തിന്റെ പ്രധാന ആകര്‍ഷണം.

സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, അനഘ, ശ്രിന്ദ, ലെന, നദിയ മൊയ്തു, ഫര്‍ഹാന്‍ ഫാസില്‍, മാലാ പാര്‍വതി, ജിനു ജോസഫ്, റംസാന്‍, സുദേവ് നായര്‍, നെടുമുടി വേണു, കെ.പി.എ.സി ലളിത തുടങ്ങി വലിയ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്.


Content Highlight: saubin shahir shares a video with amal neerad

We use cookies to give you the best possible experience. Learn more