സത്യയുടെ മരണം : രണ്ട് ഇടനിലക്കാരെ അറസ്റ്റ് ചെയ്തു
Kerala
സത്യയുടെ മരണം : രണ്ട് ഇടനിലക്കാരെ അറസ്റ്റ് ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th July 2012, 3:01 pm

തൊടുപുഴ : ഇടുക്കി പീരുമേട്ടിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി [] തേനിയില്‍ മരിച്ച സംഭവത്തില്‍ രണ്ട് ഇടനിലക്കാരെ അറസ്റ്റ് ചെയ്തു. പാമ്പനാര്‍ സ്വദേശി പനീര്‍ശെല്‍വം, സഹായി വിജയകുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

പീരുമേട്ടിലെ തോട്ടം തൊഴിലാളികളായ ചന്ദ്രന്റെയും സുശീലയുടേയും മകളായ സത്യയെ തമിഴ്‌നാട്ടില്‍ ജോലിക്ക് പോയ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മുന്‍ ഡി.എം.കെ എം.എല്‍.എ രാജ്കുമാറിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. വിഷം ഉള്ളില്‍ ചെന്നായിരുന്നു സത്യ മരണപ്പെട്ടത്.

രാജ്കുമാറിന്റെ വീട്ടില്‍ ജോലിക്കായി ഏതാനും ദിവസങ്ങള്‍ക്കുമുമ്പാണ് സത്യ തമിഴ്‌നാട്ടിലേക്ക് പോയത്. ഇതിനിടെ തനിക്ക് പെരമ്പല്ലൂരില്‍ തുടരാന്‍ കഴിയില്ലെന്ന് സത്യ വീട്ടിലേക്ക് വിളിച്ചറിയിച്ചിരുന്നു. ജൂണ്‍ 29 ന് സത്യക്ക് അസുഖമാണെന്ന് അറിയിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പെരമ്പല്ലൂരില്‍ എത്തുകയും കുട്ടിയെ തേനിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ആറാം തീയ്യതി സത്യ മരിക്കുകയും ചെയ്തു.

സംഭവത്തില്‍ ദുരൂഹത ഉണ്ടെന്ന പരാതിയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും കുട്ടി ലൈംഗികപീഡനത്തിന് ഇരയായതായി സൂചന ലഭിക്കുകയായിരുന്നു.

പീരുമേട് സി.പി.എം സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിര്‍ദ്യാത്ഥിനിയായിരുന്നു സത്യ. പെണ്‍കുട്ടിയെ വിറ്റതാണെന്നും ആരോപണമുണ്ട്.