ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബ്രിജ് ഭൂഷണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യാത്തത് അധികാരത്തിന്റെ മത്ത് പിടിച്ചത് കൊണ്ടാണ്. എന്തുകൊണ്ടാണ് ഇനിയും ബ്രിജ് ഭൂഷണെ ഇതുവരെ അറസ്റ്റ് ചെയ്യാത്തത്?
അവര്‍ കരുതുന്നത് അവര്‍ എല്ലാത്തിനും മീതെയാണെന്നാണ്. അവര്‍ക്ക് അധികാരത്തിന്റെ ഭാഷ മാത്രമെ മനസിലാകൂ. വെറുപ്പ്, വര്‍ഗീയത, വിഭാഗീയത എന്നിവയെല്ലാം രാഷ്ട്രീയത്തില്‍ നിന്നാണ് വരുന്നതെങ്കില്‍, അതിനുള്ള പ്രതിവിധിയും രാഷ്ട്രീയത്തില്‍ നിന്ന് തന്നെയാണ് വരേണ്ടത്.
അതിനാല്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ എല്ലാ ശ്രമങ്ങളും ബി.ജെ.പി വിരുദ്ധ ശക്തികളെ ഒന്നിപ്പിക്കാനാകണം,’ സത്യപാല്‍ മാലിക് പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനില്‍ ബി.ജെ.പിക്കെതിരായ ശക്തികളെ ഏകോപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ എത്തിയതായിരുന്നു സത്യപാല്‍ മാലിക്. പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ജാട്ട് വിഭാഗക്കാരനായ സോഷ്യലിസ്റ്റ് നേതാവാണ് അദ്ദേഹം.
അതേസമയം, മണിപ്പൂരില്‍ ഇന്നലെയുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ബിഷ്ണുപൂരിലെ ഒരു കലുങ്കിന് സമീപമാണ് സ്‌ഫോടനം ഉണ്ടായത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒരാളുടെ നില അതീവ ഗുരുതരമാണ്.
കലാപം തുടങ്ങി 50 ദിവസമായിട്ടും പ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പൂര്‍ണമായും പരാജയപ്പെട്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കുക്കി, മെയ്തി ഗ്രൂപ്പുകാരായ നിരവധി ബി.ജെ.പി എം.എല്‍.എമാരും മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്ങിന്റെ രാജി ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മെമ്മോറാണ്ടം സമര്‍പ്പിച്ചിട്ടുണ്ട്.
അതേസമയം, ബുധനാഴ്ച അന്തര്‍ദേശീയ യോഗദിനം ബഹിഷ്‌കരിച്ച് മണിപ്പൂരില്‍ പ്രക്ഷോഭകര്‍ തെരുവില്‍ പ്രതിഷേധിച്ചു. വംശീയ അക്രമങ്ങളില്‍ മൗനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം പ്രതിഷേധക്കാര്‍ കത്തിച്ചു. തൗബല്‍ ജില്ലയിലെ തീബല്‍ മേള ഗ്രൗണ്ടിലായിരുന്നു പ്രതിഷേധം.