അമീറിന്റെ വാചകമടി സാമ്പത്തിക ലാഭത്തിന്, പ്രതിബദ്ധത തെളിയിക്കെന്ന് മന്ത്രി
Movie Day
അമീറിന്റെ വാചകമടി സാമ്പത്തിക ലാഭത്തിന്, പ്രതിബദ്ധത തെളിയിക്കെന്ന് മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 16th May 2012, 11:33 am

ജെയ്പൂര്‍: ബോളിവുഡ് താരം അമീര്‍ അവതാരകനാകുന്ന സത്യമേവ ജയതേ എന്ന ഷോയാണ് ബി വുഡിലെ ഇപ്പോഴത്തെ സംസാരവിഷയം. ഷോയെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി അഭിപ്രായങ്ങളാണ് ദിവസവും വരുന്നത്. സര്‍ക്കാര്‍ തലത്തില്‍ വരെ ഷോ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്.

ഈ ഷോയ്‌ക്കെതിരെ പല വിമര്‍ശനങ്ങളും നേരത്തെ വന്നിരുന്നു. സത്യമേവ ജയതേയിലൂടെ അമീര്‍ രാജസ്ഥാനിലെ പെണ്‍ഭ്രൂണഹത്യകള്‍ സെന്‍സേഷണലൈസ് ചെയ്യുകയാണെന്ന ആരോപണമാണ് ഏറ്റവുമൊടുക്കും ഉയര്‍ന്നുവന്നിരിക്കുന്നത്. രാജസ്ഥാനിലെ ആരോഗ്യമന്ത്രി രാജ്കുമാര്‍ ശര്‍മയാണ് പുതിയ ആരോപണത്തിന് പിന്നില്‍.

അമീര്‍ഖാന്‍ ഈ കാമ്പയിന്‍ നടത്തുന്നതിന് മുമ്പ് തന്നെ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. പെണ്‍ഭ്രൂണഹത്യകള്‍ ധാരാളം നടക്കുന്ന ഏക സംസ്ഥാനം രാജസ്ഥാന്‍ എന്ന രീതിയിലാണ് അമീര്‍ഖാന്‍ പ്രശ്‌നം അവതരിപ്പിച്ചത്. ഇത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

” അമീര്‍ഖാന്റെ കാമ്പയിനുശേഷം സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചുവെന്നൊരു തോന്നലുണ്ടായിട്ടുണ്ട്. എനിക്ക് പറയാനുള്ളത് സര്‍ക്കാര്‍ നേരത്തെ തന്നെ ഈ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതാണ്. ഭ്രൂണഹത്യ തടയുമെന്ന ബജറ്റ് പ്രഖ്യാപനവും മറ്റ് പലനടപടികളും ഇതിന് ഉദാഹരണമാണ്.” ശര്‍മ പറഞ്ഞു.

” അമീര്‍ ഖാന്റെ പരിപാടി തുടങ്ങുന്നതിന് എത്രയോ മുമ്പ് തന്നെ സര്‍ക്കാര്‍ ഈ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. അദ്ദേഹം കാരണമല്ല സര്‍ക്കാര്‍ പെണ്‍ഭ്രൂണഹത്യയ്‌ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്” ശര്‍മ വ്യക്തമാക്കി.

ഈ പ്രശ്‌നത്തിന്റെ തന്റെ പ്രതിജ്ഞാബദ്ധത താഴെക്കിടയില്‍ നിന്ന് പ്രവര്‍ത്തിച്ച് അമീര്‍ തെളിയിക്കണമെന്നും അദ്ദേഹം വെല്ലുവിളിച്ചു. താന്‍ ഒരു കലാകാരനാണെന്നും ഒരു വിഷയത്തില്‍ കൂടുതല്‍ക്കാലം പ്രവര്‍ത്തിക്കാനാവില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. അതിനര്‍ത്ഥം സാമ്പത്തിക നേട്ടത്തിനുവേണ്ടി മാത്രമാണ് അയാള്‍ പ്രവര്‍ത്തിക്കുന്നതെന്നാണെന്നും ശര്‍മ ആരോപിച്ചു.

സത്യമേവ ജയതേയുടെ ആദ്യ എപ്പിസോഡിലാണ് ഖാന്‍ ഈ പ്രശ്‌നം ശ്രദ്ധയില്‍പ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യാന്‍ ഒരു അതിവേഗകോടതി തുടങ്ങണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.