ജാതി വ്യവസ്ഥയ്‌ക്കെതിരെ അമീര്‍ ഖാന്റെ സത്യമേവ ജയതേ
Movie Day
ജാതി വ്യവസ്ഥയ്‌ക്കെതിരെ അമീര്‍ ഖാന്റെ സത്യമേവ ജയതേ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 9th July 2012, 10:07 am

ന്യൂദല്‍ഹി: ഇന്ത്യയില്‍ ഇപ്പോഴും തൊട്ടുകൂടായ്മ നിലനില്‍ക്കുന്നുണ്ടെന്ന് പറഞ്ഞാല്‍ നഗരങ്ങളില്‍ ജീവിക്കുന്ന ഇന്ത്യക്കാര്‍ക്ക് അത്ര പെട്ടെന്ന് ദഹിക്കില്ല. അധികമാരും ശബ്ദമുയര്‍ത്താന്‍ ധൈര്യപ്പെടാത്ത ഈ വിഷയം തന്റെ ടെലിവിഷന്‍ പരമ്പരയായ സത്യമേവ ജയതേയിലൂടെ അവതരിപ്പിച്ച് കയ്യടി നേടിയിരിക്കുകയാണ് അമീര്‍ ഖാന്‍.

ജാതിയുടെ വേലിക്കെട്ടുകള്‍ വലിയ വിഭാഗം ജനങ്ങളുടെ സ്വപ്‌നങ്ങള്‍ തകര്‍ക്കുന്നത് ഇന്നും ഒരു യാഥാര്‍ത്ഥ്യമാണ്

ജാതിയുടെ വേലിക്കെട്ടുകള്‍ വലിയ വിഭാഗം ജനങ്ങളുടെ സ്വപ്‌നങ്ങള്‍ തകര്‍ക്കുന്നത് ഇന്നും ഒരു യാഥാര്‍ത്ഥ്യമാണെന്ന് ആമിര്‍ ഷോയില്‍ പറയുന്നു. ജാതിവ്യവസ്ഥയോടു പടവെട്ടി ജയിച്ചവര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. സമൂഹം ഒറ്റക്കെട്ടായി എതിര്‍ത്തപ്പോഴും തന്റെ പിതാവ് പിന്തുണ നല്‍കിയതാണ് ഊര്‍ജ്ജമായതെന്ന് ദല്‍ഹി സര്‍വ്വകലാശാലയിലെ സംസ്‌കൃതം പ്രോഫസറായ ഡോ. കൗശല്‍ പന്‍വാര്‍ ഓര്‍ത്തെടുത്തു. സ്‌കൂളില്‍ പോലും പ്രത്യേക യൂണിഫോമായിരുന്നു. സംസ്‌കൃതം ബ്രാഹ്മണര്‍ക്കുമാത്രമേ പഠിക്കാന്‍ കഴിയുമായിരുന്നു. ആ സമയത്താണ് താന്‍ സംസ്‌കൃതം പഠിക്കാന്‍ രംഗത്തെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

“ഇന്ത്യാ അണ്‍ടച്ച്ട്” എന്ന ഡോക്യുമെന്ററിയിലൂടെ പ്രശസ്തനായ സ്റ്റാലിന്‍ കെ. അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ വിവരിച്ചു. ജാതിവ്യവസ്ഥയ്ക്ക് ഏറ്റവും വലിയ മറുപടിയാണ് മിശ്രവിവാഹങ്ങള്‍. സാമ്പത്തിക സുരക്ഷയില്ലായ്മയാണ് ഇത്തരം വിവാഹങ്ങള്‍ക്ക് തടസമായി നില്‍ക്കുന്നത്. അതിനാല്‍ എല്ലാവരെയും ഒരേ സ്ഥാനത്തേക്ക് കൊണ്ടുവരാനായി സാമ്പത്തിക സുരക്ഷ നല്‍കാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. ഇത് വിവാഹത്തിന് മുമ്പ് തന്നെ ലഭിക്കേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ജാതി പേര് ചേര്‍ത്ത് പേരിടുന്നത് ഒഴിവാക്കുന്നതിനെക്കുറിച്ച് നമ്മള്‍ ഗൗരവമായി ആലോചിക്കേണ്ടിയിരിക്കുന്നെന്ന് ജസ്റ്റിസ് ധര്‍മാധികരി പറഞ്ഞു. ജാതി പേര് ചേര്‍ത്ത് പേരുകള്‍ വിളിക്കുന്തോറും ഉന്നതകുല ജാതരാവേണ്ടതുണ്ട് എന്ന മിഥ്യാധാരണ സമൂഹത്തില്‍ ഉറപ്പിക്കപ്പെടുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.