|

ധാര്‍ഷ്ട്യം കീഴടങ്ങി; കര്‍ഷകരുടെ സമരത്തിന് മുന്നില്‍ അഹങ്കാരം കുമ്പിട്ടെന്ന് രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ സന്തോഷം പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കര്‍ഷകരുടെ സമരത്തിന് മുന്‍പില്‍ കേന്ദ്രത്തിന്റെ ധാര്‍ഷ്ട്യം കീഴടങ്ങിയെന്നും കര്‍ഷകര്‍ക്കുമുന്‍പില്‍ അഹങ്കാരം അടിയറവു വെക്കേണ്ടി വന്നെന്നും രാഹുല്‍ പറഞ്ഞു.

‘രാജ്യത്തെ കര്‍ഷകര്‍ അവരുടെ സത്യാഗ്രഹത്തിലൂടെ അഹങ്കാരത്തെ പരാജയപ്പെടുത്തി. ജയ് ഹിന്ദ്, ജയ് ഹിന്ദ് കാ കിസാന്‍,’ രാഹുല്‍ പറഞ്ഞു.

‘എന്റെ വാക്കുകള്‍ നിങ്ങള്‍ കുറിച്ചിട്ടോളൂ, ഈ കര്‍ഷകവിരുദ്ധ നിയമം സര്‍ക്കാരിന് പിന്‍വലിക്കേണ്ടി വരും’ എന്ന് പറഞ്ഞുകൊണ്ട് കഴിഞ്ഞ ജനുവരിയില്‍ പങ്കുവെച്ച പോസ്റ്റ് റീഷെയര്‍ ചെയ്താണ് രാഹുല്‍ നിലപാട് വ്യക്തമാക്കിയത്.

കേന്ദ്രസര്‍ക്കാരിന്റെ ഈ തീരുമാനം ജനാധിപത്യത്തിന്റെ വിജയമാണെന്നും വൈകിയെത്തിയ നീതിയാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ. ആന്റണിയും പ്രതികരിച്ചു.

രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. എതിര്‍പ്പുയര്‍ന്ന മൂന്ന് നിയമങ്ങളും പിന്‍വലിക്കുന്നുവെന്നും പാര്‍ലമെന്റില്‍ ഇക്കാര്യം അറിയിക്കുമെന്നും മോദി പറഞ്ഞു.

നിയമം ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഒരാള്‍ പോലും ബുദ്ധിമുട്ടാതിരിക്കാനാണ് സര്‍ക്കാറിന്റെ തീരുമാനമെന്നും മോദി പറഞ്ഞു.

കര്‍ഷകരുടെ ക്ഷേമം മുന്‍നിര്‍ത്തിയാണ് എല്ലാം ചെയ്തത്. കര്‍ഷകരോട് ക്ഷമ ചോദിക്കുകയാണ്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കര്‍ഷകര്‍ സമരം അവസാനിപ്പിക്കണമെന്നും മോദി പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം