കോഴിക്കോട്: പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങളുടെ പിതാമഹന്‍ പാണക്കാട് ഹുസൈന്‍ ആറ്റക്കോയ തങ്ങള്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതായി ആരോപിക്കപ്പെടുന്നതെല്ലാം വ്യാജമാണെന്നും, അദ്ദേഹം ബ്രിട്ടീഷുകാരോട് മാപ്പ് പറഞ്ഞതിന്റെ രേഖകള്‍ പുറത്തുവിട്ടും സമസ്ത വിദ്യാര്‍ത്ഥി സംഘടന എസ്.കെ.എസ്.എസ്.എഫിന്റെ മുഖപത്രമായ സത്യധാരയുടെ എഡിറ്റര്‍ അന്‍വര്‍ സാദിഖ് ഫൈസി താനൂര്‍ രംഗത്ത്.
മുസ്ലിം ലീഗിന്റെയും സമസ്തയുടെയും വേദികളില്‍ നിരന്തരമായി ഉന്നയിക്കുന്ന അവകാശവാദമാണ് പാണക്കാട് ഹുസൈന്‍ ആറ്റക്കോയ തങ്ങള്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തുവെന്നത്. പൗരപ്രമുഖരുടെ സമ്മര്‍ദത്തിന് വഴങ്ങി കളവ് പറയാന്‍ തയ്യാറാവാത്തതിനാല്‍ ബ്രിട്ടീഷ് അധികാരികളാല്‍ ജയിലില്‍ അടക്കപ്പെട്ട വ്യക്തിയാന്നെന്നും അദ്ദേഹത്തെ കുറിച്ച് ഉന്നയിക്കപ്പെടുന്നു.
‘ബ്രിട്ടീഷ് സര്‍ക്കാരിനെതിരെയുള്ള തൃക്കളൂര്‍ കലാപത്തില്‍ പങ്കെടുത്തവര്‍ക്ക് ആറ്റക്കോയ തങ്ങള്‍ അരയില്‍ കെട്ടാന്‍ ഏലസ്സ് എഴുതി കൊടുത്ത് ജിഹാദിന് പ്രേരിപ്പിച്ചു. അത് ബ്രിട്ടീഷുകാര്‍ അറിഞ്ഞു. നാട്ടിലെ പൗരപ്രമുഖര്‍ തങ്ങളെ സമീപിച്ചു. ഞാനല്ല ആ ഉറുക്ക് എഴുതി കൊടുത്തത് എന്ന് മൊഴി നല്‍കി രക്ഷപ്പെടണമെന്ന് അഭ്യര്‍ത്ഥിച്ചു. പക്ഷേ തങ്ങള്‍ അത് നിരസിച്ചു. ഞാന്‍ കളവു പറയാന്‍ ഒരുക്കമല്ലെന്നും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ജയിലില്‍ പോകാന്‍ ഒരുക്കമാണെന്നും പറഞ്ഞു. അക്കാരണത്താല്‍ തങ്ങള്‍ ജയിലില്‍ അടക്കപ്പെട്ടു,’ ഇതാണ് പാണക്കാട് ഹുസൈന്‍ ആറ്റക്കോയ തങ്ങളുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കപ്പെടുന്ന കഥ.
എന്നാല്‍ കോഴിക്കോട് ആര്‍ക്കൈവില്‍ നിന്നുള്ള പഴയ രേഖകള്‍ വ്യക്തമാക്കുന്നത് മുസ്ലിം ലീഗിന്റെയും സമസ്തയുടെയും വേദികളില്‍ ഉന്നയിക്കപ്പെടുന്ന വാദങ്ങള്‍ വ്യാജമാണ് എന്നാണെന്നാണ് അന്‍വര്‍ സാദിഖ് പറയുന്നത്. പല ചരിത്രാന്വേഷികളും ആ രേഖ വെളിച്ചത്ത് കൊണ്ടുവന്നിട്ടുണ്ടെന്നും തെറ്റിദ്ധാരണയുടെ പേരിലാണ് തന്നെ അറസ്റ്റ് ചെയ്തത് എന്നും തൃക്കളൂര്‍ സമരവുമായി തനിക്ക് ബന്ധമില്ലെന്നും തനിക്ക് ലഹളക്കാരെ അറിയില്ലെന്നും അല്ലാഹുവിന്നെ സാക്ഷിയാക്കി പാണക്കാട് ഹുസൈന്‍ ആറ്റക്കോയ തങ്ങള്‍ പറഞ്ഞുവെന്നതിനുള്ള തെളിവുകളാണ് സത്യധാര എഡിറ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.
ഹുസൈന്‍ ആറ്റക്കോയ തങ്ങള്‍ അക്കാലത്തെ മലബാര്‍ കളക്ടര്‍ വില്യം ലോഗന് ജയിലില്‍ വെച്ചുകൊണ്ട് എഴുതിയ അപേക്ഷ ഇങ്ങനെ:
‘മഹാരാജാശ്രീ കോഴിക്കോട് കലക്ടര്‍ സായിപ്പവര്‍കളുടെ സംക്ഷത്തിങ്കലേക്ക്:
മദ്രാസ് ജയിലില്‍ ഇപ്പോള്‍ ഇരിക്കുന്ന പാണക്കാട് ആറ്റക്കോയ വണക്കത്തോടും കൂടി ബോധിപ്പിക്കുന്ന ഹരജി. മലപ്രത്തെ ലഹളക്ക് പുറപ്പെട്ട ചിലര്‍ എന്റെ അടുക്കല്‍ വന്നു. എന്റെ അനുവാദത്തോടുകൂടി മേപ്പടി ലഹള ഉണ്ടായതാണെന്ന സംശയത്തിന്മേല്‍ സായിപ്പവര്‍കള്‍ എന്നെ ജയിലില്‍ വെച്ചിരിക്കുന്നു. ഞാന്‍ മേപ്പടി ലഹളക്കാരെ അറിയുകയുമില്ല. അവര്‍ ആരും എന്റെ അടുക്കല്‍ വന്നിട്ടുമില്ല. ഇതില്‍ യാതൊന്നും ഞാന്‍ അറിയുകയുമില്ലെന്നതിന് പടച്ചവന്‍ സാക്ഷിയാണ്.
ആയതുകൊണ്ട് സായിപ്പവര്‍കള്‍ ദയവു ചെയ്ത് എന്നെ എന്റെ കുട്ടികളുടെ അടുക്കലേക്ക് അയപ്പിച്ചു തരുവാന്‍ കല്‍പനയാകേണ്ടതിനപേക്ഷിക്കുന്നു. അതു പാടില്ലെങ്കില്‍ മക്കത്തേക്ക് അയപ്പിച്ചു തരുവാന്‍ അപേക്ഷിക്കുന്നു. ഈ സംഗതിയെ പറ്റി മേല്‍പ്രകാരമല്ലാതെ യാതൊന്നും ഞാന്‍ അറിയുകയില്ലെന്ന് മുസഫാ നബി, ഈസാ നബി സാക്ഷിയായി തീര്‍ച്ചയായും ബോധിപ്പിക്കുന്നു. ആയതുകൊണ്ട് മേല്‍പ്രകാരം കല്‍പനക്കപേക്ഷിക്കുന്നു’
ചരിത്ര സംഭവങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ തിയതിയും വ്യക്തിയും സ്ഥലവുമെല്ലാം മാറിപ്പോകുന്നതടക്കമുള്ള പിഴവുകള്‍ സ്വാഭാവികമാണ്. എന്നാല്‍ വ്യാജമായ ചരിത്രം പറഞ്ഞുകൊണ്ട് സ്വന്തം താത്പര്യങ്ങളിലേക്ക് ജനങ്ങളെ കൊണ്ടുപോകുന്നത് മഹാപാതകമാണെന്ന് അന്‍വര്‍ സാദിഖ് ചൂണ്ടിക്കാട്ടി.
ആര് ഭരിച്ചാലും നിലവിലെ ഭരണകൂടങ്ങളോട് സഹകരിക്കുക എന്ന മതത്തിന്റെ പൊതു പോളിസിയുടെ ഭാഗമായിരുന്നു ഹുസൈന്‍ ആറ്റക്കോയ തങ്ങളടക്കമുള്ളവരെന്നും തെറ്റിദ്ധാരണയുടെ പേരില്‍ അവരില്‍ ചിലരെ സര്‍ക്കാരുകള്‍ വേട്ടയാടിയിട്ടുണ്ടന്നും അന്‍വര്‍ സാദിഖ് കൂട്ടിച്ചേര്‍ത്തു.
പാണക്കാട് പൂക്കോയ തങ്ങള്‍ ജമാത്ത് ഇസ്ലാമിയുടെ പള്ളിക്ക് തറക്കല്ലിട്ടുവെന്ന അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവിന്റെ പ്രസംഗവും ഈ അടുത്തകാലത്ത് വിവാദമായിരുന്നു. അത് നിഷേധിച്ച് സമസ്തയുടെയും മുസ്ലിം ലീഗിന്റെയും നേതാവായ അബ്ദുല്‍ സമദ് പൂക്കോട്ടൂര്‍ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ അബ്ദുല്‍ സമദ് പൂക്കോട്ടൂര്‍ പത്രാധിപസമിതി അംഗമായ പുസ്തകത്തില്‍ നിന്നുള്ള തെളിവുകള്‍ പുറത്തുവിട്ടായിരുന്നു ഹമീദ് ഫൈസി പക്ഷം അതിന് മറുപടി നല്‍കിയത്. ഈ വിവാദത്തിന്റെ പശ്ചാത്തലങ്ങളോട് കൂടിയാണ് സത്യധാര എഡിറ്ററുടെ പുതിയ വെളിപ്പെടുത്തല്‍.
Content Highlight: Satyadhara editor says about Panakkad Hussain Attakoya Thangal