കൊച്ചി: നര്‍ത്തകന്‍ ഡോ. ആര്‍.എല്‍.വി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയ കേസില്‍ നൃത്താധ്യാപിക സത്യഭാമയ്ക്ക് തിരിച്ചടി. കേസില്‍ അറസ്റ്റ് തടയണമെന്ന സത്യഭാമയുടെ ആവശ്യം ഹൈക്കോടതി തള്ളി. നെടുമങ്ങാട് എസ്.സി/എസ്.ടി പ്രത്യേക കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെയാണ് സത്യഭാമ ഹൈക്കോടതിയെ സമീപിച്ചത്.
മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട ഹരജി വെള്ളിയാഴ്ച പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. സത്യഭാമയുടെ ഹരജിയില്‍ ആര്‍.എല്‍.വി രാമകൃഷ്ണനും ഹൈക്കോടതി നോട്ടീസയച്ചു.
രാമകൃഷ്ണനെതിരെയുള്ള ജാതി അധിക്ഷേപത്തില്‍ തിരുവനന്തപുരം കണ്ടോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സത്യഭാമ മുന്‍കൂര്‍ ജാമ്യം തേടിയിരിക്കുന്നത്.
ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ആര്‍.എല്‍.വി രാമകൃഷ്ണന്റെ നിറത്തെ കുറിച്ചും പ്രകടനത്തെ കുറിച്ചും സത്യഭാമ അധിക്ഷേപ പരാമര്‍ശം നടത്തിയത്. ആര്‍.എല്‍.വി രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടം കളിക്കുന്ന പുരുഷന്‍മാര്‍ക്ക് നല്ല സൗന്ദര്യം വേണമെന്നുമാണ് സത്യഭാമ പറഞ്ഞത്.
ജാതീയ അധിക്ഷേപത്തിന്റെ വാര്‍ത്ത പുറത്ത് വന്നതോടെ നിരവധി ആളുകളാണ് സത്യഭാമക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. എന്നാല്‍ താന്‍ പറഞ്ഞ പ്രസ്താവനയില്‍ നിന്ന് പിന്മാറാന്‍ സത്യഭാമ തയ്യാറായിരുന്നില്ല.
മോഹിനിയാട്ടത്തില്‍ പി.എച്ച്.ഡിയും എം.ജി സര്‍വകലാശാലയില്‍ നിന്ന് എം.എ മോഹിനിയാട്ടം ഒന്നാം റാങ്കോടെ പാസായ ആളുമാണ് ആര്‍.എല്‍.വി രാമകൃഷ്ണന്‍.
Content Highlight: Satyabhama hit back in caste abuse case against Dr. RLV Ramakrishnan