| Friday, 4th November 2022, 9:30 pm

Saturday Night Review | ബട്ട് വൈ എന്ന് നിർത്താതെ ചോദിക്കാന്‍ തോന്നുന്ന സിനിമ

അന്ന കീർത്തി ജോർജ്

എഡിറ്റിങ്ങില്‍ സീനുകള്‍ മിസായതാണോ, സംവിധായകന്‍ ഷൂട്ട് ചെയ്യാന്‍ മറന്നതാണോ അതോ ഇനി തിരക്കഥാകൃത്ത് എഴുതാന്‍ മറന്നതാണോ അറിയില്ല, കാരണമെന്തായാലും എങ്ങും എവിടെയും എത്താതെ പോകുകയാണ് സാറ്റര്‍ഡേ നൈറ്റ്.

റോഷന്‍ ആന്‍ഡ്രൂസ് നിവിന്‍ പോളിയെയും സംഘത്തെയും കൂട്ടി സൗഹൃദത്തിന്റെ അഗാധ തലങ്ങള്‍ കാണിച്ചുതരാനുള്ള ഒരു കഠിന പ്രയത്‌നമാണ് ഈ സിനിമയില്‍ നടത്തുന്നത്.

പക്ഷെ എന്തൊക്കെ കാണിച്ചു കൂട്ടിയിട്ടും സ്റ്റാന്‍ലിയും അജിത്തും ജസ്റ്റിനും സുനിലും തമ്മില്‍ എങ്ങനെ എവിടെ നിന്ന് സുഹൃത്തുക്കളായെന്ന് പോലും പിടികിട്ടിയില്ല. സൗഹൃദം അനുഭവവേദ്യമാക്കാനും ആഘോഷിക്കാനും വേണ്ടി മാത്രം എടുത്ത ചിത്രത്തില്‍ ഒരിക്കല്‍ പോലും ഈ സുഹൃത്തുക്കള്‍ തമ്മില്‍ ഒരു കണക്ഷനും പ്രേക്ഷകര്‍ക്കും കിട്ടുന്നില്ല.

ചിത്രത്തിന്റെ തുടക്കത്തില്‍, സിജു വില്‍സണ്‍ അവതരിപ്പിച്ച അജിത്തും ഗ്രേസ് ആന്റണിയുടെ സൂസനും വിവാഹിതരാകുന്നത് കാണുന്ന സമയത്ത് തന്നെ ‘എങ്ങനെ…എന്തിന്’ എന്നൊരു സംശയം മനസില്‍ വരും.

വീണ്ടും പല തവണ ഈ സംശയം ആവര്‍ത്തിക്കപ്പെടാനുള്ള സാധ്യതയുള്ളതിനാല്‍ കുറച്ച് കഴിഞ്ഞാല്‍ പ്രേക്ഷകര്‍ പൊറുക്കുമെന്നും സിനിമയോട് പൊരുത്തപ്പെടുമെന്നും അണിയറ പ്രവര്‍ത്തകര്‍ കരുതിയിരിക്കാനാണ് സാധ്യത.

മൈസൂരിലാണ് സിനിമ നടക്കുന്നത്. മൈസൂരിലെ മലയാളികളും കുടുംബങ്ങളുമാണ് ചിത്രത്തിലുള്ളത്. സ്റ്റാന്‍ലി, അജിത്ത്, ജസ്റ്റിന്‍, സുനില്‍ എന്നിവര്‍ തമ്മിലുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പ് ചാറ്റുകള്‍ കാണിച്ചുകൊണ്ടാണ് സിനിമയുടെ തുടക്കം.

നിവിന്‍ പോളിയും സിജു വില്‍സണും സൈജു കുറുപ്പും അജു വര്‍ഗീസുമാണ് ഈ സുഹൃത്തുക്കള്‍. വര്‍ഷങ്ങളുടെ ഗ്യാപ്പില്‍ ഇവരെ കാണിക്കുന്നുണ്ട്. കഥാപാത്രങ്ങളുടെ കോളേജ് കാലമോ, പഠനക്കാലം കഴിഞ്ഞിരിക്കുന്ന സമയമോ ആണ് ആദ്യം കാണിച്ചത് എന്ന് ‘കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്ന് എഴുതി കാണിക്കുമ്പോള്‍ മാത്രമാണ് മനസിലാകുന്നത്.

ഇതില്‍ നിവിന്‍ പോളിയുടെ സ്റ്റാന്‍ലിയാണ് ഗ്യാങ്ങിന്റെ തലവനെന്ന് പറയാം. ഇയാള്‍ക്ക് സുഹൃത്തുക്കളില്ലാതെ കഴിയാനാകാത്തതിന്റെ കാരണം ഒരു ഘട്ടത്തില്‍ പറയുന്നുണ്ട്. സുനിലും അത്തരത്തിലുള്ള കഥാപാത്രമാണ്. മറ്റ് രണ്ട് പേരും ഇതില്‍ നിന്നും അല്‍പം വ്യത്യസ്തരാണ്.

സ്വഭാവത്തിലെ ഈ വ്യത്യാസം സിനിമ പല സാഹചര്യങ്ങളിലായി കാണിച്ചു തന്നിട്ടുണ്ട്. ഇത് മാത്രമാണ് ചിത്രത്തിലെ കഥാപാത്രസൃഷ്ടികളില്‍ ആകെ ഇന്‍ട്രസ്റ്റിങ്ങായി തോന്നിയ കാര്യം. മറ്റൊരു തരത്തിലും കഥാപാത്രങ്ങളെ ആഴത്തില്‍ പഠിച്ച ശേഷമല്ല ഒരുക്കിയിട്ടുള്ളത്. യാതൊരുവിധ ചിന്താശേഷിയുമില്ലാത്ത കുറച്ച് കഥാപാത്രങ്ങളെ ഒന്നിച്ചു ചേര്‍ത്താണ് കഥ ആലോചിച്ചത് എന്ന് പോലും പലപ്പോഴും തോന്നിപ്പോകും.

എല്ലാ കഥാപാത്രങ്ങളിലും കൃത്രിമത്വം നിറച്ചുവെച്ചിട്ടുണ്ട്. സുനിലിന്റെ കഥാപാത്രം ഇതിന്റെ കൊടുമുടിയാണെന്ന് പറയാം. ഇയാളുടെ സോഷ്യല്‍ സ്റ്റാറ്റസും ദൈന്യതയും കാണിക്കാന്‍ വേണ്ടി പഴകിത്തേഞ്ഞ രീതികളാണ് ചിത്രം ഉപയോഗിച്ചിരിക്കുന്നത്.

നിവിന്‍ പോളിയുടെ സ്റ്റാന്‍ലി അപൂര്‍വം ചില സന്ദര്‍ഭങ്ങളിലൊഴികെ മറ്റെല്ലാ സമയത്തും കൈവിട്ടു പോയ നിലയിലായിരുന്നു. അജു വര്‍ഗീസ് ഇടക്ക് കുറച്ച് സീരിയസാകുമെങ്കിലും ബാക്കി നേരത്തെല്ലാം തന്റെ സ്ഥിരം പാറ്റേണിലാണ്. സിജു വില്‍സണും സൈജു കുറുപ്പും പെര്‍ഫോം ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും തങ്ങള്‍ക്ക് ലഭിച്ച കഥാപാത്രങ്ങളുടെയും തിരക്കഥയുടെയും ‘ക്വാളിറ്റി’ കൊണ്ട് നിസഹായരാവുകയാണ്.

ചിത്രത്തിലെ പ്രധാന കഥാപാത്രമല്ലെങ്കിലും പെര്‍ഫോമന്‍സ് കൊണ്ട് തന്റെ വേഷത്തെ ഗംഭീരമാക്കിയത് ഗ്രേസ് ആന്റണിയാണ്. സൂസനെ കുറച്ച് കൂടി സമയം കണ്ടിരിക്കാന്‍ തോന്നും. പക്ഷെ അവരെ വരെ ഒരു അറുബോറന്‍ ഡയലോഗ് നല്‍കി അവസാനത്തിലേക്ക് വെറുപ്പിക്കുന്നുണ്ട്.

സാനിയയുടെ വൈഷ്ണവി ആരാണെന്നോ എന്താണെന്നോ മനസിലാക്കാന്‍ വരെ ഒരുപാട് സമയമെടുത്തിരുന്നു. മറ്റുള്ളവര്‍ തമ്മിലുള്ള സൗഹൃദത്തെ വൈഷ്ണവി ഇങ്ങനെ കട്ട ഇമോഷണലായി നോക്കിനില്‍ക്കുന്നത് കണ്ടപ്പോള്‍ ചിരിയായിരുന്നു വന്നത്.

പൊലീസ് സ്റ്റേഷനിലേക്കോ വക്കീലിനെ കാണാനോ എന്തിന് അപ്പുറത്തെ വീട്ടിലേക്ക് പോകാനോ ആയാലും ബെക്കില്‍ ഹിമാലയന്‍ ട്രിപ്പിനുള്ള കെട്ടും ഭാണ്ഡവുമായേ ഇറങ്ങൂ എന്ന വിധമായിരുന്നു ഈ കഥാപാത്രം.

പാളിച്ചകള്‍കൊണ്ട് സമ്പന്നമായ നവീന്‍ ഭാസ്‌കറിന്റെ തിരക്കഥയും റോഷന്‍ ആന്‍ഡ്രൂസിന്റെ അടിമുടി പാളിയ സംവിധാനവും തന്നെയാണ് സാറ്റര്‍ഡേ നൈറ്റിലെ വില്ലന്‍. തട്ടിക്കൂട്ടിയെടുത്ത ചിത്രമെന്ന ഫീലാണ് സിനിമ ഉടനീളം നല്‍കുന്നത്.

ജേക്ക്‌സ് ബിജോയിയുടെ സംഗീതം സിനിമയുടെ ഒരു ഘട്ടത്തിലും ആസ്വദ്യമാകുന്നില്ല എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സൗഹൃദത്തിന്റെ സിമ്പലായി കാണിക്കുന്ന ഒരു പാട്ട് ചിത്രത്തിലുണ്ട്. സിനിമയില്‍ പല തവണ ആവര്‍ത്തിച്ചിട്ടും ഒരിക്കലും മനസില്‍ നില്‍ക്കാത്ത എന്തോ ഒരുതരം സംഗീതശകലമായിരുന്നു അത്.

സിനിമയുടെ സെറ്റിലടക്കം വല്ലാത്ത ഒരു കൃത്രിമത്വമുണ്ടായിരുന്നു. പാര്‍ട്ടിക്ക് പോകുന്ന ക്ലബും ഇവരുടെ ഹാങ് ഔട്ട് സ്ഥലമായ വെയര്‍ ഹൗസും മുറ്റത്ത് ഇടക്ക് കാണുന്ന ചെടികളുമടക്കും പലതും ഇത്തരത്തിലുള്ളതായിരുന്നു.

ഒരു ലോജിക്കും തോന്നാത്ത നിരവധി സീനുകളുടെ ഘോഷയാത്രയും ഈ ചിത്രത്തിലുണ്ടായിരുനു. അജിത്തും ജസ്റ്റിനും സ്റ്റാന്‍ലിനെ പോലെ പെട്ടെന്ന് വസ്ത്രം ധരിക്കാന്‍ തുടങ്ങുന്നതും, മൂന്ന് ദിവസം കഴിഞ്ഞും ഒരു ചുളിവും പറ്റാത്ത വസ്ത്രങ്ങളും, പൊലീസ് വന്‍ അന്വേഷണം നടത്തുമ്പോഴും വെയര്‍ ഹൗസില്‍ ആഘോഷമായി കഴിയാന്‍ സാധിക്കുന്നതും തുടങ്ങി ഒരുപാടുണ്ട് നൂലില്‍ തൂക്കാന്‍.

സുനില്‍ സുഹൃത്തുക്കളോട് വേര്‍പിരിയുന്നതായി കാണിക്കുന്ന സ്ഥലവും വെയര്‍ഹൗസും ഒന്ന് തന്നെയാണോ അതോ രണ്ടാണോ എന്നൊക്കെയുള്ള സംശയങ്ങള്‍ വേറെ. പിന്നെ ബെറ്റ് വെച്ച് പെണ്‍കുട്ടികളെ വളക്കാന്‍ ഇറങ്ങുന്ന ‘നുറുങ്ങ് തമാശകളും’ ഉണ്ട്. പക്ഷെ സിനിമ മൊത്തം തവിടുപൊടിയായി കിടക്കുന്ന സമയത്ത് ഇതിനൊന്നും വലിയ പ്രാധാന്യമില്ല.

Content Highlight: Saturday Night Review

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more