| Saturday, 4th August 2018, 9:47 am

അമൃതാനന്ദമയി മഠത്തില്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയായ സത്‌നാം സിങ് കൊല്ലപ്പെട്ടിട്ട് ഇന്ന് ആറു വര്‍ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മാതാ അമൃതാനന്ദമയിയെ ആക്രമിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ക്രൂര മര്‍ദ്ദനത്തിന് ഇരയായ സത്‌നാം സിങ് എന്ന യുവാവ് കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ആറ് വര്‍ഷം. മുസ്‌ലിം പ്രാര്‍ത്ഥനാ മന്ത്രം ഉറക്കെ ചൊല്ലിയതിന് മഠത്തിലെ സുരക്ഷാ ജീവനക്കാര്‍ സത്‌നാം സിങിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് 2012 ആഗസ്റ്റ് 4ാം തിയ്യതിയാണ് പേരൂര്‍കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലിരിക്കെ സത്‌നാം സിങിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ലക്നൗവിലെ റാം മനോഹര്‍ ലോഹിയ ലോ യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന കാലത്താണ് ആത്മീയാന്വേഷണത്തിലേക്ക് സത്നാം തിരിയുന്നത്. പിന്നീട് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ തന്റെ ആത്മീയാന്വേഷണ യാത്രയുമായി സത്നാം സഞ്ചരിച്ചു. ഒടുക്കം കേരളത്തിലുമെത്തി. നാരായണഗുരുവിന്റെയും നടരാജഗുരുവിന്റെയും ചിന്തകളില്‍ ആകൃഷ്ടനായാണ് സത്നാം കേരളത്തിലെത്തുന്നത്.

2012 ആഗസ്റ്റ് ഒന്നാം തിയതി സത്നാംസിങ് വള്ളിക്കാവിലെ അമൃതാനന്ദമയിയുടെ അമൃതപുരി ആശ്രമത്തില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് അമൃതാനന്ദമയി കടന്നു വരുമ്പോള്‍ അവരെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് അമൃതാനന്ദമയിയുടെ സുരക്ഷാജീവനക്കാര്‍ സത്നാമിനെ മര്‍ദ്ദിച്ചിരുന്നു.

എന്നാല്‍ അമൃതാനന്ദമയിയുടെ ചുറ്റിലും ഒരു വലയം ഞാന്‍ നിരീക്ഷിച്ചുവെന്നും അവരെ രക്ഷിക്കാനാണ് ശ്രമിച്ചതെന്നും സത്നാം പോലീസിനോട് പറഞ്ഞെങ്കിലും ഇയാള്‍ക്ക് നേരെ വധശ്രമമടക്കമുള്ള കേസ്സുകള്‍ ചാര്‍ജ്ജ് ചെയ്യുകയാണുണ്ടായത്.

സത്നാമിന്റെ വീടുമായി ഫോണില്‍ ബന്ധപ്പെട്ട പോലീസിനോട് ഇദ്ദേഹം മാനസികാസ്വാസ്ഥ്യത്തിന് ചികിത്സിക്കുന്നുണ്ടെന്ന് അച്ഛന്‍ അറിയിച്ചു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ സത്നാമിന് വിദഗ്ദ ചികിത്സ ആവശ്യമാണെന്ന് ശുപാര്‍ശ ചെയ്തു. എന്നാല്‍ അതൊന്നും കൂട്ടാക്കാതെ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സത്നാംസിങ് അടുത്ത ദിവസം രാത്രിയോടെ മരണപ്പെടുകയായിരുന്നു. 77 ഓളം മുറിവുകളായിരുന്നു സത്നാമിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നത്.

സത്നാമിന്റെ ശരീരത്തില്‍ 77 മുറിവുകള്‍ ഉണ്ടായിരുന്നതായും, തലച്ചോറിലും കഴുത്തിന്റെ പിന്‍ഭാഗത്തുമേറ്റ ശക്തമായ ആഘാതമാണ് മരണകാരണമെന്നും, ഇത് മരിക്കുന്നതിന്റെ ഇരുപത്തിനാല് മണിക്കൂര്‍ മുന്നെ സംഭവിച്ചതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നുണ്ട്.

ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസില്‍ ആറ് പേര്‍ക്കെതിരെയായിരുന്നു വിചാരണ. എന്നാല്‍ സത്നാംസിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട് കാര്യക്ഷമമായ അന്വേഷണം നടന്നിട്ടില്ലെന്ന് കണ്ടെത്തിയ ഹൈക്കോടതി നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു.

Also Read നാരായണന്‍കുട്ടി, സത്‌നാംസിങ്, ഒടുവില്‍ മാരിയോ പോള്‍ അമൃതാനന്ദമയി മഠത്തില്‍ എന്താണ് സംഭവിക്കുന്നത്?

സത്നാമിന് നീതിയാവശ്യപ്പെട്ട് ഇദ്ദേഹത്തിന്റെ കുടുംബവും ബന്ധുക്കളും നിരവധി തവണ കേരളത്തിലെ രാഷ്ട്രീയനേതാക്കളെയും മറ്റും കണ്ടുവെങ്കിലും, പല തവണ സെക്രട്ടറിയേറ്റിനു മുന്നില്‍ സത്യാഗ്രഹമിരുന്നുവെങ്കിലും കാര്യമായൊരു നടപടിയും ഈ കേസിന്‍മേലുമുണ്ടായില്ല. അന്വേഷണ ഉദ്യോഗസ്ഥയായി ചുമതലയെടുത്ത ബി.സന്ധ്യ ഐ.പി.എസ് അമൃതാനന്ദമയിയുടെ കാല്‍ക്കീഴില്‍ വീണ് അനുഗ്രഹം വാങ്ങിയാണ് കേസന്വേഷണം ആരംഭിച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

വിവിധ കേസുകളില്‍ പ്രതികളായ മാനസികരോഗികള്‍ എന്നു പേരില്‍ കഴിയുന്ന നാലു പേരെ പ്രതികളാക്കിയാണ് സംഭവത്തില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഐ.ജി ബി. സന്ധ്യയാണ് ആദ്യം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കൊല്ലം സ്വദേശി മഞ്ചീഷ്, തിരുവനന്തപുരം സ്വദേശികളായ ബിജു, ദിലീപ്, ആലപ്പുഴ സ്വദേശി ശരത് ചന്ദ്രന്‍ എന്നിവരായിരുന്നു സംഭവത്തിലെ പ്രതികള്‍.

സഹതടവുകാരുമായി സത്നാംസിങ് ബലപ്രയോഗം നടത്തുന്നതുകണ്ട വാര്‍ഡന്‍ വിവേകാനന്ദനും അറ്റന്‍ഡര്‍ അനില്‍കുമാറും സത്നാമിനെ കൈയേറ്റം ചെയ്തുവെന്നാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞത്.

എന്നാല്‍ അന്വേഷണവും എവിടേയും എത്തിയിരുന്നില്ല. കേസില്‍ സ്വതന്ത്രമായ അന്വേഷണമാവശ്യപ്പെട്ട് സത്നാമിന്റെ അച്ഛന്‍ ഹരീന്ദ്രകുമാര്‍ സിങ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിന്‍മേലുള്ള വിശദീകരണത്തില്‍, കേസന്വേഷണത്തില്‍ വീഴ്ച്ചപറ്റിയെന്ന് അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സമ്മതിച്ചിരുന്നു. തുടര്‍ന്ന് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടെങ്കിലും കേസ് ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് സി.ബി.ഐ വ്യക്തമാക്കുകയായിരുന്നു.

ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് ഈ കേസില്‍ ഉടനീളം നടന്നത്. സത്‌നാം സിംങ് കൊല്ലപ്പെട്ടിട്ട് ആറു വര്‍ഷം തികയുമ്പോഴും കേസ് എങ്ങുമെത്താതെ നിക്കുകയാണ്. ഇതിനിടെ കേസിലെ ഒരു പ്രതി ആത്മഹത്യ ചെയ്യുകയും ഒരാള്‍ മരണപ്പെടുകയും ചെയ്തു. ഹൈക്കോടതിയില്‍ കേസ് നിരന്തരം മാറ്റിവെയ്ക്കുകയാണ്. നിരപരാധിയായ ഒരു യുവാവ് കൊല്ലപ്പെട്ടി്ട്ട് ആറുവര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ കുടുംബത്തിന് നീതി ലഭിച്ചിട്ടില്ല.

We use cookies to give you the best possible experience. Learn more