കൊച്ചി: മാതാ അമൃതാനന്ദമയിയെ ആക്രമിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച ബീഹാര്‍ സ്വദേശി സത്‌നാംസിങ്ങിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യവുമായി അദ്ദേഹത്തിന്റെ കുടുംബം വീണ്ടും കേരളത്തിലെത്തി.
സത്‌നാം മരണപ്പെട്ട് നാല് വര്‍ഷം പിന്നിടുന്ന വേളയിലാണ് പിണറായി സര്‍ക്കാരില്‍ നിന്നും നീതിതേടി സത്‌നാംസിങ്ങിന്റെ കുടുംബം കേരളത്തിലെത്തിയത്.
സത്‌നാമിന്റെ മരണം കേരള പൊലീസിലെ വിശ്വാസ്യതയുളള ഉദ്യോഗസ്ഥരെ കൊണ്ടോ, സിബിഐയെ കൊണ്ടോ അന്വേഷിപ്പിക്കണമെന്ന ആവശ്യവുമായാണ് സത്‌നാമിന്റെ അച്ഛന്‍ ഹരീന്ദ്രകുമാര്‍ സിങ്ങും ബന്ധുക്കളും വീണ്ടും കേരളത്തില്‍ എത്തിയിരിക്കുന്നത്.
ഇന്ന് സെക്രട്ടറിയേറ്റ് നടയില്‍ നടക്കുന്ന പ്രതിഷേധ പരിപാടിയെ തുടര്‍ന്ന് ഇവര്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കും. കൂടാതെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മന്ത്രിമാരായ വി.എസ് സുനില്‍കുമാര്‍, മാത്യു ടി തോമസ് എന്നിവരുമായി കൂടിക്കാഴ്ചയും നടത്തുന്നുണ്ട്.
സത്‌നാംസിങിന്റെ ദുരൂഹമരണത്തെക്കുറിച്ചുളള വിവരങ്ങള്‍ പൊതുസമൂഹത്തിന്റെ മുന്നിലെത്തിക്കാന്‍ പുസ്തകം പ്രസിദ്ധീകരിക്കുമെന്നും ബന്ധുക്കള്‍ അറിയിച്ചിട്ടുണ്ട്.
2012 ആഗസ്റ്റ് ഒന്നാം തിയതിയായിരുന്നു ബീഹാര്‍ സ്വദേശിയായ നിയമവിദ്യാര്‍ഥിയായ സത്‌നാംസിങ് വള്ളിക്കാവിലെ അമൃതാനന്ദമയിയുടെ അമൃതപുരി ആശ്രമത്തില്‍ എത്തുന്നത്. തുടര്‍ന്ന് അമൃതാനന്ദമയി കടന്നു വരുമ്പോള്‍ അവരെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് അമൃതാനന്ദമയിയുടെ സുരക്ഷാജീവനക്കാര്‍ സത്‌നാമിനെ മര്‍ദ്ദിച്ചിരുന്നു.
ഇതിന് ശേഷം ഇയാളെ കരുനാഗപ്പള്ളി പോലീസ് കസ്റ്റഡിയിലെടുക്കുകയും അടുത്ത ദിവസം പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സത്‌നാംസിങ് അടുത്ത ദിവസം രാത്രിയോടെ മരണപ്പെടുകയായിരുന്നു. 77 ഓളം മുറിവകളായിരുന്നു സത്‌നാമിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നത്.
ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസില്‍ ആറ് പേര്‍ക്കെതിരെയായിരുന്നു വിചാരണ. എന്നാല്‍ സത്‌നാംസിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട് കാര്യക്ഷമമായ അന്വേഷണം നടന്നിട്ടില്ലെന്ന് കണ്ടെത്തിയ ഹൈക്കോടതി നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു.
എന്നാല്‍ ആ അന്വേഷണവും എവിടേയും എത്തിയിരുന്നില്ല. തുടര്‍ന്ന് അമൃതാനന്ദമയി മഠത്തെയും, കരുനാഗപ്പളളി പോലീസിനെയും അന്വേഷണപരിധിയില്‍ നിന്ന് ഒഴിവാക്കുകയും കേസ് അട്ടിമറിച്ചെന്ന ആരോപണങ്ങളും ഉണ്ടായിരുന്നു.