സത്‌നാം സിങ്ങിന്റേത് കസ്റ്റഡി മരണമാണെന്ന് സര്‍ക്കാര്‍
Kerala
സത്‌നാം സിങ്ങിന്റേത് കസ്റ്റഡി മരണമാണെന്ന് സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 28th September 2012, 7:35 am

കൊച്ചി: മാത അമൃതാനന്ദമയിയെ ആക്രമിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ പിടിയിലായ ബിഹാര്‍ സ്വദേശി സത്‌നാം സിങ്ങിന്റേത് കസ്റ്റഡി മരണമാണെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട്. സത്‌നാമിന്റെ ദേഹത്ത് 77 ഓളം മുറിവുകള്‍ ഉണ്ടായിരുന്നു. ഇതില്‍ പലതും മര്‍ദിക്കാന്‍ ഉപയോഗിക്കുന്ന കേബിള്‍, വടി എന്നിവ കൊണ്ടാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.[]

സത്‌നമിന്റെ കൊലപാതകക്കേസില്‍ തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലെ അറ്റന്‍ഡര്‍ അനില്‍കുമാര്‍, വാര്‍ഡന്‍ വിവേകാനന്ദന്‍ എന്നിവരുടെ ജാമ്യഹരജി പരിഗണിക്കവേയാണ് സര്‍ക്കാറിന് വേണ്ടി ഹാജരായ പ്രോസിക്യൂഷന്‍ ജനറല്‍ ടി. ആസിഫ് അലി ഇക്കാര്യം പറഞ്ഞത്. ഇവര്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ഒക്ടോബര്‍ 10 മുതല്‍ അനില്‍ കുമാറും വിവേകാനന്ദനും കസ്റ്റഡിയിലാണ്.

സത്‌നാം സിങ്ങും മറ്റൊരു അന്തേവാസിയും തമ്മിലുള്ള തര്‍ക്കം കൈയാങ്കളിയിലെത്തിയപ്പോള്‍ തങ്ങള്‍ ഇരുവരേയും പിടിച്ചുമാറ്റാന്‍ ശ്രമിക്കുക മാത്രമാണ് ചെയ്തതെന്നാണ്  പ്രതികളുടെ നിലപാട്. അതിനിടെ അവിടെ ജോലിക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള നാല് പേര്‍ കൂടി എത്തുകയും ഇവര്‍സത്‌നാം സിങ്ങിനെ പിടിച്ചുമാറ്റുന്നതിനിടെയാണ് തല ചുവരിലിടിച്ചതും കഴുത്തില്‍ അടിച്ചതുമെന്നാണ് ഇവര്‍ കോടതിയില്‍ ബോധിപ്പിച്ചത്.

തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രത്തിലെ സെല്ലില്‍ കയറി ആറ് പേര്‍ ചേര്‍ന്നാണ് യുവാവിനെ മര്‍ദിച്ചത്. അക്രമപ്രവണത കാണിച്ചതാണ് മര്‍ദനത്തിന് കാരണമായി പറയുന്നത്. ഇത് ഒഴിവാക്കാന്‍ സത്‌നാം സിങ്ങിനെ ഒറ്റക്ക് ഒരു സെല്ലില്‍ ഇടാമായിരുന്നുവെന്ന് സര്‍ക്കാര്‍ വാദിച്ചു. ആശുപത്രിയില്‍  നിന്ന് സെല്ലിലേക്ക് മാറ്റുമ്പോള്‍ സത്‌നാമിന്റെ ദേഹത്ത് ദേഹത്ത് കാര്യമായ പരിക്കൊന്നുമില്ലായിരുന്നുവെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു.