ന്യൂദല്‍ഹി: ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് അന്വേഷിച്ച ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സതീഷ് വര്‍മയെ പിരിച്ചുവിട്ടുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. വിരമിക്കാന്‍ ഒരു മാസം മാത്രം ബാക്കിനില്‍ക്കെയാണ് ഇദ്ദേഹത്തെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. കാലങ്ങള്‍ നീണ്ടുനിന്ന ബി.ജെ.പി സര്‍ക്കാരിന്റെ വൈരാഗ്യത്തിന് പിന്നിലെ കാരണമെന്തായിരിക്കാം? ആരായിരുന്നു സതീഷ് വര്‍മ? എന്താണ് ബി.ജെ.പി സര്‍ക്കാരിന് സതീഷ് വര്‍മയോടുള്ള വൈരാഗ്യം?
പ്രാണേഷ് പിള്ളയും ഇസ്രത്ത് ജഹാനും അടക്കമുള്ള വരെ വ്യാജ ഏറ്റുമുട്ടലിലൂടെ ഗുജറാത്ത് പൊലീസ് വധിച്ചെന്ന് കുറ്റപത്രം സമര്‍പ്പിച്ച സി.ബി.ഐ അന്വേഷണം നയിച്ച ആളാണ് സതീഷ് വര്‍മ.
ഈ മാസം 30നായിരുന്നു സതീഷ് വര്‍മ സര്‍വീസില്‍ നിന്നും വിരമിക്കാനിരുന്നത്. ഇതിന് മുന്‍പാണ് അദ്ദേഹത്തെ സര്‍വീസില്‍ നിന്നും പിരിച്ചുവിടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്.
2004 ജൂണ്‍ 15നായിരുന്നു ഇസ്രത്ത് ജഹാന്‍ എന്ന 19 വയസ്സുള്ള കോളേജ് വിദ്യാര്‍ത്ഥിയുള്‍പ്പെടെ മൂന്നുപേര്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെടുന്നത്. ഗുജറാത്തില്‍ വെച്ചായിരുന്നു സംഭവം. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ കൊലപ്പെടുത്താന്‍ ഇവര്‍ ശ്രമിച്ചിരുന്നുവെന്നും ഇസ്രത്ത് ജഹാനുള്‍പ്പെടെ നാലുപേരും ലഷ്‌കര്‍-ഇ-ത്വയിബ ഭീകരരുമാണെന്ന് ആരോപിച്ചായിരുന്നു അന്ന് പൊലീസ് ഇവരെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത്.
ഇതിന് പിന്നാലെ അന്ന് ഗുജറാത്ത് ഹൈക്കോടതി സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഈ സംഘത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥനായിരുന്നു സതീഷ് കുമാര്‍.
2011ല്‍ സംഘം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഇസ്രത്ത് ജഹാനുള്‍പ്പെടെ നാലുപേരുടെ മരണത്തിനിടയാക്കിയ ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് വ്യക്തമാക്കിയിരുന്നു.
റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സതീഷ് കുമാറിനെ ഗുജറാത്തില്‍ നിന്നും സ്ഥലം മാറ്റുകയായിരുന്നു. സി.ആര്‍.പി.എഫില്‍ ഇന്‍സ്‌പെക്ടര്‍ ജനറലായായിരുന്നു അദ്ദേഹത്തെ പിന്നീട് അധികാരികള്‍ നിയമിച്ചത്. ത്രിപുരയിലേക്കായിരുന്നു നിയമനം.
രണ്ട് വര്‍ഷത്തിന് ശേഷം അദ്ദേഹത്തെ ഷില്ലോങ്ങില്‍ നോര്‍ത്ത് ഈസ്റ്റേണ്‍ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ചീഫ് വിജിലന്‍സ് ഓഫീസറായി നിയമിക്കുകയായിരുന്നു. സതീഷ് വര്‍മയെ പുറത്താക്കാനുള്ള കാരണങ്ങളില്‍ ഒന്നായി സര്‍ക്കാര്‍ ചൂണ്ടികാണിക്കുന്നത് ഇസ്രത്ത് ജഹാന്‍ കേസിനെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കാന്‍ നോര്‍ത്ത് ഈസ്റ്റേണ്‍ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിനെ ഉപയോഗിച്ചു എന്നതായിരുന്നു.
ഏതായാലും വര്‍ഷങ്ങള്‍ സര്‍വീസില്‍ തുടര്‍ന്നിട്ടും സതീഷ് കുമാറിനോടുള്ള വൈരാഗ്യം അധികാരികള്‍ പ്രകടിപ്പിച്ചുകൊണ്ടേയിരുന്നിരുന്നു. വര്‍ഷങ്ങളോളം സര്‍വീസിലുണ്ടായിരുന്നിട്ടും ആദ്യകാലത്ത് ലഭിച്ചിരുന്ന അതേ വേതനം തന്നെയാണ് സതീഷ് വര്‍മയ്ക്ക് അധികാരികള്‍ ഇപ്പോഴും നല്‍കിയിരുന്നത്. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം സതീഷ് വര്‍മയ്ക്ക് പ്രൊമോഷനുകളും ലഭിച്ചിട്ടില്ല.
നിലവില്‍ തമിഴ്നാട്ടിലെ സെന്‍ട്രല്‍ ട്രെയിനിങ് കോളേജിന്റെ (സി.ടി.സി) പ്രിന്‍സിപ്പളായാണ് സതീഷ് വര്‍മയെ നിയമിച്ചിരിക്കുന്നത്. പതിനാലാം പേ ഗ്രേഡ് റാങ്കിലാണ് അദ്ദേഹത്തിന്റെ നിയമനം.
സതീഷ് വര്‍മയേക്കാള്‍ ജൂനിയറായ പലരും പേ ഗ്രേഡ് ലെവലായ 16, 17 വരെ എത്തിയിരിക്കുന്നതിനിടയിലാണ് വര്‍ഷങ്ങളോളം സര്‍വീസില്‍ തുടരുന്ന സതീഷ് 14-ാം ഗ്രേഡില്‍ തുടരുന്നത്. 16, 17 ലെവലുകളാണ് രാജ്യത്തെ ഏറ്റവും മുതിര്‍ന്ന ഐ.പി.എസ് ഓഫീസര്‍മാരുടെ ശമ്പള ഗ്രേഡുകള്‍.
കേസുമായി ബന്ധപ്പെട്ട് മുന്‍ പൊലീസ് ഡയറക്ടര്‍ ജനറല്‍ പി.പി. പാണ്ഡെ, ഡി.ജി. വന്‍സാര, ഐ.ജി.പി ജി.എല്‍. സിംഗാള്‍, റിട്ടയേര്‍ഡ് പൊലീസ് സൂപ്രണ്ട് എന്‍.കെ. അമിന്‍, മുന്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് തരുണ്‍ ബരോട്ട് എന്നിവരുള്‍പ്പെടെയുള്ള മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തിയായിരുന്നു വര്‍മ.
ഓഗസ്റ്റ് 30 നാണ് അദ്ദേഹത്തെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. എന്നാല്‍ പിരിച്ചുവിട്ടതില്‍ സതീഷ് വര്‍മ പ്രതികരിച്ചില്ല. സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വിഷയത്തില്‍ അഭിപ്രായം പറയാന്‍ വിസമ്മതിച്ചിരുന്നു.
തനിക്കെതിരായ സര്‍ക്കാര്‍ മുന്നോട്ടുവെച്ച അച്ചടക്ക നടപടികളെ ചോദ്യം ചെയ്ത് വര്‍മ ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. സെപ്റ്റംബര്‍ ഒന്ന് മുതല്‍ പിരിച്ചുവിടല്‍ ഉത്തരവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. സെപ്റ്റംബര്‍ 19 വരെ സതീഷ് വര്‍മയെ പിരിച്ചുവിടാന്‍ പാടില്ലെന്നായിരുന്നു കോടതി വ്യക്തമാക്കിയത്. നിലവില്‍ ഈ ഉത്തരവിനെതിരെ വര്‍മ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.
സതീഷ് വര്‍മയെ പിരിച്ചുവിട്ടതിന് പിന്നാലെ സര്‍ക്കാര്‍ നടപടിക്കെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. റിട്ടയറായാലും സര്‍ക്കാരിന്റെ ഒരു ആനുകൂല്യങ്ങളും അദ്ദേഹത്തിന് ലഭിക്കാതിരിക്കാനുള്ള ബി.ജെ.പിയുടെ ഗൂഢനീക്കമാണ് ഇതിന് പിന്നിലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
Content Highlight: Satish verma who investigated Israt jahan fake encounter case to be expelled from service before retirement