ജയ്പൂര്‍: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന രാജസ്ഥാനില്‍ ഗെലോട്ട് ക്യാംപിലെ എം.എല്‍.എമാരെ ജയ്‌സാല്‍മീറിലേക്ക് മാറ്റിയ നടപടിയില്‍ പരിഹസിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സതീഷ് പൂനിയ. ജയ്‌സാല്‍മീറില്‍ നിന്നും പാകിസ്താന്‍ അടുത്താണെന്നായിരുന്നു സതീഷ് പൂനിയയുടെ പ്രസ്താവന.
‘എല്ലാരും ഇപ്പോള്‍ ഒരുമിച്ചുണ്ട്, പേടിക്കാനൊന്നുമില്ല, അവിടെ ജനാധിപത്യവുമുണ്ട്. എല്ലാം ശരിയാണെങ്കില്‍ ഈ ശക്തിപ്പെടുത്തല്‍ ശ്രമം എന്തിനാണ്? ആരാണ് വില്‍പ്പനയ്ക്ക്? അവരുടെ പേരുകള്‍ പരസ്യമാക്കൂ. നിങ്ങളുടെ ശക്തിയിലെ അവിശ്വാസവും വ്യക്തമാക്കൂ. ജയ്പൂരില്‍ നിന്ന് ജയ്‌സാല്‍മീറിലേക്കെത്തിക്കഴിഞ്ഞാല്‍ പാകിസ്താന്‍ അടുത്ത് തന്നെയുണ്ട്,’ സതീഷ് പൂനിയ പറഞ്ഞു.
ജൂലൈ 13 മുതല്‍ ജയ്പൂരിലെ ഹോട്ടലിലാണ് ഗെലോട്ട് ക്യാംപിലെ എം.എല്‍.എമാരെ താമസിപ്പിച്ചിരിക്കുന്നത്. ജയ്പൂരില്‍ നിന്നും 550 കിലോമീറ്റര്‍ ദൂരെയുള്ള ജയ്‌സാല്‍മീറിലേക്ക് 50ഓളം എം.എല്‍.എമാരെ ഇതുവരെ മാറ്റിയിട്ടുണ്ട്.
ഗെലോട്ട് പക്ഷത്തെ എം.എല്‍.എമാരെ പണം കൊടുത്ത് ബി.ജെ.പി വിലക്കുവാങ്ങാന്‍ ശ്രമിക്കുന്നതായുള്ള വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് എം.എല്‍.എമാരെ മാറ്റാന്‍ ഗെലോട്ട് തീരുമാനിച്ചത്.
നിയമസഭാ സമ്മേളനത്തിന്റെ തിയതി പ്രഖ്യാപിച്ചതോടെ കുതിരക്കച്ചവടത്തിലെ വിലയും കൂടിയെന്ന് ഗെലോട്ട് പറഞ്ഞിരുന്നു. ആദ്യം 10 കോടിയും പിന്നീട് 15 കോടിയും ആയിരുന്നത് ഇപ്പോള്‍ എത്ര വേണമെങ്കിലും തരാം എന്ന നിലയിലായിട്ടുണ്ടെന്നായിരുന്നു ഗെലോട്ട് പറഞ്ഞത്.
ആഗസ്റ്റ് 14 നാണ് രാജസ്ഥാനില്‍ നിയമസഭാ സമ്മേളനം നടക്കുന്നത്. നിയമസഭ വിളിച്ച് ചേര്‍ക്കുമ്പോള്‍ വിശ്വാസ വോട്ടെടുപ്പ് നടത്തുമെന്ന് ഗെലോട്ട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയാണ് ഗെലോട്ട് ക്യാംപിലെ എം.എല്‍.എമാര്‍ക്ക് പണം വാഗ്ദാനം ചെയ്യുന്നതായുള്ള വാര്‍ത്തകള്‍ പുറത്ത് വരുന്നത്.
കനത്ത സുരക്ഷയോടെയാണ് എം.എല്‍.എമാരെ ജയ്‌സാല്‍ മീറിലെ സൂര്യഗര്‍ ഹോട്ടലിലേക്ക് മാറ്റിയത്. ഒരുമാറ്റത്തിന് വേണ്ടി ഞങ്ങള്‍ ജയ്സാല്‍മീറിലേക്ക് പോവുകയാണ് എന്നാണ് കോണ്‍ഗ്രസ് എം.എല്‍.എ പ്രശാന്ത് ബൈര്‍വ പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ