| Sunday, 29th March 2020, 8:18 am

"രാമരാജ്യത്തിലേക്ക് ഇനി എത്ര ദൂരം നടക്കണം അച്ഛാ?"; അതിഥി സംസ്ഥാനത്തൊഴിലാളികളുടെ പലായനത്തില്‍ ശ്രദ്ധേയമായി കാര്‍ട്ടൂണുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതിസന്ധിയിലായ ഉത്തരേന്ത്യന്‍ അതിഥി സംസ്ഥാനത്തൊഴിലാളികള്‍ കൂട്ടത്തോടെ പലായനം ചെയ്യുന്ന വാര്‍ത്തകള്‍ ഓരോന്നായി പുറത്തുവരുമ്പോള്‍ ശ്രദ്ധേയമായി കാര്‍ട്ടൂണ്‍. പിതാവിന്റെ തോളിലിരുന്ന് ഒരു കുട്ടി ഇനി എത്ര ദൂരം അകലെയാണ് രാമരാജ്യം എന്ന് ചോദിക്കുന്നതാണ് കാര്‍ട്ടൂണ്‍.

സതീഷ് ആചാര്യ എന്ന കാര്‍ട്ടൂണിസ്റ്റാണ് ഈ കാര്‍ട്ടൂണിന് പിന്നില്‍. ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ സതീഷിന്റെ കാര്‍ട്ടൂണ്‍ പലരും പങ്കുവെച്ചിട്ടുണ്ട്.

ഇന്ത്യന്‍ എക്‌സ്പ്രസിലെ ഇ.പി ഉണ്ണിയാണ് അതിഥി സംസ്ഥാനത്തൊഴിലാളികളുടെ പലായനം ആദ്യം കാര്‍ട്ടൂണിലേക്ക് കൊണ്ടുവരുന്നത്. എല്ലാവര്‍ക്കും വീട്ടിലിരുന്ന് ജോലി ചെയ്യാനുതകുന്ന വീടുകള്‍ നിര്‍മ്മിക്കാന്‍ ഞങ്ങള്‍ക്ക് തിരിച്ചുവരാനാകുമെന്ന് പ്രതീക്ഷിക്കുന്നു എന്ന കാര്‍ട്ടൂണായിരുന്നു മലയാളി കൂടിയായ ഉണ്ണി വരച്ചത്.

പ്രധാനമായും ദല്‍ഹിയില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നുമാണ് തൊഴിലാളികള്‍ പലായനം ചെയ്യുന്നത്. കൂട്ടമായി പിഞ്ചുകുട്ടികളെയടക്കം എടുത്താണ് തൊഴിലാളികള്‍ കാല്‍നടയായി കിലോമീറ്ററുകള്‍ താണ്ടുന്നത്.

നേരത്തെ വിഷയത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവം ചൂണ്ടിക്കാണിച്ച് പ്രതിപക്ഷനേതാക്കളായ രാഹുല്‍ ഗാന്ധിയും സീതാറാം യെച്ചൂരിയും അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.

രാജ്യത്തെ ഏറ്റവും പാവപ്പെട്ടവരെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് യാതൊരു ആശങ്കയുമില്ലെന്ന് യെച്ചൂരി പറഞ്ഞു.

‘ഇത് മോദിയുടെ മൂക്കിന് കീഴിലുള്ള രാജ്യതലസ്ഥാനത്താണ്. ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനുമുമ്പ് കേന്ദ്രം ഒരു ആസൂത്രണമോ തയ്യാറെടുപ്പോ നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കുന്നുണ്ട് ഈ കാഴ്ചകള്‍. ദരിദ്രരേയും ദുര്‍ബലരേയും പരിഗണിക്കുന്നില്ല.ഒരു മാനുഷിക ദുരന്തത്തെ വൈദ്യശാസ്ത്രത്തിലേക്ക് ചേര്‍ക്കുകയാണ് മോദി.’,യെച്ചൂരി പറഞ്ഞു.

നേരത്തെ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. സ്വന്തം പൗരന്മാരോട് ചെയ്യുന്ന ഏറ്റവും വലിയ കുറ്റകൃത്യമാണിത് എന്നാണ് രാഹുല്‍ പ്രതികരിച്ചത്.

തൊഴിലാളികള്‍ നേടിടുന്ന ദുരിതം ബോധ്യപ്പെടുന്ന രണ്ട് ചിത്രങ്ങളും രാഹുല്‍ ഗാന്ധി പങ്കുവെച്ചു. ഈ ദുരിതത്തിന്റെ സമയത്ത് നമ്മുടെ സഹോദരീ സഹോദരന്‍മാരുടെ ആത്മാഭിമാനമെങ്കിലും സംരക്ഷിക്കേണ്ടതുണ്ട്.

ഇത് വളരെ മോശം അവസ്ഥയിലേക്ക് എത്തുന്നതിന് മുമ്പേ സര്‍ക്കാര്‍ വളരെ വേഗത്തില്‍ ഇടപെടേണ്ടതുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more