അധികാരം എങ്ങനെയാണ് സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്, അത് എത്രമാത്രം സ്ത്രീവിരുദ്ധമാണ് എന്ന വിഷയത്തെ ഉയര്‍ത്തി കാട്ടുകയായിരുന്നില്ല ഈ രണ്ട് വാചകമുള്ള പോസ്റ്റ് എന്ന് വ്യക്തം. പാര്‍ശ്വവല്കൃത സമൂഹങ്ങളോടുള്ള ചൂഷണമനോഭാവം തീര്‍ച്ചയായും ഏത് അധികാര സ്ഥാപനത്തിലുമെന്നപോലെ രാഷ്ട്രീയസംഘടനകളിലും ഉണ്ടാവാം. അതില്‍ സംഘടനകള്‍ക്കിടയില്‍ ഏറ്റക്കുറച്ചിലുകളും ഉണ്ടാകാം. പക്ഷേ അത്തരം ഒരു പ്രശ്‌നത്തെ പൊതുബോധത്തിന് മുമ്പില്‍ സംവാദത്തിന് തുറന്ന് വയ്ക്കാന്‍ ഇത്തരം രണ്ട് വാചകങ്ങള്‍ പോരാ.
സ്ത്രീവിരുദ്ധത എന്നത് സ്ത്രീപീഡനം മാത്രമല്ല. സ്ത്രീപീഡനമെന്നത് ബലാത്സംഗം മാത്രവും അല്ല. എന്നാല്‍ നമ്മുടെ പൊതുബോധത്തെ സംബന്ധിച്ചിടത്തോളം ഇതെല്ലാം ഒന്നാണ്. അത് അങ്ങനെ ആയിരിക്കുന്നിടത്തോളം, അതായത് പ്രശ്‌നത്തെ അതിന്റെ സങ്കീര്‍ണ്ണതകളും വൈവിദ്ധ്യങ്ങളും ഉള്‍പ്പെടെ മനസിലാക്കാന്‍ കഴിയാത്തിടത്തോളം കാലം അതിന് പരിഹാരവും കണ്ടെത്താനാവില്ല.
| ഒപ്പിനിയന്‍ : വിശാഖ് ശങ്കര്‍ |
ചെറിയാന്‍ ഫിലിപ്പ് തന്റെ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ കത്തിച്ച് വിട്ട വിവാദത്തില്‍ എനിക്ക് ഏറ്റവും ശ്രദ്ധേയമായി തോന്നിയത് അതിന്റെ ഉള്ളടക്കം പോലുമല്ല. അദ്ദേഹം ഒരു സ്ത്രീവിരുദ്ധനാണെന്ന് കരുതുന്നില്ല എന്ന ജാമ്യത്തോടെയാണ് ഇടതു പക്ഷമെന്നല്ല, കോണ്‍ഗ്രസ് നേതാക്കളും മാദ്ധ്യമ ചര്‍ച്ചാവിദഗ്ദ്ധരും ഒക്കെയും അദ്ദേഹത്തിന്റെ വിവാദ പോസ്റ്റിലെ സ്ത്രീവിരുദ്ധതയെ വിമര്‍ശിക്കുന്നത്.
രാഷ്ട്രീയ പ്രവര്‍ത്തകരില്‍ നിന്നുണ്ടാകുന്ന സ്ത്രീ, ദളിത്, ലൈംഗീകന്യൂനപക്ഷ വിരുദ്ധ പരാമര്‍ശങ്ങളും പ്രയോഗങ്ങളും എന്നത് തീരേ പുതുമയുള്ള ഒരു വാര്‍ത്തയല്ല. എന്നാല്‍ അതിനോടുള്ള പ്രതികരണങ്ങളില്‍ കക്ഷിഭേദമെന്യേ ഇത്തരം ഒരു സമവായം ഉണ്ടാകുന്നത് ഒട്ടും സാധാരണമല്ല തന്നെ.
തീര്‍ച്ചയായും സുദീര്‍ഘമായ തന്റെ രാഷ്ട്രീയജീവിതത്തിനിടയില്‍ സമീപ ഭൂതകാലത്തെങ്ങും അദ്ദേഹത്തിനെതിരെ സ്ത്രീപീഡന ആരോപണം ഉണ്ടായിട്ടില്ല. വീണുകിട്ടുന്ന അവസരങ്ങളില്‍ പൊതുവേദിയാണെന്ന് പോലും ഓര്‍ക്കാതെ പെണ്ണുടലിനെ തട്ടിയും ഉരസിയും സായൂജ്യമടയാന്‍ നിന്നിട്ടില്ല. വനിതാസംവരണം ഇവിടെ അധികപ്പറ്റാണ് എന്ന് അഭിപ്രായപ്പെട്ടിട്ടില്ല.
വനിതാനേതാവുമായി വാദിച്ചു തെറ്റുമ്പോള്‍ നിന്റെ ചരിത്രവും ഭൂമിശാസ്ത്രവുമൊക്കെ എനിക്കറിയാം എന്ന് ഭീഷണിപ്പെടുത്തിയിട്ടില്ല. പെണ്ണുങ്ങള്‍ ജീന്‍സും, ലെഗിന്‍സും പോലുള്ള വസ്ത്രങ്ങള്‍ ധരിച്ച് തന്നെ ഉദ്ധരിപ്പിച്ച് വഴിതെറ്റിക്കുന്നു എന്ന് കുഴിമറ്റപ്പെട്ടിട്ടില്ല. ശരിയാണ്. അന്തരിച്ച മേഴ്‌സി രവി പണ്ട് ഉന്നയിച്ച ആരോപണം നമുക്ക് ഇന്ന് ഓര്‍മ്മയില്ലാത്തപ്പോള്‍ പ്രത്യേകിച്ചും മേല്‍പറഞ്ഞതൊക്കെ അതില്‍ തന്നെ യോഗ്യതകളായി മാറുന്നുണ്ടാവാം. പക്ഷേ അപ്പോഴും ഒരുപാട് ചോദ്യങ്ങള്‍ ബാക്കിയാവുകയാണ്.
എന്താണ് സ്ത്രീ വിരുദ്ധത?
സ്ത്രീവിരുദ്ധത എന്നത് സ്ത്രീപീഡനം മാത്രമല്ല. സ്ത്രീപീഡനമെന്നത് ബലാത്സംഗം മാത്രവും അല്ല. എന്നാല്‍ നമ്മുടെ പൊതുബോധത്തെ സംബന്ധിച്ചിടത്തോളം ഇതെല്ലാം ഒന്നാണ്. അത് അങ്ങനെ ആയിരിക്കുന്നിടത്തോളം, അതായത് പ്രശ്‌നത്തെ അതിന്റെ സങ്കീര്‍ണ്ണതകളും വൈവിദ്ധ്യങ്ങളും ഉള്‍പ്പെടെ മനസിലാക്കാന്‍ കഴിയാത്തിടത്തോളം കാലം അതിന് പരിഹാരവും കണ്ടെത്താനാവില്ല.
ആണ്‍കോയ്മ എന്ന അദൃശ്യ സാംസ്‌കാരിക സ്ഥാപനം അതില്‍ ജീവിക്കുന്നവരില്‍ ഉല്പാദിപ്പിക്കുന്ന ഒരു സാംസ്‌കാരിക ശീലമാണ് സ്ത്രീവിരുദ്ധത. പുരുഷന് ഇതരലിംഗങ്ങള്‍ക്ക് മുകളില്‍ അത് കല്‍പിച്ചുകൊടുത്തിട്ടുള്ള അധീശത്വബോധമാണ് അതിന്റെ ഉള്ളടക്കം. സ്ത്രീപീഡനമെന്നത് അതിന്റെ പ്രത്യക്ഷവും കായികവുമായ പ്രകടനം മാത്രമാണ്.
അതുപോലും ബലാത്സംഗം മുതല്‍ തുറിച്ച് നോട്ടവും അശ്ലീല വര്‍ത്തമാനവും കായികമായ കയ്യേറ്റവും വരെ മാത്രമായി ചുരുങ്ങുന്ന ഒന്നല്ല. സ്ത്രീകളും തൊഴില്‍ രംഗത്തേക്ക് വരുന്നത് അനിവാര്യമാകുന്ന സാമൂഹ്യസാഹചര്യങ്ങളില്‍ പെണ്‍ധര്‍മ്മമെന്ന് ആണ്‍കോയ്മ നിര്‍ണ്ണയിക്കുന്ന ഗൃഹപരിപാലനം കൂടാതെ അഷ്ടിവൃത്തിക്കായുള്ള തൊഴിലും അവള്‍ക്ക് ചെയ്യേണ്ടിവരുന്നത്, നിര്‍ബന്ധിതമായ ഈ ഇരട്ടജോലി പോലും നിയമം അംഗീകരിച്ചാലും ഇലെങ്കിലും സ്ത്രീപീഡനം തന്നെയാണ്.
അതായത്, സ്ത്രീയുടെ ഏജന്‍സിക്ക് മേലുള്ള ഏതൊരു കടന്നുകയറ്റവും സ്ത്രീവിരുദ്ധമാണ്. അതിന് കായികവും, മനശാസ്ത്രപരവുമായ നിരവധി മാനങ്ങളുണ്ട്. അതിന്റെ കായികമായ പ്രകടനങ്ങളില്‍ ബലാത്സംഗം ഒഴിച്ച് ബാക്കി ഒക്കെയും ലിംഗേതരം പോലുമാകാവുന്നവയാണ്. അതുകൊണ്ട് തന്നെ അതിന്റെ വേരുകള്‍ ലിംഗഭേദമെന്യേ നമ്മുടെ ചിന്താപദ്ധതികളിലും, നൈതീക വിചാരങ്ങളിലും ഒക്കെയുണ്ട്. അത്തരം ഒരു സംസ്‌കാരം നിര്‍ണ്ണയിക്കുന്ന വ്യക്തിഗത മൂല്യങ്ങളുടെ അളവുകോലുവച്ച് സ്ത്രീവിരുദ്ധതയെ അളക്കാനല്ല, അറിയുവാന്‍ പോലും കഴിയില്ല എന്നതാണ് ശ്രദ്ധേയമായ വിഷയം.
ആണും പെണ്ണും ഒരുപോലെ സ്ത്രീ വിരുദ്ധരായി വളര്‍ത്തപ്പെടുന്ന ഒരു വ്യവസ്ഥ പരിപാലിക്കുന്ന ഈ പ്രതിഭാസത്തെ കേവലമായി മാത്രം മനസിലാക്കുന്നതു കൊണ്ടാണ് ചെറിയാന്‍ ഫിലിപ്പ് സ്ത്രീ വിരുദ്ധനൊന്നുമല്ല, എങ്കിലും അദ്ദേഹത്തിന്റെ പോസ്റ്റ് സ്ത്രീവിരുദ്ധമായിപ്പോയി എന്ന നിലയില്‍ നമ്മുടെ സാസ്‌കാരിക വ്യവഹാരങ്ങള്‍ക്ക് ജാമ്യമെടുക്കേണ്ടിവരുന്നത്.
ചെറിയാന്റെ പോസ്റ്റ്:
“യൂത്ത് കോണ്‍ഗ്രസുകാരുടെ ഉടുപ്പഴിക്കല്‍ സമരം മാതൃകാപരമായ ഒരു സമരമാര്‍ഗമാണ്. ഈ സമരം രഹസ്യമായി നടത്തിയ വനിതകള്‍ക്കെല്ലാം പണ്ട് കോണ്‍ഗ്രസില്‍ സീറ്റ് കിട്ടിയിട്ടുണ്ട്” എന്നതാണ് ചെറിയാന്റെ അഭിപ്രായം. പക്ഷെ ഇത് വെറുമൊരു അഭിപ്രായ പ്രകടനമായി മാത്രം കാണാനാവുമോ? ചെറിയാന്‍ തന്നെ തുടര്‍ പോസ്റ്റുകളിലൂടെ ഇതിനെ വിശദീകരിക്കുന്നത് താന്‍ സ്ത്രീകളെ ബഹുമാനിക്കുന്ന വ്യക്തിയാണെന്നും സ്ത്രീത്വത്തിന് തന്നെ അപമാനമായ ചില സംഭവങ്ങളെക്കുറിച്ചാണ് വിവക്ഷ എന്നും, സ്ത്രീകളാണ് ഇതിനെതിരെ പ്രതികരിക്കേണ്ടത് എന്നും ഒക്കെയാണ്. ആരെയും പേരു പറഞ്ഞ് അധിക്ഷേപിച്ചിട്ടില്ല എന്നും അദ്ദേഹം പറയുന്നു.
ലൈംഗീകമായി ചൂഷണം ചെയ്യപ്പെടുന്ന സ്ത്രീകളോടുള്ള ഐക്യദാര്‍ഢ്യമായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശമെങ്കില്‍ അത് ആ കുറ്റകൃത്യങ്ങള്‍ നടന്ന കാലത്ത് ഉണ്ടാവേണ്ടിയിരുന്നു. അന്ന് നിശബ്ദനായിരുന്ന അദ്ദേഹം ഇന്ന് താന്‍ ആ സ്ത്രീകള്‍ക്ക് വേണ്ടിയാണ് വാദിക്കുന്നത് എന്ന് പറയുന്നത് ബാലിശം മാത്രമാണ്.
ശരിയാണ്. പോസ്റ്റുകളില്‍ ഒന്നും ഒരു സ്ത്രീയെയും പേര് പറഞ്ഞ് അധിക്ഷേപിച്ചിട്ടില്ല. എന്നാല്‍ “ഈ സമരം രഹസ്യമായി നടത്തിയ വനിതകള്‍ക്കെല്ലാം പണ്ട് കോണ്‍ഗ്രസില്‍ സീറ്റ് കിട്ടിയിട്ടുണ്ട്” എന്ന സാമാന്യവല്‍ക്കരണം ഉണ്ട് താനും. അപ്പോള്‍ ആരിലേക്കാണ് ഇതിന്റെ മുന എന്നതല്ല, അതില്‍ നിന്ന് ആരാണ് ഒഴിവാക്കപ്പെടുന്നത് എന്നതാണ് പ്രസക്തമായ ചോദ്യം. അധികാരകേന്ദ്രം എന്ന നിലയില്‍ ഒരു പക്ഷേ സോണിയാഗാന്ധി എന്ന സ്ത്രീ ഒഴിവാക്കപ്പെടുമായിരിക്കും. ബാക്കി എല്ലാവരിലേക്കും അത് നീളുന്നുണ്ട്.
നിലവില്‍ രാഷ്ട്രീയരംഗത്ത് ഉള്ളവരിലേക്ക് മാത്രമല്ല, അന്‍പത് ശതമാനം സംവരണത്തിന്റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്ന നിരവധി പുതുമുഖങ്ങളിലും പ്രസ്തുത ആരോപണത്തിന്റെ അമ്പ് കൊള്ളുന്നുണ്ട്. ഇവിടെയാണ് എന്തിന് ഇപ്പോള്‍ ഇങ്ങനെയൊരു പോസ്റ്റ് എന്ന ചോദ്യം പ്രസക്തമാകുന്നത്.
അടുത്ത പേജില്‍ തുടരുന്നു
സങ്കീര്‍ണ്ണമായ നമ്മുടെ സ്വത്വഘടനയില്‍ വിവിധ അടരുകള്‍ പ്രവര്‍ത്തിക്കുന്നത് ഏതാണ്ട് വൈരുദ്ധ്യാത്മകമായാണ്. “അമ്മച്ചിയുടെ കൈപ്പുണ്യം” എന്ന രൂപകം പ്രത്യക്ഷത്തില്‍ മാതാവെന്ന സ്ത്രീയോടുള്ള പുരുഷന്റെ ഓര്‍മ്മയും, കരുതലുമായി പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ പരോക്ഷമായി അത് സ്ത്രീവിരുദ്ധമായ ഒരു സ്ഥാപനത്തെ സ്ത്രീയിലൂടെ തന്നെ നിലനിര്‍ത്തുന്നത് പോലെ വൈരുദ്ധ്യാത്മകം.
എന്തിനീ പോസ്റ്റ്?
ഫെയ്‌സ്ബുക്കില്‍ തനിക്ക് അപ്പപ്പോള്‍ മനസ്സില്‍ തോന്നുന്ന എന്തുകാര്യവും കുറിച്ചിടാം. അതിനൊരു പശ്ചാത്തലമോ ആദിമദ്ധ്യാന്ത പൊരുത്തമോ ആവശ്യമില്ല. “കാലത്തേയ്ക്ക് ബ്രെഡ് വാങ്ങാന്‍ മറന്നുപോയി” എന്നും പോസ്റ്റിടാം. പക്ഷേ നിലവില്‍ ഒരുപാട് രാഷ്ട്രീയ, സാംസ്‌കാരിക മാനങ്ങളുള്ള ഒരു വിഷയവുമായി ബന്ധപ്പെടുത്തി തന്റെ നിരീക്ഷണം പോസ്റ്റ് ചെയ്യുന്ന വ്യക്തിക്ക് അതിന്റെ ഉത്തരവാദത്തില്‍ നിന്ന് ബ്രെഡ് വാങ്ങാന്‍ മറന്നുപോയി, അത്ര തന്നെ എന്ന മട്ടില്‍ ഒഴിഞ്ഞ് മാറാനാവില്ല.
അധികാരം എങ്ങനെയാണ് സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്, അത് എത്രമാത്രം സ്ത്രീവിരുദ്ധമാണ് എന്ന വിഷയത്തെ ഉയര്‍ത്തി കാട്ടുകയായിരുന്നില്ല ഈ രണ്ട് വാചകമുള്ള പോസ്റ്റ് എന്ന് വ്യക്തം. പാര്‍ശ്വവല്കൃത സമൂഹങ്ങളോടുള്ള ചൂഷണമനോഭാവം തീര്‍ച്ചയായും ഏത് അധികാര സ്ഥാപനത്തിലുമെന്നപോലെ രാഷ്ട്രീയസംഘടനകളിലും ഉണ്ടാവാം. അതില്‍ സംഘടനകള്‍ക്കിടയില്‍ ഏറ്റക്കുറച്ചിലുകളും ഉണ്ടാകാം. പക്ഷേ അത്തരം ഒരു പ്രശ്‌നത്തെ പൊതുബോധത്തിന് മുമ്പില്‍ സംവാദത്തിന് തുറന്ന് വയ്ക്കാന്‍ ഇത്തരം രണ്ട് വാചകങ്ങള്‍ പോരാ.
ഇവിടെ അതൊന്നുമല്ല പ്രശ്‌നം എന്നത് വ്യക്തമാണ്. വേണമെങ്കില്‍ എന്നെ നുണ പരിശോധനയ്ക്ക് വിധേയമാക്കിക്കോ എന്ന “നിഷ്‌കളങ്കമായ” പ്രതിരോധത്തിലപ്പുറം ആഴമുള്ള ഒന്നും ചെറിയാന്റെ കയ്യിലില്ല. അപ്പോള്‍ എന്തിന് ഈ പോസ്റ്റ് എന്ന ചോദ്യത്തിന് ഉത്തരം ലളിതമാണ്. ഊടുപ്പൂരി പ്രതിഷേധം എന്ന യൂത്ത് കോണ്‍ഗ്രസ്സ് രൂപകം കണ്ടപ്പോള്‍ അതിന് ഒരു സമാന്തരം ചമച്ചാലോ എന്ന ഒരു കൗതുകം അദ്ദേഹത്തിന് തോന്നി. അത് കയ്യടി നേടിത്തരും എന്നും. അത് പിഴച്ചുമില്ല. നൂറില്‍പരം ഷെയറും, ആയിരത്തോടടുപ്പിച്ച് ലൈക്കും അതിന് കിട്ടി.
ലൈംഗീകമായി ചൂഷണം ചെയ്യപ്പെടുന്ന സ്ത്രീകളോടുള്ള ഐക്യദാര്‍ഢ്യമായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശമെങ്കില്‍ അത് ആ കുറ്റകൃത്യങ്ങള്‍ നടന്ന കാലത്ത് ഉണ്ടാവേണ്ടിയിരുന്നു. അന്ന് നിശബ്ദനായിരുന്ന അദ്ദേഹം ഇന്ന് താന്‍ ആ സ്ത്രീകള്‍ക്ക് വേണ്ടിയാണ് വാദിക്കുന്നത് എന്ന് പറയുന്നത് ബാലിശം മാത്രമാണ്. രാഷ്ട്രീയം ഉള്‍പ്പെടെ ആണധികാരത്തിന് മേല്‍കോയ്മയുള്ള സകല സ്ഥാപനങ്ങളും തങ്ങള്‍ക്ക് അര്‍ഹമായ സ്ഥാനം നേടിയെടുക്കാന്‍ ശ്രമിക്കുന്ന സ്ത്രീകളുടെ പോരാട്ടങ്ങളെ തമസ്‌കരിക്കുന്നത് അതില്‍ അവര്‍ ജയിച്ചുവെങ്കില്‍ ലൈംഗീകമായി വഴങ്ങിക്കൊടുത്ത് കാണും എന്ന അശ്ലീലവിചാരത്തെ വസ്തുതയാക്കി ഉയര്‍ത്തിക്കൊണ്ടാണ്.
അടിസ്ഥാനപരമായി സ്ത്രീയുടെ സ്വയം നിര്‍ണ്ണയാവകാശത്തെ ചോദ്യം ചെയ്യുന്ന അത്തരം ഒരു ആണജണ്ട തന്നെയാണ് അറിഞ്ഞുകൊണ്ടായാലും, അറിയാതെ ആയാലും ചെറിയാന്‍ ഫിലിപ്പിന്റെ പോസ്റ്റ് ചെയ്യുന്നത്.
എന്തുകൊണ്ട് കയ്യടി?
സങ്കീര്‍ണ്ണമായ നമ്മുടെ സ്വത്വഘടനയില്‍ വിവിധ അടരുകള്‍ പ്രവര്‍ത്തിക്കുന്നത് ഏതാണ്ട് വൈരുദ്ധ്യാത്മകമായാണ്. “അമ്മച്ചിയുടെ കൈപ്പുണ്യം” എന്ന രൂപകം പ്രത്യക്ഷത്തില്‍ മാതാവെന്ന സ്ത്രീയോടുള്ള പുരുഷന്റെ ഓര്‍മ്മയും, കരുതലുമായി പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ പരോക്ഷമായി അത് സ്ത്രീവിരുദ്ധമായ ഒരു സ്ഥാപനത്തെ സ്ത്രീയിലൂടെ തന്നെ നിലനിര്‍ത്തുന്നത് പോലെ വൈരുദ്ധ്യാത്മകം. അമ്മച്ചിയുടെ കൈപ്പുണ്യം പലപ്പോഴും കെട്ടിയോളുടെ കൈപ്പുണ്യരാഹിത്യത്തെ കുറിച്ചുള്ള പരോക്ഷസൂചനയാണ്. അത് അമ്മയോടുള്ള മകന്റെ ഐക്യപ്പെടലായി വായിക്കപ്പെടുമ്പോള്‍, ഈ അമ്മ അപ്പന്റെ കെട്ടിയോളായിരുന്നു എന്നും, അന്ന് ഇതേ യുക്തിയാല്‍ അവര്‍ അപ്പനാല്‍, ആണ്‍കോയ്മയാല്‍ കുടുംബത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരുന്നു എന്നും പക്ഷേ വായിക്കപ്പെടാതെ പോകുന്നു.
കൊള്ളുന്നത് കോണ്‍ഗ്രസ്സുകാരിക്കിട്ടല്ലേ എന്ന് ചെറിയാന്‍ ഫിലിപ്പിനോട് ഐക്യദാര്‍ഢ്യപ്പെടുന്നവര്‍ക്ക് പറ്റുന്നതും ഇതേ പിഴയാണ്. അധികാരം പെണ്ണിനോട് വസ്ത്രം ഉരിയാന്‍ പറയുന്നതിന് പിന്നില്‍ അതിന്റെ കേവലം ഒരു വ്യതിരിക്ത സ്ഥാപനരൂപം മാത്രമല്ല. സ്വന്തം ശരീരത്തിനും ചിന്തയ്ക്കും മുകളിലുള്ള സ്വയം നിര്‍ണ്ണയാവകാശത്തെ പൂര്‍ണ്ണമായി തീറെഴുതിയല്ലാതെ അതിജീവനം സുഗമമാവില്ല എന്നത് ഒരു സ്ത്രീമാത്ര അനുഭവവുമല്ല. അതിന്മേലുള്ള ലൈംഗീക അധിനിവേശത്തിനും നിന്ന് കൊടുക്കേണ്ടിവരിക എന്നത് ഒരു സ്ത്രീമാത്ര പ്രശ്‌നമാകുന്നത് ആണ്‍കോയ്മ എന്ന സ്ഥാപനം ജീവിതത്തിന്റെ എല്ലാ തുറകളിലും സാദ്ധ്യമാക്കി കഴിഞ്ഞ ഹെഗമണി നല്കുന്ന ആനുകൂല്യം പുരുഷനുണ്ട് എന്നത് കൊണ്ടുമാത്രമാണ്.
അധികാരത്തെ നമ്മള്‍ പലപ്പോഴും മനസിലാക്കുന്നത് അത് വച്ചുനീട്ടുന്ന അപ്രസക്തമായ ചില എല്ലിന്‍ കഷണങ്ങളിലൂടെയാണ്. അധികാരം നമ്മുടെ സ്വത്വത്തെ നിര്‍ണ്ണയിക്കുന്നതും ആ കഷണങ്ങളിലൂടെയാണ്. പ്രശ്‌നം നാം ആ കഷണങ്ങളെ നമ്മുടെ അവകാശമായി കണ്ട് തൃപ്തി അടയുകയും, അതിനു മേലുള്ള ഏത് മത്സരത്തെയും നമ്മുടെ അവകാശത്തിനുമേലുള്ള കടന്നുകയറ്റമായി മനസിലാക്കുകയും ചെയ്യുന്നു എന്നതാണ്. ഭാര്യയ്ക്ക് ജോലിക്കയറ്റം കിട്ടാന്‍ വേണ്ടി ആവുന്ന പണിയൊക്കെ നോക്കുമ്പോഴും, സ്വന്തം പണിയിടത്തില്‍ സ്ഥാനക്കയറ്റം കിട്ടി ഒരു പെണ്ണ് പുരുഷനെ ഭരിക്കാന്‍ വരുന്നത് അവന് സഹിക്കാനാവില്ല.
ഒപ്പം എന്ത് കയറ്റം തൊഴില്‍പരമായി കിട്ടിയാലും, അത് ആവശ്യപ്പെടുന്ന തൊഴില്‍ പരമായ സമ്മര്‍ദ്ദം എന്തുതന്നെയായാലും വീട്ടില്‍ അവള്‍ “കുടുംബിനി”യായ ഭാര്യ ആയിരിക്കുകയും ചെയ്യണം. ആധുനിക ആണിന്റെ നിര്‍മ്മിതിയില്‍ ഇത്തരം നിരവധി വൈരുദ്ധ്യങ്ങളുണ്ട്. അതിലാകമാനമായി വീതം വയ്ക്കപ്പെട്ട് കിടക്കുന്നതാണ് അവന്റെ സോഷ്യോബയോളജിക്കല്‍ സ്വത്വനിര്‍മ്മിതിയുടെ പ്രശ്‌നങ്ങളും. ഇതിലെ സങ്കീര്‍ണ്ണമായ വൈരുദ്ധ്യങ്ങളുടെ ഒരുപക്ഷേ ആനുപാതികമായി നേര്‍പ്പിക്കപ്പെട്ട ഒരു പങ്ക് സ്ത്രീ സ്വത്വത്തിലും ഉണ്ട്. അതുകൊണ്ടാണ് പ്രത്യക്ഷമായ സ്ത്രീ വിരുദ്ധതയ്ക്കപ്പുറത്തേക്ക് പൊതുബോധത്തിനും, അതിന്റെ ഭാഗമായ സ്ത്രീയ്ക്കും കടക്കാന്‍ കഴിയാത്തതും.
ഇവിടെയാണ് സ്ത്രീപക്ഷ സാംസ്‌കാരിക ഇടപെടലിന്റെ, ഫെമിനിസ്റ്റ് ബുദ്ധിജീവികളുടെ പ്രസക്തി അടിവരയിടപ്പെടുന്നത്. കാരണം അവര്‍ പൊതുബോധത്തിന്റെ ആണ്‍പക്ഷ കയ്യടികളെ നിരന്തരം പ്രശ്‌നവല്‍ക്കരിക്കുന്നു.
പ്രത്യക്ഷത്തില്‍ നിന്ന് പരോക്ഷത്തിലേക്ക്
നാഗരിക മദ്ധ്യവര്‍ഗ്ഗത്തിന്റെ സ്വകാര്യജീവിതം പുറത്തുനിന്ന് നോക്കിക്കണ്ടാല്‍ ലിംഗ സമത്വമൊക്കെ ആ സമൂഹം എന്നേ ആര്‍ജ്ജിച്ച് കഴിഞ്ഞു എന്ന് തോന്നും. സ്ത്രീകള്‍ ജോലിചെയ്യുന്നത് സര്‍വ്വസാധാരണമായ ഈ സമൂഹത്തില്‍ കറിക്ക് അരിയുകയും, പാത്രം കഴുകുകയും, വാഷിങ്ങ് മെഷീനില്‍ നിന്ന് തുണി എടുത്ത് ഉണങ്ങാന്‍ ഇടുകയും ഒക്കെ ചെയ്യുന്ന പുരുഷന്‍ ഒരു അപൂര്‍വ്വതയല്ല.
ഗൃഹോപകരണങ്ങള്‍ തൊട്ട് ബേക്കറി സാധനങ്ങള്‍ വരെ ഇവര്‍ പരസ്പരം ചര്‍ച്ച ചെയ്ത് മാത്രമേ വാങ്ങാറുള്ളൂ. അത്തരം ഒരു സമൂഹത്തില്‍ ലിംഗസമത്വം തുടങ്ങിയ ആശയങ്ങള്‍ക്ക് പുതുതായി എന്ത് പ്രസക്തി? അതൊക്കെ അവര്‍ എന്നേ നേടിക്കഴിഞ്ഞു!
ശ്രീ. ചെറിയാന്‍ ഫിലിപ്പ് തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പ്…
Posted by Dr TN Seema MP on Sunday, October 18, 2015
സര്‍ക്കാര്‍ ജീവനക്കാരായ ദമ്പതികളുടെ മകനും, നാല് വയസുമുതല്‍ നഗരജീവിയും ആയിരുന്ന എനിക്കും പത്തിരുപത് വയസ്സുവരെ അങ്ങനെ തന്നെയാണ് തോന്നിയിരുന്നത്. സ്വകാര്യജീവിതത്തില്‍ പല ഫെമിനിസ്റ്റ് മൂല്യങ്ങളും പ്രാവര്‍ത്തികമാക്കുമ്പോള്‍ തന്നെ രാഷ്ട്രീയവും, സാംസ്‌കാരികവുമായ ജീവിതത്തില്‍ കടുത്ത സ്ത്രീവിരുദ്ധത പുലര്‍ത്തുന്നവര്‍ ഉണ്ട് എന്നത് പിന്നീട് ഉണ്ടായ ഒരു തിരിച്ചറിവാണ്. അതാകട്ടെ എന്റെ ജീവിതം തന്നെയാണ് എന്റെ സന്ദേശവും എന്ന “മഹദ്”വചനത്തെ പോലും പ്രശ്‌നവല്‍ക്കരിക്കുന്നതും.
ചെറിയാന്‍ ഫിലിപ്പിനോടൊപ്പം ദീര്‍ഘകാലം പ്രവര്‍ത്തിച്ച കോണ്‍ഗ്രസ്സ് വനിതകള്‍ അദ്ദേഹത്തിന്റെ പെരുമാറ്റത്തിലെ മാന്യത ഇപ്പോഴും എടുത്ത് പറയുന്നുണ്ട്. അവിവാഹിതനായതു കൊണ്ട് ഭാര്യയെ തല്ലല്‍ പോലുള്ള ആരോപണങ്ങള്‍ക്കുള്ള സാധ്യതയുമില്ല. പക്ഷേ സ്ത്രീ വിരുദ്ധത എന്നത് അതിന്റെ പ്രകടമായ രൂപങ്ങളിലേക്ക്, അതായത് ബലാത്സംഗ വീരന്മാരിലേക്ക്, ഞരമ്പുരോഗികളിലേക്ക്, കമന്റടിച്ച് പെണ്ണുങ്ങളുടെ പിറകേ നടക്കുന്ന തെരുവ് റോമിയോമാരിലേക്ക് മാത്രം ഒതുങ്ങുന്നതാണോ?
അല്ല എന്നും, ആണ്‍കോയ്മയുടെ വേരുകള്‍ അതിലും എത്രയോ സൂക്ഷ്മവും, സങ്കീര്‍ണ്ണവും, പരോക്ഷവും ആണെന്നും മനസിലാക്കാത്തിടത്തോളം അതിനെതിരേ സമഗ്രമായ ഒരു പ്രതിരോധവും വളര്‍ത്തിയെടുക്കാനാവില്ല എന്നും ഉറപ്പ്. ചോദ്യം എന്റെ സ്വകാര്യ വ്യക്തിജീവിതമാണോ രാഷ്ട്രീയസാംസ്‌കാരിക ജീവിതമാണോ എന്റെ സന്ദേശം എന്നതാണ്. ഇത് തന്നെയാണ് ചെറിയാന്‍ ഫിലിപ്പിന്റെ കാര്യത്തില്‍ പ്രത്യേകിച്ചും, നമ്മുടെ പൊതുബോധത്തിന്റെ കാര്യത്തില്‍ പൊതുവിലും ചര്‍ച്ച ചെയ്യപ്പെടേണ്ടത്.