Daily News
കൈലാഷ്‌ സത്യാര്‍ത്ഥിയും മലാലയും നൊബേല്‍ സമ്മാനം ഏറ്റു വാങ്ങി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Dec 10, 03:15 pm
Wednesday, 10th December 2014, 8:45 pm

3595670778_nobel-12
ഓസ്‌ലോ: സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഇന്ത്യയുടെ കൈലാഷ്‌ സത്യാര്‍ത്ഥിയും പാകിസ്ഥാനില്‍ നിന്നുള്ള മലാല യൂസഫ്‌സായിയും ഏറ്റുവാങ്ങി. ഓസ്‌ലോയില്‍ നടന്ന ചടങ്ങിലാണ് ഇരുവര്‍ക്കും പുരസ്‌കാരം സമര്‍പ്പിക്കപ്പെട്ടത്. നിശബ്ദരാക്കപ്പെട്ടവരുടെയും നിഷ്‌കളങ്കരുടെയും ശബ്ദത്തെയാണ് താന്‍ പ്രതിനിധീകരിക്കുന്നതെന്നാണ് പുരസ്‌കാരം ഏറ്റുവാങ്ങി കൊണ്ട് ഇന്ത്യയുടെ അഭിമാനമായി മാറിയ ബാലാവകാശ പ്രവര്‍ത്തകന്‍ കൈലാഷ്‌ സത്യാര്‍ത്ഥി പറഞ്ഞത്. തന്റെ ചിറകുകള്‍ അരിയാതെ പറക്കാനനുവദിച്ച പിതാവിനും തന്നെ സത്യം പറയാനും ക്ഷമാശീലയുമാക്കിയ മാതാവിനും നന്ദി പറഞ്ഞ് കൊണ്ടാണ് മലാല പുരസ്‌കാരം ഏറ്റുവാങ്ങിയത്.

കഴിഞ്ഞ ഒക്ടോബറിലായിരുന്നു ബാലാവകാശ പ്രവര്‍ത്തകനായ സത്യാര്‍ത്ഥിക്കും സ്വാത് താഴ്‌വരയില്‍ നിന്നുള്ള വിദ്യഭ്യസ പ്രവര്‍ത്തകയായ മലാലക്കും പുരസ്‌കാരം പ്രഖ്യാപിക്കപ്പെട്ടിരുന്നത്. സത്യാര്‍ത്ഥിയുടെ നേതൃത്വത്തിലുള്ള ബച്ച്പന്‍ ബച്ചാവോ ആന്ദോളന്‍ 80000ത്തിലധികം കുട്ടികളെ അരക്ഷിതമായ സാഹചര്യങ്ങളില്‍ നിന്ന് മോചിപ്പിച്ചിട്ടുണ്ട്. പാകിസ്ഥാനിലെ സ്വാത് താഴ്‌വരയില്‍ വിദ്യാഭ്യാസ പ്രവര്‍ത്തകയായ മലാല താലിബാന്റെ തീവ്രവാദിയാക്രമണത്തിന് ഇരയായതോടെയാണ് പ്രശസ്തയായിരുന്നത്.

ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ നൊബേല്‍ സമ്മാന ജേതാവാണ് മലാല. പുരസ്‌കരം ലഭിക്കുന്നതിലൂടെ ഇന്ത്യയും പാകിസ്ഥാനുമിടയിലെ പരസ്പരം സഹകരണം വര്‍ദ്ധിക്കുകയും ബന്ധം മെച്ചപ്പെടുത്താന്‍ കഴിയട്ടെയെന്നും സംഘാടകരായ നൊബേല്‍ പുരസ്‌കാര സമിതി ആശംസിച്ചു.