| Friday, 28th June 2024, 7:12 pm

എന്റെ കഥാപാത്രത്തെ എങ്ങനെയെങ്കിലും എല്‍.സി.യുവില്‍ കയറ്റണം എന്ന് ലോകേഷിനോട് റിക്വസ്റ്റ് ചെയ്തിട്ടുണ്ട്: സത്യരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴിലെ മികച്ച നടന്മാരില്‍ ഒരാളാണ് സത്യരാജ്. വില്ലനായി കരിയര്‍ ആരംഭിച്ച താരം പിന്നീട് നിരവധി ചിത്രങ്ങളില്‍ നായകനായും തിളങ്ങി. ഇന്ന് തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളില്‍ മികച്ച സിനിമകളുടെ ഭാഗമായി മാറാനും താരത്തിന് സാധിച്ചു. സംവിധായകന്‍ ലോകേഷുമായുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിക്കുകയാണ് സത്യരാജ്. രജിനികാന്തിനെ നായകനാക്കി ലോകേഷ് സംവിധാനം ചെയ്യുന്ന കൂലിയിലാണ് സത്യരാജ് ഇപ്പോള്‍ അഭിനയിക്കുന്നത്. ഒരുപാട് കാലത്തിന് ശേഷമാണ് സത്യരാജ് രജിനികാന്തിനൊപ്പം അഭിനയിക്കുന്നത്.

ചിത്രത്തിന്റെ ഷൂട്ടിന്റെ സമയത്ത് തന്നെയും ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമാക്കാന്‍ ലോകേഷിനോട് ആവശ്യപ്പട്ടിരുന്നുവെന്ന് സത്യരാജ് പറഞ്ഞു. കമല്‍ ഹാസന്‍രെ പഴയ വിക്രത്തില്‍ താനായിരുന്നു വില്ലനെന്നും ആ കഥാപാത്രത്തെയോ അയാളുടെ മക്കളെയോ എല്‍.സി.യുവില്‍ കയറ്റാനുള്ള വകുപ്പുണ്ടോ എന്ന് ചോദിച്ചിരുന്നുവെന്നും താരം പറഞ്ഞു.

കമല്‍ ഹാസനെ വെച്ച് വിക്രം സംവിധാനം ചെയ്യുന്നുവെന്നറിഞ്ഞപ്പോള്‍ തന്നെ വിളിക്കുമെന്ന് വിചാരിച്ചുവെന്നും എന്നാല്‍ താന്‍ ആ സിനിമയില്‍ ഇല്ലെന്നറിഞ്ഞപ്പോള്‍ വിഷമമായെന്നും സത്യരാജ് പറഞ്ഞു. റോളക്‌സ് എന്ന കഥാപാത്രം ചെയ്യാന്‍ സൂര്യയെ വിളിച്ചപ്പോള്‍ താനും സൂര്യയോടൊപ്പം ഉണ്ടായിരുന്നുവെന്നും തന്നെ വിളിക്കാത്തതില്‍ വിഷമം തോന്നിയെന്ന് ലോകേഷിനോട് പറഞ്ഞിരുന്നുവെന്നും സത്യരാജ് കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ വെപ്പണിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സിനിമാ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘ലോകേഷ് കമല്‍ ഹാസനെ വെച്ച് വിക്രം സിനിമ ചെയ്യുന്ന സമയത്ത് പഴയ വിക്രത്തില്‍ ഞാന്‍ ചെയ്ത സുകൃതരാജും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ അതുണ്ടായില്ല. കൂലിയുടെ സെറ്റില്‍ വെച്ച് ഞാന്‍ ഈ കാര്യം ലോകേഷിനോട് ചോദിച്ചു. പഴയ സിനിമയില്‍ ഞാന്‍ മരിച്ചല്ലോ, പിന്നെങ്ങനെ ആ കഥാപാത്രത്തെ കൊണ്ടുവരുമെന്ന് ചോദിച്ചപ്പോള്‍ അയാളുടെ മകനെയോ മറ്റോ അതേ രൂപത്തില്‍ കൊണ്ടു വന്നുകൂടെ എന്ന് ചോദിച്ചു. അതൊന്നും നടക്കുന്ന കാര്യമല്ലെന്ന് പറഞ്ഞ് ലോകേഷ് ചിരിച്ചു.

എതര്‍ക്കും തുനിന്തവന്‍ എന്ന സിനിമയുടെ ഷൂട്ടിനിടയിലാണ് റോളക്‌സിന്റെ കഥാപാത്രം ചെയ്യുമോ എന്ന് സൂര്യയോട് ചോദിക്കാന്‍ ലോകേഷ് വന്നത്. ആ സമയത്ത് വിക്രത്തിലേക്ക് എന്നെ വിളിക്കുമെന്ന് വിചാരിച്ചു. അതുണ്ടായില്ല, അതിലെനിക്ക് വിഷമം തോന്നിയെന്ന് കൂലിയുടെ സെറ്റില്‍ വെച്ച് ലോകേഷിനോട് തമാശയായി പറഞ്ഞിട്ടുണ്ടായിരുന്നു,’ സത്യരാജ് പറഞ്ഞു.

Content Highlight: Sathyaraj shares the conversation happened with Lokesh Kanagaraj during Coolie movie

Latest Stories

We use cookies to give you the best possible experience. Learn more