40 വര്‍ഷത്തിലധികമായി സിനിമാലോകത്ത് നിറഞ്ഞുനില്‍ക്കുന്ന നടനാണ് സത്യരാജ്. തമിഴ് സിനിമയില്‍ വില്ലന്‍ വേഷങ്ങളിലൂടെ കരിയര്‍ തുടങ്ങിയ സത്യരാജ് പിന്നീട് നായകവേഷവും തനിക്കിണങ്ങുമെന്ന് തെളിയിക്കുകയും വളരെ പെട്ടെന്ന് ഇന്‍ഡസ്ട്രിയുടെ മുന്‍നിരയിലേക്ക് ഉയരുകയും ചെയ്തു. കരിയറില്‍ 200ലധികം ചിത്രങ്ങളിലഭിനയിച്ച സത്യരാജ് തമിഴിന് പുറമെ തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചിരുന്നു.
ആദ്യകാലത്ത് വില്ലനായി അഭിനയിച്ച സമയത്ത് തനിക്ക് കിട്ടിക്കൊണ്ടിരുന്ന പ്രതിഫലം 15000 മുതല്‍ 17000 വരെയായിരുന്നെന്ന് സത്യരാജ് പറഞ്ഞു. ആ സമയത്താണ് പഞ്ചു അരുണാചലം കമല്‍ ഹാസനെ നായകനാക്കി ജപ്പാനില്‍ കല്യാണരാമന്‍ എന്ന ചിത്രം അനൗണ്‍സ് ചെയ്തതെന്നും അതിലേക്ക് വില്ലനായി തന്നെയും വിളിച്ചെന്നും സത്യരാജ് കൂട്ടിച്ചേര്‍ത്തു.
വിദേശത്ത് ഷൂട്ടെന്ന് കേട്ടപ്പോള്‍ പ്രതിഫലത്തിന്റെ കാര്യമൊന്നും ആലോചിച്ചില്ലെന്നും ഉടനെ സമ്മതിച്ചെന്നും സത്യരാജ് പറഞ്ഞു. ഷൂട്ടെല്ലാം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് പഞ്ചു അരുണാചലം തന്നെ വിളിച്ച് പ്രതിഫലം തന്നതെന്നും ഒരു കവറില്‍ ചെക്ക് ഒപ്പിട്ട് തന്നുവെന്നും സത്യരാജ് കൂട്ടിച്ചേര്‍ത്തു. അതുവരെ താന്‍ ഒരു സിനിമയിലും ഇത്രരൂപ വേണമെന്ന് ചോദിച്ചുവാങ്ങിയിട്ടുണ്ടായിരുന്നില്ലെന്നും സത്യരാജ് പറഞ്ഞു.
റൂമിലെത്തിയ ശേഷം ആ കവര്‍ തുറന്നുനോക്കിയപ്പോഴാണ് ഒരു ലക്ഷമാണ് പ്രതിഫലമെന്ന് മനസിലായതെന്നും അത് കണ്ടതും തനിക്ക് തലചുറ്റലുണ്ടായെന്നും സത്യരാജ് പറഞ്ഞു. അരുണാചലത്തെ വിളിച്ച് മാറിപ്പോയിട്ടൊന്നുമില്ലല്ലോ എന്ന് ചോദിച്ചെന്നും തനിക്ക് തന്നെയാണെന്ന് അറിഞ്ഞപ്പോള്‍ ആശ്വാസമായെന്നും സത്യരാജ് കൂട്ടിച്ചേര്‍ത്തു. ഗലാട്ട എക്‌സ്‌ക്ലൂസീവിനോട് സംസാരിക്കുകയായിരുന്നു സത്യരാജ്.
‘കരിയറിന്റെ ആദ്യകാലത്ത് കൂടുതലും വില്ലന്‍ വേഷങ്ങളായിരുന്നു എന്നെത്തേടി വന്നുകൊണ്ടിരുന്നത്. ഓരോരുത്തരും വിളിക്കുമ്പോള്‍ പോയി അഭിനയിക്കും, അത് കഴിഞ്ഞ് പൈസ വാങ്ങി തിരിച്ചുവരും. 15000 മുതല്‍ 17000 വരെയായിരുന്നു ആ സമയത്ത് കിട്ടിക്കൊണ്ടിരുന്നത്. അപ്പോഴാണ് പഞ്ചു അരുണാചലം ‘ജപ്പാനില്‍ കല്യാണരാമന്‍’ എന്ന സിനിമയില്‍ എന്നെ വില്ലനായി വിളിച്ചത്.
ഫോറിനിലാണ് ഷൂട്ടെന്ന് അറിഞ്ഞപ്പോള്‍ ഹാപ്പിയായി. പൈസ ചെലവില്ലാതെ സ്ഥലങ്ങള്‍ കാണാമല്ലോ എന്ന് വിചാരിച്ചു. ആ ഒരു കാരണം കൊണ്ട് അഡ്വാന്‍സും വാങ്ങിയില്ല. ഫോറിനിലാണ് ഷൂട്ടെന്ന് കേട്ടതും ചാടിപ്പുറപ്പെട്ടു. ഷൂട്ടൊക്കെ കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ പഞ്ചു സാര്‍ എന്നെ റൂമിലേക്ക് വിളിപ്പിച്ച് ഒരു കവര്‍ തന്നു. അതിനകത്ത് ഒരു ചെക്കുണ്ടായിരുന്നു.
എത്രയാണ് വേണ്ടതെന്ന് എന്നോട് ചോദിച്ചതുമില്ല, ഞാനൊട്ട് പറഞ്ഞതുമില്ല. റൂമിലെത്തി കവര്‍ തുറന്ന് നോക്കിയപ്പോള്‍ ഒരു ലക്ഷം. എനിക്കാണെങ്കില്‍ തലകറങ്ങുന്നതുപോലെ തോന്നി. ഞാന്‍ പുള്ളിയെ വിളിച്ച് ചോദിച്ചു. ഇത്രയും പൈസയുണ്ടല്ലോ? മാറിപ്പോയതാണോ എന്ന്. എനിക്ക് തന്നെയാണെന്ന് അറിഞ്ഞപ്പോള്‍ സന്തോഷമായി,’ സത്യരാജ് പറയുന്നു.
Content Highlight: Sathyaraj shares memory about his remuneration in Japanil Kalyaranaraman movie