'പെരിയാര്‍ ഒരു ശിലയല്ല... അന്ധവിശ്വാസങ്ങള്‍ക്കെതിരെയും സ്ത്രീ സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊണ്ട ആശയമാണ്'; പെരിയാര്‍ പ്രതിമ തകര്‍ത്തതിനെ വിമര്‍ശിച്ച് സത്യരാജ്
National
'പെരിയാര്‍ ഒരു ശിലയല്ല... അന്ധവിശ്വാസങ്ങള്‍ക്കെതിരെയും സ്ത്രീ സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊണ്ട ആശയമാണ്'; പെരിയാര്‍ പ്രതിമ തകര്‍ത്തതിനെ വിമര്‍ശിച്ച് സത്യരാജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 7th March 2018, 1:24 pm

ചെന്നൈ: തമിഴ്‌നാട്ടിലെ പെരിയാര്‍ പ്രതിമ തകര്‍ക്കുമെന്ന് പറഞ്ഞ എച്ച്. രാജക്കും ബി.ജെ.പി.ക്കുമെതിരെ ശക്തമായി പ്രതികരിച്ച് നടന്‍ സത്യരാജ്. “ത്രിപുരയിലെ ലെനിന്‍ വീഴ്ച ബി.ജെ.പി വിജയകരമായി പൂര്‍ത്തിയാക്കി. തമിഴ്നാട്ടിലെ ഇ.വി രാമസാമി പ്രതിമകളുടെ വീഴ്ചയ്ക്കായി കാത്തിരിക്കുക.” എന്നായിരുന്നു രാജയുടെ ട്വീറ്റ്.

എച്ച്. രാജക്കെതിരെ സര്‍ക്കാര്‍ കേസെടുക്കണമെന്ന് സത്യരാജ് പറഞ്ഞു. “ത്രിപുരയില്‍ സഖാവ് ലെനിന്റെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ അപലപിക്കുന്നു. പെരിയാറിന്റെ പ്രതിമ തകര്‍ക്കുമെന്ന് പറഞ്ഞ എച്ച്. രാജക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ കേസെടുക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു.”


Related News: നേതാവ് പറഞ്ഞു, അണികള്‍ ചെയ്തു; ബി.ജെ.പി നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റിനു പിന്നാലെ തമിഴ്‌നാട്ടില്‍ പെരിയാറിന്റെ പ്രതിമ തകര്‍ത്തു (ചിത്രങ്ങള്‍)


 

“പെരിയാര്‍ ഒരു ശിലയല്ല, ഒരു പേരല്ല, മജ്ജയും മാംസവും കൊണ്ടുണ്ടാക്കിയ ശരീരമല്ല. പെരിയാര്‍ ഒരു തത്ത്വമാണ്. പണിയെടുക്കുന്നവന്റെ, സ്ത്രീകളുടെ സ്വാതന്ത്ര്യത്തുനു വേണ്ടി, അന്ധവിശ്വാസങ്ങള്‍ ഇല്ലാതാക്കാന്‍ വേണ്ടി… സൃഷ്ടിക്കപ്പെട്ട ആശയമാണ് പെരിയാര്‍”, അദ്ദേഹം പറയുന്നു.

“പെരിയാര്‍ ഒരു പ്രതിമയായല്ല ജീവിക്കുന്നത്; ഞങ്ങളുടെ ഹൃദയത്തിലാണ് ജീവിക്കുന്നത്. അധികാരം കൊണ്ടോ കരുത്തു കൊണ്ടോ പട്ടാളത്തെകൊണ്ടോ ഞങ്ങളുടെ ഹൃദയത്തില്‍ നിന്നും പെരിയാറെ അകറ്റാന്‍ നിങ്ങള്‍ക്കു കഴിയില്ല. സമയവും തീയതിയും പറഞ്ഞാല്‍ പെരിയാറിന്റെ അനുയായികള്‍ നിങ്ങളെ നേരിടാന്‍ തയ്യാറാണ്.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ, എച്ച്. രാജ മാപ്പു പറയണമെന്നും തമിഴ്‌നാട് സര്‍ക്കാര്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്നും സത്യരാജ് പ്രതികരിച്ചു.


Related News :പശ്ചിമ ബംഗാളില്‍ ജനസംഘം നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമയ്ക്ക് നേരെ ആക്രമണം


ഒരു തമിഴ് ചിത്രത്തില്‍ സത്യരാജ് പെരിയാറിന്റെ വേഷത്തില്‍ അഭിനയിച്ചിട്ടുമുണ്ട്. എച്ച്. രാജക്കെതിരെ സത്യരാജിന്റെ പ്രതികരണമായുള്ള വീഡിയോ മകന്‍ സിബിരാജാണ് പുറത്തുവിട്ടത്.

ബി.ജെ.പി നേതാവ് എച്ച്. രാജയുടെ ഫേസ്ബുക്ക് പോസ്റ്റിനു പിന്നാലെ സാമൂഹ്യ പരിഷ്‌കര്‍ത്താവ് ഇ.വി.ആര്‍ രാമസ്വാമിയുടെ (പെരിയാര്‍) പ്രതിമ ചിലര്‍ തകര്‍ത്തിരുന്നു. അവരില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.